വളരെ കുറച്ച് സിനിമകളിലൂടെ മലയാളിക്ക് പരിചിത മുഖമായി മാറിയ നടനാണ് ലുഖ്മാന്‍ അവറാന്‍. അടുത്ത കാലത്തിറങ്ങിയ ശ്രദ്ധേയമായ ഭൂരിഭാഗം ചിത്രങ്ങളിലും ലുഖ്മാൻ തന്റേതായ ഇടം കണ്ടെത്തിയിരുന്നു. അടുത്തിടെയാണ് ലുഖ്മാന്‍ വിവാഹിതനായത്. താരത്തിന്റെ വിവാഹവാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലും ശ്രദ്ധനേടിയിരുന്നു. എന്നാൽ , ഒരു വിഭാഗം ആളുകള്‍ നിറത്തിന്റെ പേരില്‍ താരത്തെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും അത്തരം കമന്റുകൾ നിറഞ്ഞിരുന്നു. അതിനെ കുറിച്ച് ദിവസങ്ങള്‍ക്ക് ശേഷം പ്രതികരിച്ചിരിക്കുകയാണ് നടൻ. ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ബോഡിഷെമിംഗിനെതിരെ തുറന്നടിച്ചത്.
ലുഖ്മാന്റെ വാക്കുകൾ:
വളരെ ചെറിയൊരു വിഭാഗം ആളുകളാണ് മോശം കമന്റുകൾ ഇട്ടത്. ബാക്കിയുള്ളവരൊക്കെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. അത്തരം മോശം ചിന്താഗതിയുള്ളവർക്ക് മനപൂര്‍വമാണ് മറുപടി നൽകാതിരുന്നത്. അത്തരക്കാർ മറുപടി പോലും അര്‍ഹിക്കുന്നില്ല. മാത്രമല്ല പ്രതികരിച്ചാല്‍ ആ ആളുകള്‍ക്ക് വിസിബിലിറ്റി കിട്ടും.
ആളുകളുടെ മനസ്സില്‍ പതിഞ്ഞുപോയ ചില തെറ്റുകളുണ്ട്. ആ തെറ്റുകളാണ് അവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്. ഞാനും പണ്ട് ഇങ്ങനെ കളിയാക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ടാവണം. പക്ഷെ, ഇപ്പോള്‍ അതൊക്കെ തെറ്റാണെന്ന് മനസിലാക്കാൻ സാധിക്കും. അതുകൊണ്ടു തന്നെ തലമുറമാറ്റം അറിയാത്ത ആളുകളോട് പ്രതികരിക്കാന്‍ തല്‍ക്കാലം എനിക്ക് സമയമില്ല.
‘കെ എൽ 10 പത്ത്’ എന്ന സിനിമയിലൂടെ ആണ് ലുഖ്മാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. ‘ഓപ്പറേഷൻ ജാവ’ എന്ന സിനിമയിലെ ലുഖ്മാന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ആരാധകരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.
Post Your Comments