വിഘ്നേശ് ശിവൻ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതൽ’. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിൽ വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. സംവിധായകൻ തന്നെ വരികളെഴുതിയ ‘ഡിപ്പാം ഡപ്പാം’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. അനിരുദ്ധ് സംഗീതം നിർവ്വഹിച്ച ഗാനം അന്തോണി ദാസനും അനിരുദ്ധും ചേർന്നാണ് പാടിയിരിക്കുന്നത്.
റാംബോ എന്ന കഥാപാത്രമായി വിജയ് സേതുപതി എത്തുമ്പോൾ നയൻതാര കൺമണിയായും സാമന്ത ഖദീജയായും എത്തുന്നു. സാമന്തയും, നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതൽ’.
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് നിർമാണം. കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്.
Post Your Comments