വിൻസി അലോഷ്യസ് ബോളിവുഡിലേക്ക്: ഹിന്ദി പഠിച്ചെടുക്കാൻ ബുദ്ധിമുട്ടിയെന്ന് താരം

വളരെ കുറച്ച് കാലം കൊണ്ട് തന്നെ മലയാളി മനസിൽ ഇടം പിടിച്ച നായികയാണ് വിൻസി അലോഷ്യസ്. നിരവധി സിനിമകളിൽ നായിക വേഷത്തിലടക്കം തിളങ്ങിയ നടി ഇനി ബോളിവുഡിലും ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ്. ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്’ എന്ന ഹിന്ദി ചിത്രത്തിൽ നായികയായാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന് നടക്കും.

ചിത്രത്തിൽ ഒരു മലയാളിയായ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് വിൻസി പറയുന്നു. എന്നാൽ , 95 ശതമാനം സംഭാഷണങ്ങളും ഹിന്ദിയിൽ തന്നെയാണ്. സിനിമയ്ക്ക് വേണ്ടി ഹിന്ദി പഠിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും താരം പറഞ്ഞു. ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്’ എന്ന സിനിമയുടെ പ്രോജക്ട് ഹെഡ് എഡിറ്റർ രഞ്ജൻ എബ്രഹാം വഴിയാണ് തനിക്ക് ഈ സിനിമയിലേക്ക് അവസരം ലഭിച്ചതെന്നും വിൻസി കൂട്ടിചേർത്തു.

മലയാളത്തിലെ റിയാലിറ്റി ഷോ ആയ ‘നായികാ നായകനി’ലൂടെയാണ് വിൻസി ശ്രദ്ധിക്കപ്പെട്ടത്. ‘സോളമന്റെ തേനീച്ചകൾ’ എന്ന സിനിമയാണ് താരത്തിന്റേതായി പുറത്തു വരാനിരിക്കുന്നത് ചിത്രം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്.

Share
Leave a Comment