
ബോളിവുഡിനെയാകെ ആഘോഷത്തിലാഴ്ത്തിയാണ് ആലിയ ഭട്ടും റൺബീർ കപൂർ വിവാഹിതരായത്. ഇപ്പോൾ, വിവാഹ ആഘോഷങ്ങൾക്ക് ശേഷം ആലിയ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് പോകുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കരൺ ജോഹർ ചിത്രം ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ യുടെ ലൊക്കേഷനിലേക്കുള്ള യാത്രക്കായി മുംബൈ എയർപോർട്ടിലെത്തിയതായിരുന്നു ആലിയ. രൺവീർ സിങ്ങാണ് ചിത്രത്തിൽ ആലിയയുടെ നായകനായെത്തുന്നത്.
വിമാനത്താവളത്തിലേക്ക് കടക്കുന്നതിന് മുമ്പ് താരം ക്യാമറകൾക്ക് മുഖം കൊടുത്തു. പിങ്ക് ചുരിദാറിൽ അതീവസുന്ദരിയായിട്ടായിരുന്നു നടി എത്തിയത്. ഷബാന ആസ്മി, കരൺ ജോഹർ എന്നിവരും ആലിയയ്ക്കൊപ്പം വിമാനത്താവളത്തിലുണ്ടായിരുന്നു. രൺബീർ കപൂറും വിവാഹത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഞായറാഴ്ച ഷൂട്ടിംഗ് ലൊക്കേഷനിലെത്തി ജോലി വീണ്ടും തുടങ്ങിയിരുന്നു.
ഏപ്രിൽ 14 നായിരുന്നു ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. അഞ്ചു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായത്. അടുത്ത സുഹൃത്തുക്കളെയും കൂട്ടുകാരെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ സ്വകാര്യമായ ചടങ്ങിലാണ് താരവിവാഹം നടന്നത്. വിവാഹ ശേഷം ഇരുവരും പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഹൽദി, മെഹന്ദി, സംഗീത് ആഘോഷങ്ങളുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.
Post Your Comments