നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകമനസ് കീഴടക്കിയ നടനാണ് വിനീത്. 1985 ൽ പുറത്തിറങ്ങിയ ഐ.വി ശശിയുടെ ഇടനിലങ്ങളിലൂടെയാണ് വിനീത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ചു. എന്നാൽ , തനിക്ക് നഷ്ടമായ ഒരു വേഷത്തെ കുറിച്ചുള്ള വിവരം പങ്കുവച്ചിരിക്കുകയാണ് വിനീതിപ്പോൾ.
വൈശാലിയിലെ ഋഷ്യശൃംഗന്റെ വേഷം അഭിനയിക്കാൻ ആദ്യം വിനീതിനെയായിരുന്നു കാസ്റ്റ് ചെയ്തത്. എന്നാൽ , പിന്നീട് ആ പ്രോജക്ട് നിന്നു പോയെന്നും അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും വിനീത് പറയുന്നു.കാൻചാനൽമീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
വിനീതിന്റെ വാക്കുകൾ:
1984ൽ ഭരതൻ സാർ ഋഷ്യശൃംഗന് വേണ്ടി എന്നെ വിളിച്ചിരുന്നു. എം.ടി വാസുദേവൻ സാറിന്റെ ഭാര്യ കലാമണ്ഠലം സരസ്വതി ടീച്ചറിന്റെ കീഴിൽ നൃത്തം പഠിക്കുന്ന സമയത്താണ് ഋഷ്യശൃംഗന് വേണ്ടി ഭരതൻ സാർ എന്നെ വിളിച്ചത്. എം.ടി സാറാണ് എന്നെ സജസ്റ്റ് ചെയ്തതെന്നാണ് തോന്നുന്നത്. അങ്ങനെ ഞാൻ പോയി ഭരതൻ സാറിനെ കാണുകയും സിനിമയിലേക്ക് എന്നെ ഫിക്സ് ചെയ്യുകയും ചെയ്തു. പക്ഷേ പ്രൊഡ്യൂസർക്ക് എന്തോ പ്രശ്നമുണ്ടായിരുന്നതിനാൽ ആ പ്രോജക്ട് നിന്നു പോയി.
ഋഷ്യശൃംഗൻ എന്ന ഒരു ഫുൾ പേപ്പർ ആഡ് വന്നിരുന്നു. ആ ചിത്രത്തിലെ സ്റ്റിൽ ഇപ്പോഴും ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. എനിക്കന്ന് 14 വയസാണ് പ്രായം. ചെറുതായി മീശയൊക്കെ വരുന്ന സമയമാണ്. ഋഷ്യശൃംഗനായി അഭിനയിക്കാനുള്ള തയാറെടുപ്പുകളെല്ലാം നടത്തിയതാണ്. എന്നാൽ, ആ പ്രൊജക്ട് കാൻസലായതോടെ അന്ന് ഭയങ്കര സങ്കടമായിരുന്നു.
Post Your Comments