അങ്ങനെ അത് സംഭവിച്ചു ! വെറും നാല് ദിവസം കൊണ്ട് യാഷ് ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 500 കോടി രൂപ നേടി. കന്നഡ സിനിമ മേഖലയിൽ ചരിത്രം സൃഷ്ടിച്ച് യാഷും സംവിധായകൻ പ്രശാന്ത് നീലും. തെന്നിന്ത്യൻ സിനിമാ ആസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കെ.ജി.എഫ് 2’ തിയേറ്ററുകളിൽ വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ്. ഏപ്രിൽ 14 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ച തികയുന്നതിന് മുന്നേ തന്നെ 500 കോടിയെന്ന വമ്പൻ സംഖ്യ മറികടക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ.
കണക്കുകളിങ്ങനെ:
റിലീസ് ദിനം: 165.37 കോടി
രണ്ടാം ദിവസം: 139.25 കോടി
മൂന്നാം ദിവസം: 115.08 കോടി
നാലാം ദിവസം: 132.13 കോടി
ആകെ – 551.83 കോടി
പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യാഷ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ആദ്യ ദിനം നേടിയത് 165 കോടിയാണ്. ഇന്ത്യയിൽ നിന്ന് മാത്രമായി 134.5 കോടി രൂപയാണ് സ്വന്തമാക്കിയത്. 2018ൽ പുറത്തിറങ്ങിയ കെ.ജി.എഫിന്റെ രണ്ടാം ഭാഗമാണ് ചിത്രം. 100 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയത്. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകളിൽ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷകൾ. കൊവിഡ് വ്യാപനത്താല്‍, നിരവധി തവണ റിലീസ് തീയതി മാറ്റി വെക്കേണ്ടി വന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീര എന്ന വില്ലന്‍ കഥാപാത്രവും രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. 19 വയസ്സുകാരനായ ഉജ്വൽ കുൽക്കർണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.
Post Your Comments