നസ്രിയയെയും നാനിയെയും പ്രധാനകഥാപാത്രങ്ങളാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘അന്റെ സുന്ദരനികി’യുടെ ടീസർ ഏപ്രിൽ 20ന് റിലീസ് ചെയ്യും. ഇത് സംബന്ധിച്ച് അണിയറപ്രവർത്തകർ രണ്ട് പോസ്റ്ററുകൾ പുറത്തിറക്കി. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവീസിന്റെ ബാനറിൽ നവീൻ യേർനേനി, രവിശങ്കർ വൈ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ജൂൺ 10 ന് മൂന്ന് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര് നൽകിയിരിക്കുന്നത്.
നികേത് ബൊമ്മി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രവിതേജ ഗിരിജലയാണ്. വിവേക് സാഗറാണ് സംഗീതം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. നദിയ, ഹർഷവർദ്ധൻ, രാഹുൽ രാമകൃഷ്ണ, സുഹാസ്, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നസ്രിയ അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചുവന്നത്. ഫഹദിനൊപ്പം അഭിനയിച്ച ട്രാന്‍സ് ആണ് നസ്രിയ അഭിനയിച്ച അവസാന ചിത്രം. നിര്‍മ്മാണ രംഗത്തും നസ്രിയ ഇപ്പോള്‍ സജീവമാണ്.
Post Your Comments