മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരന്‍. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. മക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചുമൊക്കെ മല്ലിക ഒരു മാധ്യമത്തിന് നല്കിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മക്കളുടെ കൂടെ താമസിക്കാത്തതിന്റെ കാരണം മല്ലിക തുറന്നു പറയുന്നു. അക്കാര്യം നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്നും അവർ പരസ്പരം നല്ല സ്നേഹത്തിലാണെന്നും മല്ലിക പറയുന്നു. അവർക്കൊപ്പം താമസിച്ചാല്‍ വല്ല ഗുസ്തിയും കാണേണ്ടി വന്നാലോ എന്ന് മല്ലിക ചിരിയോടെ പറയുന്നു. ഇടയ്ക്ക് അവർ തന്റെ അടുത്ത് വരുമെന്നും ഒരുമിച്ച് സമയം ചെലവഴിക്കുമെന്നും മല്ലിക വ്യക്തമാക്കുന്നു.
‘എന്നോടങ്ങനെ ഇംഗ്ലീഷില്‍ കടുക് വറുക്കാറില്ല അവരാരും. അലംകൃത പഠിക്കുന്ന സ്കൂളില്‍, ആ കോമ്പൗണ്ടില്‍ കയറിയാല്‍ മുതല്‍ ഇംഗ്ലീഷ് പറയണം. എല്ലാവരും അവിടെ അങ്ങനെയാണ്. എന്നാലും, മകളെ മലയാളം പറയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് രാജു. ‘അച്ഛമ്മയൊരു സൂത്രം കൊണ്ടുത്തന്നിട്ടുണ്ട് മകള്‍ക്ക്’ എന്നൊക്കെ പറഞ്ഞാല്‍ ഉടന്‍ അവള് ഇംഗ്ലീഷിലാണ് മറുപടി പറയുക. പെട്ടെന്ന് മലയാളം വരില്ല അവള്‍ക്ക്. പിന്നെ ‘നിങ്കള്, നാങ്കള്’ എന്നൊക്കെ പറയും. ഇതിലും ഭേദം ഇംഗ്ലീഷ് തന്നെയാണെന്നാണ് ഞാന്‍ പറയാറുള്ളത്. കൊച്ചുമക്കളെ മൂന്നുപേരും ഒന്നിച്ച് കിട്ടാന്‍ പാടാണ്.
ഞാന്‍ അവരുടെ കാര്യങ്ങളിലൊന്നും ഇടപെടാറില്ല. സിനിമയും ബിസിനസുമൊക്കെയായി സജീവമാണ് അവരെല്ലാം. സാരിയും സ്വര്‍ണവുമെല്ലാം സമ്മാനമായി കിട്ടാറുണ്ട്. എന്തെങ്കിലും ആവശ്യത്തിന് വിളിക്കുകയാണെങ്കില്‍ അതിന് അനുസരിച്ച് പോവാറുണ്ട്. മക്കളും കൊച്ചുമക്കളും മരുമക്കളുമെല്ലാം വാട്സാപില്‍ മെസേജ് അയയ്ക്കാറുണ്ട്. പൂര്‍ണിമയും ഞാനും ഒരേപോലെയാണ്. നോണ്‍സ്റ്റോപ്പായി സംസാരിക്കും. കുത്തും കോമയുമൊന്നുമുണ്ടാവില്ല. സംസാരം കുറവാണെങ്കിലും സുപ്രിയയ്ക്ക് സ്നേഹക്കുറവൊന്നുമില്ല. ഞാന്‍ കൊച്ചിയില്‍ ചെന്നാല്‍ അമ്മ ഒന്നും ഉണ്ടാക്കേണ്ടെന്ന് പറയും. സ്വന്തം കാര്യങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് അവരെല്ലാം. രണ്ടാളും ഡ്രൈവ് ചെയ്ത് പോയാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്’, മല്ലിക പറയുന്നു.
Post Your Comments