
‘അങ്കമാലി ഡയറീസ്’ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അപ്പാനി ശരത്ത് നിർമ്മാണ മേഖലയിലേക്കും ചുവട് വയ്ക്കാൻ ഒരുങ്ങുന്നു. സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന റോഡ് മൂവി ത്രില്ലർ ചിത്രം ‘പോയിൻ്റ് ബ്ലാങ്ക്’ എന്ന ചിത്രമാണ് ശരത്ത് നിർമ്മിക്കുന്നത്. അപ്പാനി ശരത്ത് തന്നെയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. തിയ്യാമ്മ പ്രൊഡക്ഷൻസ് എന്നാണ് പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ഈ ചിത്രത്തിൽ ശരത്തിന് പുറമെ ഡി.എം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷിജി മുഹമ്മദും നിർമ്മാണ പങ്കാളിത്തം വഹിക്കുന്നു. ബോണി അസ്സനാർ ആണ് ഈ ചിത്രത്തിനായി തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിർവഹിക്കുന്നത്.
താരത്തിന്റെ പിറന്നാൾ ദിനം കൂടിയായ വിഷു ദിവസമാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്. അഭിനയ ജീവിതത്തിൽ അഞ്ചാം വർഷം പിന്നിടുമ്പോളാണ് നടൻ കരിയറിൽ പുതിയ ഒരു തലത്തിലേക്ക് കൂടി പ്രയാണം ആരംഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്.
ഓഗസ്റ്റ് 17ന് ഗോവയിൽ ചിത്രീകരണം തുടങ്ങും. ഗോവക്ക് പുറമെ മാഹി, ചെന്നൈ, കൊച്ചി, ട്രിച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം. മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കും.
Post Your Comments