കെ.ജി.എഫ് സിനിമ ആരുടെയും യഥാർത്ഥ കഥയല്ലെന്ന് സംവിധായകൻ പ്രശാന്ത് നീൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ സിനിമയ്ക്ക് കർണാടകയിലെ യഥാർത്ഥ കെ.ജി.എഫുമായി ചുറ്റിപ്പറ്റി സംഭവിച്ച ഒരുപാട് കഥകൾ പ്രചോദനമായിട്ടുണ്ട്. അതിലൊന്നാണ് കെ.ജി.എഫിനെ വിറപ്പിച്ച റൗഡി തങ്കത്തിന്റെ കഥ. റോക്കി ഭായിയുടെ അമ്മ – മകൻ ബന്ധവും, റോക്കി എന്ന കഥാപാത്രവും സംവിധായകൻ റൗഡി തങ്കത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതിയതാണെന്നാണ് റിപ്പോർട്ടുകൾ. വീരപ്പൻ ജൂനിയർ എന്ന് വിളിപ്പേരുള്ള തങ്കത്തിന്റെ കഥയിൽ നിന്നാണ് കെ.ജി.എഫ് സിനിമ ഉണ്ടായതെന്ന് കന്നഡ പത്രങ്ങൾ പല തവണ എഴുതിയിട്ടുണ്ട്. കെ.ജി.എഫ് വീണ്ടും ചർച്ചയാകുമ്പോൾ, തങ്കത്തിന്റെ കഥ തേടി പോവുകയാണ് സിനിമാ പ്രേക്ഷകർ. അധികമാർക്കും അറിയാത്ത ആ കഥ ഇങ്ങനെ:
തങ്കം ജനിച്ചത് കർണാടകയിലാണ്. പോളിന എന്നാണ് അമ്മയുടെ പേര്. 1997ൽ പോലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ച കുപ്രസിദ്ധ കുറ്റവാളിയായിരുന്ന തങ്കം, കെ.ജി.എഫിലേക്ക് വന്നത് അമ്മയ്ക്ക് വേണ്ടിയായിരുന്നു. ജൂനിയർ വീരപ്പൻ എന്നായിരുന്നു തങ്കത്തെ അക്കാലത്തെ പുസ്തകങ്ങളും മാധ്യമങ്ങളും വിശേഷിപ്പിച്ചിരുന്നത്. 1997ൽ തന്റെ 25 ആം വയസിൽ കൊല്ലപ്പെടുമ്പോൾ, തങ്കത്തിന്റെ പേരിൽ 75 കേസുകളാണ് ഉണ്ടായിരുന്നത്.
കാലങ്ങൾക്ക് മുൻപ് കെ.ജി.എഫിൽ നിധി വേട്ട നടക്കുമ്പോൾ പല ആളുകളെയും അനധികൃതമായി പിടിച്ചു കൊണ്ടുവന്നു മൈനിങ്ങിനായി ഉപയോഗിക്കുമായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ആളുകളായിരുന്നു കൂടുതലും എത്തിയിരുന്നത്. ഇതിനിടയിൽ ഖനിയിൽ നിന്നും സ്വർണം നഷ്ടമാകുന്നതായി കണ്ടെത്തി. ആരാണ് പിന്നിലെന്നോ എങ്ങനെയാണ് സ്വർണം പോകുന്നതെന്നോ കണ്ടെത്താനായില്ല. ആളുകളെ പിടിച്ചു നിർത്തി പരിശോധന നടത്തി എങ്കിലും, അസാധാരണമായ ഒന്നും തന്നെ ലഭിച്ചില്ല. സ്വർണം വീണ്ടും മോഷണം പോകുന്നു, അത് സാധാരണ ജനങ്ങളിൽ എത്തുന്നു. ഇതോടെ, കോർപ്പറേറ്റ് കമ്പനിയും ഇന്ത്യൻ ഗവണ്മെന്റും ആകെ പരിഭ്രാന്തരായി. അന്വേഷണം അവസാനിച്ചത് തങ്കത്തിൽ ആയിരുന്നു. ഒരുകാലത്ത് മുംബൈയെ വിറപ്പിച്ചിരുന്ന തങ്കം കെ.ജി.എഫിൽ എത്തി എന്നാണ് അവർക്ക് ലഭിച്ച വിവരം. തങ്കം പക്ഷേ, ബുദ്ധിയുള്ളവനും കനിവുള്ളവനുമായിരുന്നു. മോഷ്ടിച്ച് കിട്ടുന്ന സ്വർണത്തിൽ നിന്ന് ഒരു പങ്ക് അവൻ പ്രദേശവാസികളുമായി പങ്കിടുകയും പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്തു. അവർ തങ്കത്തിനൊപ്പമായിരുന്നു.
Also Read:‘ദി ഡൽഹി ഫയൽസ്’: ദി കശ്മീർ ഫയൽസിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി
സ്വന്തം അമ്മയെ മൈനിങ് സ്ഥലത്തേക്ക് കൊണ്ടുവന്നത് കാരണം ആണ് തങ്കം മുംബൈ വിട്ട് കെ.ജി.എഫിൽ വന്നത്. പല തവണ പിടിക്കാൻ നോക്കി എങ്കിലും തങ്കത്തിനെ ആർക്കും കിട്ടിയില്ല. കെ.ജി.എഫ് ഭരിച്ച കോർപ്പറേറ്റ് ആൻഡ് ഗവണ്മെന്റ് ആളുകളെ തങ്കം റൗഡി വിറപ്പിച്ചു കൊണ്ടേ ഇരുന്നു. തങ്കത്തെ പിടികൂടാൻ കഴിയാതെ വന്നതോടെയാണ് പൊലീസ് എൻകൗണ്ടർ നടപടികൾ ആരംഭിച്ചതും, 1997ൽ തങ്കത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കിയതും.
കെ.ജി.എഫ് 2 ഷൂട്ടിംഗിനിടെ പുരോഗമിക്കുന്നതിനിടെ തന്റെ മകന്റെ പേര് ചീത്തയാക്കുന്നു എന്ന് ആരോപിച്ച് റൗഡി തങ്കത്തിന്റെ അമ്മ രംഗത്തുവന്നിരുന്നു. അതേസമയം, റൗഡി തങ്കത്തെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഉള്‍പ്പെടെയുളള അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഇത് പരിഗണിച്ച കോടതി അമ്മയുടെ ഹർജി തള്ളുകയായിരുന്നു.
Leave a Comment