കപ്പൽ മുതലാളി എന്ന ചിത്രത്തിലെ നായക വേഷത്തിന് ശേഷം പിന്നീട് റിലീസായ സിനിമകളിലൊന്നും നായകനായി അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകനും നടനുമായ രമേശ് പിഷാരടി. പിന്നീട് പല സിനിമകളിലും ഹീറോയായിട്ട് തന്നെ വിളിച്ചിരുന്നെങ്കിലും തന്നെ സംബന്ധിച്ചെടുത്തോളം അന്ന് വേറെ ഒരു ബസ്സില്‍ കയറി കുറെ ദൂരം എത്തിയിട്ടുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.
‘നായകന്റെ വേഷത്തില്‍ നിന്നും മാറി നില്‍ക്കാന്‍ രണ്ട് കാരണങ്ങളുണ്ട്. കുറച്ച് ഇടവേള ഞാനും, കുറച്ച് ഇടവേള നിര്‍മാതാക്കളും എടുത്തു. രണ്ടും കൂടിയായപ്പോള്‍ വലിയ ഇടവേളയായി. ആ സിനിമ വന്ന സമയത്ത് ഇപ്പോള്‍ വരുന്നത് പോലെ പുതിയ സിനിമകള്‍ വരാന്‍ അന്ന് സാമൂഹ്യ മാധ്യമങ്ങളോ, ഇത് കണ്ട് അഭിപ്രായങ്ങള്‍ പറയാനോ വേറെ ചുറ്റുപാടുകളില്ലായിരുന്നു. പിന്നീട് പല സിനിമകളിലും ഹീറോയായിട്ട് എന്നെ വിളിച്ചിരുന്നെങ്കിലും എന്നെ സംബന്ധിച്ചെടുത്തോളം ഞാന്‍ അന്ന് വേറെ ഒരു ബസ്സില്‍ കയറി കുറേ ദൂരം എത്തിയിട്ടുണ്ടായിരുന്നു’.
‘എന്നെ വച്ച് സിനിമയെടുക്കാൻ പറ്റുന്ന ഒരു വലിയ സംവിധായകനും വലിയ ഒരു കമ്പനിയുടെ നല്ല പടവും വരണം. പല ചെറിയ പടങ്ങളും എനിക്ക് വന്നിരുന്നു. ആ സിനിമയ്ക്ക് വേണ്ടി ഞാന്‍ അത്രയും ദിവസങ്ങള്‍ മാറ്റി വച്ചാല്‍ എനിക്ക് അന്ന് സ്റ്റേജില്‍ നിന്നും ടിവിയില്‍ നിന്നുമൊക്കെ കിട്ടുന്ന വരുമാനം ഇല്ലാതെ ആ സിനിമയ്ക്ക് വേണ്ടി നില്‍ക്കണം. അത് വീണ്ടും ആരും കാണാത്ത അവസ്ഥയുണ്ടായാല്‍ ഞാന്‍ വലിയ ദുരവസ്ഥയിലോട്ട് പോവും. അങ്ങനെയൊക്ക ആലോചിച്ചിരുന്നു’ പിഷാരടി പറഞ്ഞു.
Post Your Comments