BollywoodCinemaGeneralLatest NewsNEWSWOODs

ബോക്സ് ഓഫീസിന്റെ മോൺസ്റ്ററായി റോക്കി ഭായി: രണ്ട് ദിവസം കൊണ്ട് 300 കോടി, തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് കെ.ജി.എഫ് 2

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കെ.ജി.എഫ് 2’ തിയേറ്ററുകളിൽ വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ്. ഏപ്രിൽ 14 ന് റിലീസ് ചെയ്ത ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യാഷ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ആദ്യ ദിനം നേടിയത് 165 കോടിയാണ്. ഇന്ത്യയിൽ നിന്ന് മാത്രമായി 134.5 കോടി രൂപയാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ദിന കളക്ഷൻ പുറത്തു വിട്ടത്. രണ്ടാം ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Also Read:‘ദ ബീസ്റ്റ്’ നിരോധിക്കണമെന്ന് എംഎംകെ

2018ൽ പുറത്തിറങ്ങിയ കെ.ജി.എഫിന്റെ രണ്ടാം ഭാഗമാണ് ചിത്രം. 100 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയത്. രണ്ടാം ദിവസവും ചിത്രം 150 കോടിക്ക് മുകളിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിവസത്തേക്കാൾ കൂടുതൽ ഷോ രണ്ടാം ദിവസം ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രേഡ് അനലിസ്റ്റ് രമേശ് ബാല പറയുന്നതനുസരിച്ച്, ചിത്രത്തിന്റെ ഹിന്ദി പതിപ്പ് രണ്ടാം ദിവസം 44 കോടി രൂപ നേടി. ബിഹാർ, യു.പി എന്നിവിടങ്ങളിൽ ഷോകളുടെ എണ്ണം വർദ്ധിപ്പിച്ചു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് രണ്ട് ദിവസം കൊണ്ട് 95-96 കോടി രൂപയാണ് നേടിയിരിക്കുന്നത്.

കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകളിൽ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷകൾ. കൊവിഡ് വ്യാപനത്താല്‍ നിരവധി തവണ റിലീസ് തീയതി മാറ്റി വെക്കേണ്ടി വന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീര എന്ന വില്ലന്‍ കഥാപാത്രവും രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. 19 വയസ്സുകാരനായ ഉജ്വൽ കുൽക്കർണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.

shortlink

Related Articles

Post Your Comments


Back to top button