ചെന്നൈ: കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ചയായ വിഷയമായിരുന്നു നടന് വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാന്‍ പോയത്. കുത്തനെ ഉയർന്ന പെട്രോൾ വിലയ്ക്കെതിരെയുള്ള പ്രതിഷേധം എന്ന രീതിയിലായിരുന്നു ഇത് പ്രചരിച്ചത്. കേന്ദ്ര സർക്കാരിന്റെ മുഖത്തേറ്റ അടി, ദളപതി മാസ്, നിശബ്ദമായി രാഷ്ട്രീയം പറയുന്ന വിജയ് എന്നൊക്കെയായിരുന്നു ഇതിനെ ആരാധകർ വിശേഷിപ്പിച്ചത്. വോട്ട് ചെയ്യാൻ വിജയ് സൈക്കിളില്‍ പോയത്, പെട്രോൾ വില വർദ്ധനവിനെതിരെയുള്ള പരോക്ഷമായ പ്രതിഷേധമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി. എന്നാൽ, അന്നത്തെ വിവാദ സൈക്കിളോട്ടത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിജയ് രംഗത്ത്.
വോട്ടിംഗ് ബൂത്ത് വീടിനടുത്തായതുകൊണ്ടാണ് സൈക്കിളിൽ പോയതെന്ന് വിജയ് പറയുന്നു. വോട്ട് ചെയ്യാനിറങ്ങിയപ്പോൾ, മകന്റെ ഓര്മ വന്നതിനാലാണ് സൈക്കിള്‍ എടുത്തുകൊണ്ട് പോയതെന്നാണ് വിജയ് വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിന്റെ പ്രൊമോഷനോടനുബന്ധിച്ച് സണ്‍ പിക്ചേഴ്സിന് നൽകിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Also Read:‘ഓർമ്മയുള്ളിടത്തോളം കാലം നീ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും’: മകളുടെ ഓർമ്മയിൽ ചിത്ര
‘വീടിന്റെ പിന്നിലായിരുന്നു വോട്ടിംഗ് ബൂത്ത്. വീടിന് പുറത്ത് മകന്റെ സൈക്കിള്‍ ഉണ്ടായിരുന്നു. അവന്റെ ഓര്മ വന്നതുകൊണ്ടാണ് സൈക്കിള്‍ എടുത്തുകൊണ്ട് പോയത്. അതിനാണ് ഈ ഫ്ളാഷ് ബാക്കെല്ലാം വന്നത്. അതെല്ലാം കുഴപ്പമില്ലെന്ന് വെക്കാം. ഞാന്‍ വീട്ടില്‍ വന്നതിന് ശേഷം മകന് വിളിച്ചു ചോദിച്ചതാണ് ഹൈലൈറ്റ്. ന്യൂസെല്ലാം ഞാന്‍ കണ്ടു, എന്റെ സൈക്കിളിനൊന്നും പറ്റിയില്ലല്ലോ? എന്നാണ് അവന് ചോദിച്ചത്. ഞാന്‍ ഒന്നും പറ്റാതെ വീട്ടില്‍ വന്നത് തന്നെ വലിയ കാര്യം, നീ സൈക്കിളിനെ പറ്റിയാണോ ചോദിക്കുന്നത്, വെക്കെടാ ഫോണ്‍ എന്ന് ഞാന്‍ പറഞ്ഞു,’ വിജയ് ചിരിച്ചുകൊണ്ട് പറഞ്ഞു.
Post Your Comments