തൃശൂര്‍: മേൽശാന്തിമാർക്ക് നല്‍കിയ വിഷുകൈനീട്ട വിവാദത്തിന് പിന്നാലെ, തൃശൂരിൽ വഴിയരികിൽ തന്റെ ആഡംബര വാഹനത്തിലിരുന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിഷുകൈനീട്ടം നൽകിയ സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. താരത്തിന്റെ പെരുമാറ്റം പ്രമാണിമാരെ ഓർമിപ്പിക്കും വിധം ആണെന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ, ഈ കാല് പിടുത്തം വിവാദമാക്കിയവർ ശ്രദ്ധിക്കാതെ പോയതും കണ്ടില്ലെന്ന് നടിച്ചതുമായ മറ്റൊരു കാൽതൊട്ട് വന്ദനം ഉണ്ട്. അതും സുരേഷ് ഗോപിയുടെ തന്നെ. ഒരിക്കൽ താൻ സഹായിച്ച വയോധികയുടെ കാല് തൊട്ട് വണങ്ങുന്ന സുരേഷ് ഗോപിയെ ആണ് പുതിയ വീഡിയോയിൽ കാണാനാകുക. കടം വീട്ടാനായി 74 ആം വയസിലും ലോട്ടറി വില്പനയ്ക്കിറങ്ങിയ വയോധികയുടെ പണയത്തിലിരുന്ന വീടിന്റെ ആധാരം സുരേഷ് ഗോപി എടുത്ത് കൊടുത്തിരുന്നു. ഈ അമ്മൂമ്മയുടെ കാല് തൊട്ട് വണങ്ങുന്ന സുരേഷ് ഗോപിയെ ആണ് പ്രസ്തുത വീഡിയോയിൽ കാണുന്നത്.
‘ഒറ്റ രൂപ കൊടുത്തു ഇങ്ങോട്ട് കാലു പിടിപ്പിക്ക. ലക്ഷ കണക്കിന് രൂപ കൊടുത്തു അങ്ങോട്ട് കാല് പിടിക്ക. എന്തൊക്കെ വിനോദങ്ങളാണ് ഈ രാജാവിന്’, എന്നാണ് താരത്തിന്റെ ആരാധകർ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നത്. എറണാകുളം സ്വദേശിയായ പുഷ്പ എന്ന 74കാരി റോഡരികില്‍ ലോട്ടറി വില്‍ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറാലായിരുന്നു. കടം വീട്ടാനും കുടുംബം പുലർത്താനും വേണ്ടിയാണ് താൻ, ഈ പ്രായത്തിലും പണിക്കിറങ്ങിയതെന്ന് അമ്മൂമ്മ പറഞ്ഞതോടെ സുരേഷ് ഗോപി ഇവരെ സഹായിക്കുകയായിരുന്നു. 65,000 രൂപയ്ക്ക് ബാങ്കിൽ പണയത്തിൽ വെച്ച ആധാരം സുരേഷ് ഗോപി എടുത്ത് കൊടുക്കുകയായിരുന്നു.
അതേസമയം, തൃശൂരിലെ കൈനീട്ട വിവാദത്തിൽ സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. സംഭവം വിവാദമാകുന്നത് മാക്രികൂട്ടങ്ങൾ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘ചില വക്രബുദ്ധികള്‍ അതിനുനേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുത ഉണ്ടായി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കൈയിലേക്ക് ഒരുരൂപയാണ് വെച്ചുകൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് മേടിക്കാനുള്ള കപ്പമല്ല കൊടുത്തത്. വിഷു ഹിന്ദുവിന്റേതല്ല, ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ആചാരമാണ്. അത് മാത്രമാണ് നിര്‍വഹിച്ചത്’, സുരേഷ് ഗോപി പറഞ്ഞു.
Post Your Comments