ഹൈദരാബാദ്: പുഷ്പയുടെ വമ്പൻ വിജയത്തിന്റെ സന്തോഷത്തിലാണ് അല്ലു അർജുൻ. 2021-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി പുഷ്പ മാറി. നിലവിൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് അല്ലു. ഇപ്പോഴിതാ, തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് അല്ലു അർജുൻ. വിവാഹിതനായ രണ്ട് കുട്ടികളുള്ള ആളായിരിക്കുമ്പോൾ, എങ്ങനെയാണ് സിനിമയും കുടുംബവും ഒരുപോലെ കൊണ്ടുപോകുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അവതാരക അല്ലുവിനോട് ചോദിച്ചിരുന്നു. നർമത്തിൽ കലർത്തിയ മറുപടിയാണ് താരം നൽകിയത്.
‘എന്റെ ഭാര്യ സ്നേഹ വളരെ കർക്കശക്കാരിയാണ്. കൂടാതെ, എന്റെ വൈവാഹിക ജീവിതത്തെ തടസപ്പെടുത്താൻ എന്റെ വനിതാ ആരാധകർ ആഗ്രഹിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ വിവാഹിതനാണെന്നും എനിക്ക് കുട്ടികളുണ്ടെന്നും അവർക്കറിയാം. ഞാൻ എങ്ങനെയാണെന്ന് അറിയാൻ അവർ എന്നോടൊപ്പം ജീവിക്കണമെന്ന് എന്റെ ഭാര്യ പറയുന്നു. എങ്കിൽ അവർ ഇനി എന്റെ ആരാധകരായി തുടരില്ലെന്ന് അവൾക്ക് ഉറപ്പുണ്ട്. എനിക്ക് അവളിൽ രണ്ട് ഗുണങ്ങൾ ഏറെ ഇഷ്ടമാണ്. അവൾ വളരെ മാന്യയാണ്. രാത്രി 2 മണിക്ക് നിശാക്ലബിൽ ചിലവിട്ടാൽ പോലും, അവളെക്കുറിച്ച് അശ്ലീലമൊന്നും കേൾക്കേണ്ടി വരില്ല. അവൾക്ക് അത്രയും മാന്യതയുണ്ട്, അവൾ വളരെ സമതുലിതയാണ്’, അല്ലു അർജുൻ പറയുന്നു.
Also Read:മതതീവ്രവാദം പറയുന്നു: കുവൈറ്റിന് പിന്നാലെ ബീസ്റ്റിനെ വിലക്കി ഖത്തർ
അതേസമയം, കഴിഞ്ഞ ദിവസമാണ് താരത്തിന്റെ പിറന്നാൾ കഴിഞ്ഞത്. തന്‍റെ ഏറ്റവും അടുത്ത 50 സുഹൃത്തുക്കൾക്കൊപ്പം സെർബിയയിലെ ബെൽഗ്രേഡിൽ ആണ് താരം പിറന്നാൾ ആഘോഷിച്ചത്. താരത്തിന്‍റെ ജന്മദിനത്തിന് 100 ദിവസം മുൻപേ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. ആരാധകർ ഭക്ഷണം വിതരണം ചെയ്യുകയും അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും സംഭാവനകൾ നൽകുകയും ചെയ്തു. കൂടാതെ ആരാധകർ അല്ലു അർജുന്റെ താല്പര്യങ്ങൾ അറിഞ്ഞു വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. അല്ലു അർജുന്‍റെ പേരിൽ സാമൂഹത്തിനായി നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ആരാധകർ എപ്പോഴും മുന്നിൽ നിൽക്കാറുണ്ട്.
Post Your Comments