ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. വിജയ് – നെൽസൺ ദിലീപ്കുമാർ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്, കഴിഞ്ഞ ദിവസമാണ് കുവൈറ്റ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇപ്പോഴിതാ, ഖത്തറും ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിൽ ഇസ്ലാം തീവ്രവാദം പറയുന്നു എന്നതിനെ മുൻനിർത്തിയാണ് ഖത്തർ പ്രദർശനാനുമതി നിഷേധിച്ചത്.
‘ബീസ്റ്റ്’ എന്ന ചിത്രത്തിന് തുടർച്ചയായി വിലക്കുകൾ വന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. കുവൈറ്റിലെ നിരോധനം സിനിമയുടെ ബോക്സ് ഓഫീസിനെ വലിയ തോതിൽ ബാധിച്ചില്ലെങ്കിലും, ഖത്തറിലെ നിരോധനം ജി.സി.സി മേഖലയിലെ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചേക്കാം. നേരത്തെ, ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങളും, ഇസ്ലാമിക തീവ്രവാദം എന്ന വാക്കും ചിത്രത്തിന്റെ ട്രെയിലറിൽ കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുവൈറ്റ്, ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത്. കുവൈറ്റിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ് ഇവയെന്നാണ് വിശദീകരണം.
ഇതോടെ, വിജയ് ആരാധകർ പ്രതിഷേധ സ്വരമുയർത്തി രംഗത്ത് വന്നിട്ടുണ്ട്. സിനിമയെ അങ്ങനെ തന്നെ കാണണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. വിലക്കിനെ കുറിച്ച് ഔദ്യോഗികമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 13നാണ് ബീസ്റ്റ് തിയേറ്ററുകളിൽ എത്തുക. ഒരു മാളിൽ തീവ്രവാദികൾ സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതുമാണ് ട്രെയ്ലറിലുള്ളത്.
ചിത്രത്തിന് തമിഴ്നാട്ടിലും വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിരുന്നു. തമിഴ്നാട്ടിൽ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുസ്ലീം ലീഗ് പാർട്ടി നേതാവ് മുസ്തഫ ആണ് രംഗത്ത് വന്നത്. ബീസ്റ്റ് സിനിമയിൽ ഇസ്ലാമിസ്റ്റുകളെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നുവെന്നും സിനിമ പുറത്തിറങ്ങിയാൽ അസാധാരണ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഇയാൾ പറഞ്ഞിരുന്നു.
Post Your Comments