തമിഴ് ഹാസ്യ നടൻ ലിറ്റിൽ ജോൺ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഇന്നലെ നാമക്കൽ ജില്ലയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ധനശേഖരനെന്ന ലിറ്റിൽ ജോണിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. പള്ളിപ്പാളയത്തിനടുത്ത് മോദമംഗലം ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ഗ്രാമ കാർണിവലിൽ പങ്കെടുത്ത ശേഷം തിരിച്ച് വീട്ടിലേക്ക് പോയ ധനശേഖരൻ മരിച്ചെന്ന വാർത്തയായിരുന്നു സുഹൃത്തുക്കളെ തേടിയെത്തിയത്.
വെങ്കയം, ഐമ്പുലൻ തുടങ്ങി നിരവധി സിനിമകളിൽ ലിറ്റിൽ ജോൺ അഭിനയിച്ചിട്ടുണ്ട്. നാമക്കൽ ജില്ലയിലെ കുമാരപാളയത്തിനടുത്തുള്ള അല്ലി നായ്ക്കൻപാളയം സ്വദേശിയാണ് ധനശേഖരൻ. മൂന്നടി ഉയരമുള്ളതിനാൽ ലിറ്റിൽ ജോൺ എന്നാണ് അദ്ദേഹത്തെ സ്നേഹപൂർവ്വം എല്ലാവരും വിളിക്കുന്നത്. ഇതോടൊപ്പം, ഗ്രാമത്തിൽ നടക്കുന്ന ക്ഷേത്രോത്സവങ്ങളിലെ ഷോകളിൽ അദ്ദേഹം സ്ഥിരമായി പങ്കെടുക്കാറുമുണ്ടായിരുന്നു.
Post Your Comments