
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. വിജയ് – നെൽസൺ ദിലീപ്കുമാർ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്, കഴിഞ്ഞ ദിവസമാണ് കുവൈറ്റ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഈ ചിത്രത്തിന്റെ പ്രദർശനത്തിന് വിലക്കേർപ്പെടുത്തി കൊണ്ടുള്ള കുവൈറ്റ് സർക്കാരിന്റെ തീരുമാനം ഞെട്ടലോടെയാണ് തമിഴ്നാട്ടിലെ വിജയ് ആരാധകർ കേട്ടത്. ചിത്രത്തിൽ ഇസ്ലാം തീവ്രവാദം പറയുന്നു എന്നതിനെ മുൻനിർത്തിയാണ് ചിത്രത്തിന്മേൽ വിലക്കേർപ്പെടുത്താൻ കുവൈത്ത് തീരുമാനിച്ചിരിക്കുന്നത്.
കുവൈറ്റിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങളും, ഇസ്ലാമിക തീവ്രവാദം എന്ന വാക്കും ചിത്രത്തിന്റെ ട്രെയിലറിൽ കാണിച്ചതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ബീസ്റ്റിന്റെ നിരോധനം വിദേശ കളക്ഷനെ ബാധിക്കാനും സാധ്യതയുണ്ട്. ഇതോടെ, വിജയ് ആരാധകർ പ്രതിഷേധ സ്വരമുയർത്തി രംഗത്ത് വന്നിട്ടുണ്ട്. സിനിമയെ അങ്ങനെ തന്നെ കാണണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഒരു വിജയ് ചിത്രത്തിന് മറ്റൊരു രാജ്യത്ത് വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമായാണ്. അതിന്റെ ഞെട്ടലും ആരാധകരിൽ ഉണ്ട്. അതേസമയം, വിലക്കിനെ കുറിച്ച് ഔദ്യോഗികമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല.
ഏപ്രിൽ 13നാണ് ബീസ്റ്റ് തിയേറ്ററുകളിൽ എത്തുക. ഒരു മാളിൽ തീവ്രവാദികൾ സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതുമാണ് ട്രെയ്ലറിലുള്ളത്. നേരത്തെ റിലീസ് ചെയ്ത സിനിമയിലെ ആദ്യഗാനമായ ‘അറബികുത്ത്’ ആഗോളതലത്തിൽ ട്രെൻഡിങ് ആണ്. ഗാനം ഇതുവരെ 255 മില്യണിൽ അധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.
Post Your Comments