കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ താരമാണ് ശശാങ്കന്. കോമഡി സ്റ്റാര്‍സ്, സ്റ്റാര്‍ മാജിക്ക് തുടങ്ങിയ പരിപാടികളിലൂടെ ആരാധക പ്രീതി നേടിയ ശശാങ്കൻ മാര്‍ഗം കളി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിരുന്നു. ഇപ്പോഴിതാ, എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോൾ തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് താരം പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
ശശാങ്കന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ സ്വാഭാവികമായും പിന്നിട്ട വഴികള്‍ അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് കല്ലും മുള്ളും എല്ലാം കണ്ടിട്ടുണ്ട്. വ്യക്തിപരമായി എന്നെ വേദനിപ്പിച്ച ആരും ഇല്ല. എന്നാല്‍ സാഹചര്യ വശാല്‍ വേദനിപ്പിച്ച, അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പണ്ട്, മിമിക്രി ട്രൂപ്പിന്റെ വണ്ടിയില്‍ കിളിയായി ഞാന്‍ പോയിരുന്നു. മിമിക്രിയോടുള്ള താത്പര്യം കാരണം അവര്‍ ചെയ്യുന്നത് എല്ലാം ദൂരെ മാറി നിന്ന് നോക്കും. ഗ്രീന്‍ റൂമിലെല്ലാം പോകും’.
‘ഒരിക്കല്‍ ബോംബ് പൊട്ടുന്ന ഒരു സീനില്‍ അഭിനയിക്കുന്നതിന് വേണ്ടി അവസരം ലഭിച്ചു. ഒരുപാട് പേര് ഓടുന്ന കൂട്ടത്തില്‍ വന്ന് ഓടാന്‍ വേണ്ടി ഒന്ന് റെഡിയായി വരാനായി പറഞ്ഞു. പ്രൊഫഷണല്‍ സ്റ്റേജില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം നില്ക്കാന് കഴിയുന്ന ആ ഒരു അവസരം എന്നെ സംബന്ധിച്ച് വലിയ അഭിമാനമായിരുന്നു. റെഡിയായി വരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വേഗം ഗ്രീന്‍ റൂമില്‍ പോയി, അവിടെ ഒരാളുടെ പാന്‍കേക്ക് ഉണ്ടായിരുന്നു. അത് കുറച്ചെടുത്ത് മുഖത്തിട്ടു. അപ്പോഴേക്കും അയാള്‍ വന്ന് വഴക്ക് പറഞ്ഞു.
‘ഡാ അതൊക്കെ എന്ത് വിലയുള്ള സാധനമാണെന്നോ.. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ വേണ്ടി’ എന്ന് പറഞ്ഞ് അത് എന്റെ കൈയ്യില്‍ നിന്നും പിടിച്ച് വാങ്ങിച്ച് ഇറക്കി വിട്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത വിഷമം തോന്നി. ഒരു മിമിക്രി കലാകാരന് തന്നെയായിരുന്നു അയാളും. അത് പോലെയുള്ള ചില അനുഭവങ്ങള്‍ മാത്രമേയുള്ളൂ. സിനിമയില്‍ അപമാനങ്ങള്‍ ഒന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. അതിനും മാത്രം ദൂരം സഞ്ചരിച്ചിട്ടില്ല. സിനിമയില്‍ ഇപ്പോള്‍ നല്ല അവസരങ്ങള്‍ക്ക് വേണ്ടി നോക്കിയിരിയ്ക്കുകയാണ്’- ശശാങ്കന് പറഞ്ഞു.
Post Your Comments