റിമയുടെ വേഷത്തെ കുറ്റപ്പെടുത്തുന്നില്ല, ആ കാലുകളുടെ സൗന്ദര്യം ആസ്വദിക്കുന്നു: ലൈംഗിക ദാരിദ്ര്യം പിടിച്ച പ്രബുദ്ധ മലയാളി

മോഡേൺ വസ്ത്രം ധരിച്ച സ്ത്രീയെ കാണുമ്പോ വികാരം തോന്നുന്നു എങ്കിൽ മാറ്റേണ്ടത് വസ്ത്രം അല്ല

തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തെക്കുറിച്ചു സംസാരിക്കുന്ന നടി റിമ കല്ലിങ്കലിന്റെ വാക്കുകളേക്കാൾ ചർച്ച അവർ ഉപയോഗിച്ചിരിക്കുന്ന വസ്ത്രമാണ്. സോഷ്യൽ മീഡിയയിലെ സദാചാര ആങ്ങളമാർ ലൈംഗികതയും ബലാത്സംഗവും വർദ്ധിച്ചുവരുന്നതിനു പിന്നിലെ പ്രധാനകാരണം മോഡേൺ വസ്ത്രം ധരിച്ച പെണ്ണുങ്ങളും അവരുടെ ശരീര ഭംഗിയുമാണെന്ന വാദ പ്രതിവാദങ്ങളുമായി സജീവമായിക്കഴിഞ്ഞു.

‘സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് മോശം അനുഭവം നേരിടേണ്ടി വന്നാല്‍ അതു പറയാന്‍ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമായി ഒരിടം ഉണ്ടായിരുന്നില്ല എന്നത് അവിശ്വസനീയമായ കാര്യമാണെന്നും, ഇന്റേണല്‍ കമ്മറ്റി എന്നത് വളരെ എളുപ്പം നടപ്പിലാക്കാവുന്നതാണെന്നും’ റിമ പറയുന്ന വീഡിയോ ദി ക്യൂ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിനു താഴെ നടക്കുന്ന ചർച്ചകൾ പ്രബുദ്ധ മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ അടയാളപ്പെടുത്തുന്നുണ്ട്.

read also: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം എന്താണെന്നത് ക്ലാസെടുത്ത് എല്ലാ യൂണിയനുകളും അതിനുവേണ്ടി മുന്നിട്ടിറങ്ങുക: റിമ കല്ലിങ്കൽ

മുട്ടിനു മുകളിൽ നിൽക്കുന്ന, തുടകൾ കാണുന്ന വസ്ത്രം ധരിച്ച സ്ത്രീ എത്ര ഗൗരവതരമായ വിഷയങ്ങൾ പറഞ്ഞാലും അവരുടെ വാക്കുകൾക്ക് പകരം കാലുകൾ ആയിരിക്കും തങ്ങളുടെ കണ്ണിലും തലച്ചോറിലെന്നും തുറന്നു പറയുന്നവരോട് എന്ത് പറയാൻ. കാവ്യ ഭാവനയിൽ വെണ്ണ തോൽക്കുന്ന ഉടലായും, മുല്ലപ്പൂവിന്റെ സൗരഭ്യമായും നൂറ്റാണ്ടുകളോളം വർണ്ണിച്ച സ്ത്രീ ശരീരം വെറും ഉപഭോഗവസ്തുമാത്രമായി ചുരുക്കപ്പെടുന്നതിനു പിന്നിലെന്ത്?

‘ഞാൻ സിനിമക്ക് പോവുമ്പോഴും മാളിലേക്ക് പോവുമ്പോളും പാർക്കിലേക്കും മ്യൂസീയത്തിലേക്ക് പോവുമ്പോഴൊക്കെ കോമൺ ആയി ഉപയോഗിക്കുന്ന വസ്ത്രം ട്രൗസറാണ് ഞാനതിൽ കംഫർട്ടാണ്… എന്റെ തുടകളും മുട്ടുകളും കാണുന്നുണ്ട് അതിൽ ആർക്കും അസഹിഷ്ണുതയില്ല പക്ഷെ റിമയുടെ തുടകൾ കാണുമ്പോൾ അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണ്? ഹരാസ്സ്മെന്റും വസ്ത്രധാരണം രണ്ടും രണ്ടാണ്… ഒരു തുണി ലേശം മാറി കിടന്നാൽ ലൈംഗികതയായി എന്ന് ഉത്തേജിക്കുന്ന നിങ്ങളുടെ തലച്ചോറിനെയാണ് ചികിത്സിക്കേണ്ടത്!!!’ എന്ന് പറഞ്ഞ ഒരാൾക്ക് മറ്റൊരു വിമർശകൻ നൽകിയ മറുപടി ‘താങ്കൾക്ക് സ്ത്രീകളെ കണ്ടാൽ ഉണർവ് തോന്നാത്തത് ആരുടെയും.കുഴപ്പം അല്ല. പുരുഷന്റെ മാറും, തുടയും, വയറും,പോക്കിളും പോലെ അല്ല സ്ത്രീകളുടേത്. അതിൽ സൗന്ദര്യം ഉണ്ട്. അതു കണ്ടു പുരുഷൻ ആസ്വദിക്കുകയും ചെയ്യും. റിമയുടെ വേഷത്തെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. അതു അവരുടെ ഇഷ്ട്ടം കംഫർട്ട്. പക്ഷെ ആ കാലുകളുടെ സൗന്ദര്യം തീർച്ച ആയും ഞാൻ ആസ്വദിക്കുന്നു’- എന്നാണ്.

വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്ന മാസ്മരിക സൗന്ദര്യത്തെ, തിയറ്ററിലെ ഇരുട്ടിൽ ഭോഗിക്കുന്ന കാണികൾ. മുൻപിൽ കാണുന്ന സ്ത്രീകളെയെല്ലാം വസ്ത്രത്തിന്റെ അളവ് വച്ച് സദാചാരം പഠിപ്പിക്കാനെത്തുന്ന ആങ്ങളമാർ ജാതീയമായും മതപരമായുമുള്ള വിമർശനങ്ങളും ഉയർത്തുന്നുണ്ട്. ‘ഈ ജാതി വേഷത്തിൽ ഇരുന്നാൽ സ്റ്റഡിക്ലാസിന്റെ ആവശ്യം വരില്ല’ എന്നാണു ഒരാൾ പറഞ്ഞത്. ‘ചാക്കിട്ട് മൂടി വന്ന് അഭിപ്രായം പറഞ്ഞാ താത്തക്ക് ഇഷ്ടാവോ ? മദ്രസയിൽ ഒക്കെ എങ്ങനാ ബികിനി ആണോ? ഉസ്താദ് മാരുടെ ലീലകൾ ഇടയ്ക്കിടെ വാർത്ത ആകാറുണ്ടല്ലോ’ എന്നാണു ഒരാളുടെ കമന്റ്. ‘ഹിജാബ് ഞമ്മളെ സ്വാതന്ത്ര്യം അപ്പൊ ബാക്കിയുള്ളോരുടെ ഡ്രെസ്സൊക്കെ, അത് ഞമ്മൾ കുറ്റം പറയും’ എന്നും ചിലർ പരിഹസിക്കുന്നുണ്ട്.

‘സഹോദരി ജിഷയും, സൗമ്യയും അസിഫയുമൊക്കെ പീഡിപ്പിക്ക പെട്ടത് two പീസ് ഇട്ട കാരണം ആയിരുന്നില്ല. മോഡേൺ വസ്ത്രം ധരിച്ച സ്ത്രീയെ കാണുമ്പോ വികാരം തോന്നുന്നു എങ്കിൽ മാറ്റേണ്ടത് വസ്ത്രം അല്ല അങ്ങനെ തോന്നുന്നവന്റെ മനോനിലയാണ്’ എന്ന പുരോഗമന ചിന്ത പങ്കുവയ്ക്കുന്നവരും കുറവല്ല.

Share
Leave a Comment