പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ഐറ്റം സോങ് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സ്ത്രീവിരുദ്ധമായ സിനിമകളില്‍ അഭിനയിക്കില്ല എന്ന് വ്യക്തമാക്കിയ പൃഥ്വിരാജ് തന്നെ തന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയതിനെ ചൂണ്ടിക്കാട്ടി പലരും വിമർശനം ഉന്നയിച്ചിരുന്നു. എന്നാല്‍, ലൂസിഫറിലെ ഗാനരംഗം സ്ത്രീ വിരുദ്ധമല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്.
‘ഒരു പെണ്‍കുട്ടിയോടു വളരെ മോശമായി പെരുമാറുന്ന അവരെ ഉപദ്രവിക്കുന്ന ഒരു നായകനോടു അവര്‍ക്ക് പ്രണയം തോന്നുന്നതിനെയാണ് താന്‍ സ്ത്രീവിരുദ്ധമായി കാണുന്നത്. പെണ്‍കുട്ടികള്‍ ഗ്ലാമറസ് വേഷം ധരിച്ച് ഡാന്‍സ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായി തനിക്ക് തോന്നുന്നില്ല’- പൃഥ്വിരാജ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
read also: അസഭ്യത്തിന് നിയന്ത്രണമില്ല, കിടപ്പുമുറിയില്‍ സംസാരിക്കുന്നത് പോലെ: ജാസ്മിനു നേരെ വിമർശനം
‘എന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് കണ്ടതുകൊണ്ടാണ് ആളുകള്‍ നെറ്റി ചുളിച്ചത്. കാരണം, സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമയുടെ ഭാഗമാകാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞാന്‍ പറയുകയും എന്റെ സിനിമയിലെ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധതയാണെന്ന് ആളുകള്‍ക്ക് തോന്നുകയും ചെയ്യുന്നതുകൊണ്ടായിരിക്കാം അവര്‍ നെറ്റി ചുളിച്ചത്. ഞാനത് ഒരുപാട് വിശദീകരിച്ചതാണ്. എങ്കിലും, ഞാന്‍ വീണ്ടും എന്റെ നിലപാട് വ്യക്തമാക്കാം. എനിക്ക്, ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഗ്ലാമറസ് വേഷം ധരിച്ച് ഡാന്‍സ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായി തോന്നുന്നില്ല. സ്ത്രീവിരുദ്ധതയായി ഞാന്‍ മനസിലാക്കുന്നത് ഒരു പെണ്‍കുട്ടിയോടു വളരെ മോശമായി പെരുമാറുന്ന, അവരെ ഉപദ്രവിക്കുന്ന ഒരു നായകനോടു അവര്‍ക്ക് പ്രണയം തോന്നുന്നു എന്നൊക്കെയാണ്. എന്റെ ഇപ്പോഴത്തെ ജീവിതസാഹചര്യം വച്ച് എനിക്ക് അതിനോടു റിലേറ്റ് ചെയ്യാന്‍ പറ്റില്ല. കാരണം, ഞാനൊരു ഭര്‍ത്താവാണ്… അച്ഛനാണ്… അതുകൊണ്ടായിരിക്കാം’ – പൃഥ്വിരാജ് പറഞ്ഞു.
‘സല്‍മാന്‍ ഖാന്‍ ഷര്‍ട്ടൂരി ഡാന്‍സ് ചെയ്യുന്നതും ഒബജക്ടിഫിക്കേഷന്‍ ആണ്. കല അതില്‍ തന്നെ ഒബജക്ടിഫിക്കേഷന്‍ ആണ്. വളരെ ഭംഗിയുള്ള മരം ഒരു സന്ധ്യാസമയത്ത് ബാക്ക് ലൈറ്റില്‍ ഷൂട്ട് ചെയ്യുന്നത് ആ മരത്തെ ഒബജക്‌ട് ആക്കിയിട്ടാണ്. അതിനോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അതെ, ‘ലൂസിഫറി’ലെ അവസാന ഗാനരംഗത്ത് ഞാന്‍ സ്ത്രീസൗന്ദര്യത്തെ കാഴ്ചവസ്തുവായി ചിത്രീകരിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ സ്ത്രീവിരുദ്ധത ആഘോഷിച്ചുവെന്ന് സമ്മതിക്കില്ല’.- പൃഥ്വിരാജ് കൂട്ടിച്ചേർത്തു
Post Your Comments