CinemaGeneralLatest NewsMollywoodNEWS

തുടക്കം തന്നെ വ്യത്യസ്തം, സ്വിച്ചോൺ കർമ്മം പ്രേക്ഷകരിലൂടെ: ഒമർ ലുലുവിൻ്റെ മാസ് ആക്ഷൻ ചിത്രം പവർ സ്റ്റാറ്റിന് തുടക്കമായി

കണ്ണൂർ: ഉത്തര കേരളത്തിൻ്റെ പ്രധാന കേന്ദ്രമായ കണ്ണൂർ നഗരത്തിൻ്റെ പൊൻ തൂവലായ പയ്യാമ്പലം ബീച്ച് നിറപ്പകിട്ടാർന്ന ഒരു സായംസന്ധ്യയെ വരവേറ്റു. ഇക്കഴിഞ്ഞ മാർച്ച് 31 വൈകുന്നേരം ഏഴുമണിയോടെയാണ് കണ്ണൂർ നിവാസികൾ ഇവിടേക്ക് കുടുംബത്തോടെ എത്തിച്ചേർന്നത്. അവർക്ക് മനം നിറയെ ആസ്വദിക്കാനുള്ള ഒരു വിരുന്ന് സമ്മാനിക്കുകയായിരുന്നു മലയാള സിനിമയിലെ പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ ഒമർ ലുലു.

Also Read:മണിയുടെ പോസ്റ്റ്‌മോർട്ടം നടത്താൻ സഹായിച്ചത് രമ ചേച്ചി, കിടപ്പിലായിരുന്നു: ജഗദീഷിന്റെ ഭാര്യയെ കുറിച്ച് ഇടവേള ബാബു

ഒമർ ലുലുവിന്റെ പ്രവർസ്റ്റാർ എന്ന പുതിയ ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്ന ചടങ്ങാണ് ഇവിടെ അരങ്ങേറിയത്. സിനിമയുടെ സ്ഥിരം വ്യാകരണ ചട്ടങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു തുടക്കമാണ് ഒമർ ലുലു ഇവിടെ സംഘടിപ്പിച്ചത്. ഈ ചിത്രത്തിൻ്റെ ടാഗ് ലൈനിൽ തന്നെ മാസ് ആക്ഷൻ ചിത്രമെന്നാണ് ചേർത്തിരിക്കുന്നത്. അതുപോലെ തന്നെ, ഒരു മാസ് തുടക്കമാണ് ജനപങ്കാളിത്തത്തോടെ അവതരിപ്പിച്ചത്.

നർമ്മമുഹൂർത്തങ്ങളിലൂടെ ഹൃദ്യമായ കുടുംബകഥകൾ അവതരിപ്പിച്ച് വിജയം വരിച്ചു പോന്ന ഒമർ, വിശാലമായ ക്യാൻവാസിൽ ഒരു മാസ് ആക്ഷൻ ചിത്രമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബാബു ആൻ്റണിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കണ്ണൂർ കോർപ്പറേഷൻ ചെയർമാൻ അഡ്വ.ടി.ഓ.മോഹനൻ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ഈ ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും അണിനിരന്നു.

സ്വിച്ചോൺ കർമ്മം പ്രേക്ഷകരിലൂടെ

വലിയൊരു പുതുമസൃഷ്ടിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിക്കപ്പെട്ടത്. ഇവിടെ സന്നിഹിതരായ അയിരക്കണക്കിന് ജനങ്ങൾ ഫ്‌ളാഷ് ബൾബ് തെളിയിച്ചാണ് ഈ ചടങ്ങ് നിർവ്വഹിച്ചത്. ബാബു ആൻ്റണി ഫസ്റ്റ് ക്ലാപ്പും നൽകി. അബു സലിം, ബിനീഷ് ബാസ്റ്റ്യൻ, ശാലു റഹിം, ദിവ്യ, അമീർ നിയാസ്, ഛായാഗ്രാഹകൻ സീനു സിദ്ധാർത്ഥ്, എഡിറ്റർ ജോൺ കുട്ടി, ദാസ് കോഴിക്കോട്, കലാസംവിധായകൻ- ജിത്തു സെബാസ്റ്റ്യൻ, ആക്ഷൻ- ലിബിൻ മോഹൻ, കോറിയോഗ്രാഫർ -ദിനേശ് കാശി തുടങ്ങി നിരവധി അണിയറ പ്രവർത്തകരും വേദി പങ്കിട്ടു. തൻ്റെ അടുത്ത ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്ന നജീം കോയക്ക്‌ സംവിധായകൻ ഒമർ ലുലു ഉപഹാരം നൽകി ആദരിച്ചു.

ഡെന്നിസ് ജോസഫിൻ്റെ തിരക്കഥ

മലയാള സിനിമയ്ക്ക് കലാപരമായും സാമ്പത്തികവുമായ നിരവധി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കുകയും ദൃശ്യമാധ്യമ രംഗത്ത് പല പുതുമകളും സമ്മാനിച്ചിട്ടുള്ള, അകാലത്തിൽ വേർപെട്ടു പോയ പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ തിരക്കഥ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു ഡെന്നിസ് ജോസഫ് നമ്മെ വിട്ടു പോയത്.

 എന്നും വിസ്മയങ്ങൾ മാത്രം സമ്മാനിച്ചിട്ടുള്ള ഡെന്നിസ് ജോസഫിൻ്റെ തിരക്കഥയിൽ ഒരു ചിത്രം സംവിധാനം ചെയ്യുകയെന്നത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായിരുന്നുവെന്ന് ഒമർ ലുലു വേദിയിൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ അസാന്നിദ്ധ്യത്തിലാണെങ്കിലും ഈ മോഹം സാക്ഷാത്ക്കരിക്കുവാൻ ഇടയായതിൽ ഏറെ സന്തോഷമുണ്ടന്ന് ഒമർ വ്യക്തമാക്കി.

റോയൽ സിനിമാസ്& ജോയ് മുഖർജി പ്രൊഡക്ഷൻസ്

മാസ്റ്റർ പീസ് എന്ന മെഗാ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ റോയൽ സിനിമാസും, ബോളിവുഡിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ജോയ് മുഖർജി പ്രൊഡക്ഷൻസ്റ്റും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത നടനായ ജോയ് മുഖർജിയുടെ മകൻ സുജോയ് മുഖർജിയുടെ നേതൃത്തിലാണ് ജോയ് മുഖർജി കമ്പനി. അജയ് വാസുദേവ്, ശ്യാമപ്രസാദ് എന്നിവരാണ് ഈ കമ്പനിയുടെ അടുത്ത ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതെന്ന് റോയൽ സിനിമസ് ഉടമ സി.എച്ച് മുഹമ്മദ് പറഞ്ഞു.

‘കേരളം മനോഹരമാണ്. അതുപോലെ മലയാള സിനിമയും. റോയൽ സിനിമാസുമായി ജോയിൻ്റ് ചെയ്ത് ഇനിയും മലയാള സിനിമകൾ ചെയ്യും’, എന്ന് സുജോയ് മുഖർജി വേദിയിൽ പറഞ്ഞു. മലയാളത്തിലെ പ്രമുഖ താരങ്ങളും തമിഴ്, തെലുങ്ക്, ബോളിവുഡ്, താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കണ്ണൂർ, വയനാട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കും. സംഗീത നിശയോടെയാണ് ഈ ചടങ്ങ് സമാപിച്ചത്. ഫോട്ടോ – അജ്മൽ.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button