InterviewsLatest NewsNEWS

വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് പ്രശാന്തിന്റെ കരിയർ നശിപ്പിച്ചത്, അത് ഞങ്ങൾക്ക് പറ്റിയ തെറ്റ്: ത്യാഗരാജൻ

നടന്‍ ത്യാഗരാജന്റെ മകന്‍ എന്ന ലേബലിൽ സിനിമയിലെത്തി തൊണ്ണൂറുകളില്‍ ആരാധകരുടെ ഹരമായി മാറിയ നടനാണ് പ്രശാന്ത്. മണിരത്‌നത്തെ പോലെയുള്ള ഹിറ്റ്‌മേക്കേഴ്‌സിനൊപ്പം പ്രവർത്തിച്ച പ്രശാന്ത് വളരെ പെട്ടെന്നാണ് റൊമാന്റ് ഹീറോയുടെ നിരയിലെത്തിയത്. ഐശ്വര്യ റായി, സിമ്രന്‍, സ്‌നേഹ, ജ്യോതിക തുടങ്ങി അന്നത്തെ സൂപ്പര്‍ ഹീറോയിന്‍സ് എല്ലാം പ്രശാന്തിന്റെ നായികമാരായി. എന്നാല്‍, വിധി മറ്റൊന്നായിരുന്നു. നായക നടനായി തമിഴിൽ തിളങ്ങി നിന്ന കാലത്ത് പെടുന്നനെ പ്രശാന്ത് സിനിമകളിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങി. ദാമ്പത്യ ജീവിതത്തിലെ തകര്‍ച്ചയാണ് പ്രശാന്തിന്റെ കരിയറും നശിപ്പിച്ചത് എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ, ആദ്യമായി മകന്റെ വിവാഹ ജീവിതത്തില്‍ സംഭവിച്ചത് ഞങ്ങള്‍ക്ക് പറ്റിയ തെറ്റാണ് എന്നാണ്‌ പിതാവ് ത്യാഗരാജന്‍ പറയുന്നത്.

ത്യാഗരാജന്റെ വാക്കുകൾ :

എനിക്ക് പ്രശാന്തിനോട് ഒരു മകന്‍ എന്നതിലപ്പുറം ഉള്ള ബഹുമാനം ഉണ്ട്. എല്ലാത്തിലും വളരെ കൃത്യത കാണിച്ചിരുന്ന, എല്ലാവരോടും ബഹുമാനം ഉള്ള വ്യക്തിയായിരുന്നു പ്രശാന്ത്. പക്ഷെ അവന് പ്രതീക്ഷിച്ച നിലയില്‍ വളരാന്‍ സാധിച്ചില്ല. പ്രശാന്തിന് വേണ്ടിയാണ് ഞാന്‍ അഭിനയം നിര്‍ത്തിയത്. തന്റെ സിനിമകള്‍ മകനെ ബാധിക്കരുത് എന്നതിനാല്‍ മനപൂര്‍വ്വം സിനിമകളില്‍ നിന്നും വിട്ടു നിന്നു.

പ്രശാന്തിന്റെ കല്യാണം ഞങ്ങള്‍ക്ക് പറ്റിയ അബദ്ധമാണ്. അച്ഛനും അമ്മയും കണ്ടുപിടിയ്ക്കുന്ന പെണ്‍കുട്ടിയെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പ്രശാന്ത് പറഞ്ഞിരുന്നു. പ്രണയിച്ച് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നുവെങ്കില്‍ അവന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു. നല്ല കുടുംബമായിരുന്നു അത്. എല്ലാവരും ഡോക്ടേഴ്‌സ് ആണ്. അടുത്ത ബന്ധുവിലൂടെ വന്ന വിവാഹ ആലോചന ആയതിനാല്‍ അധികം അന്വേഷിച്ചിരുന്നില്ല. അതാണ് ഞങ്ങള്‍ പ്രശാന്തിനോട് ചെയ്ത ഏറ്റവും വലിയ തെറ്റ്. ആ പെണ്‍കുട്ടി നേരത്തെ വിവാഹം ചെയ്തതായിരുന്നു. അക്കാര്യം മറച്ച് വച്ചുകൊണ്ടാണ് പ്രശാന്തുമായുള്ള വിവാഹം നടന്നത്. അക്കാര്യം വിവാഹ മോചനം വരെയും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അതിന്റെ കുറ്റബോധം കൊണ്ടോ, മറ്റുള്ളവരുടെ സമ്മര്‍ദ്ദം കൊണ്ടോ, പ്രശാന്തിനെ ഉപേക്ഷിച്ച് പോയത് അവര്‍ തന്നെയാണ്.

പ്രശാന്തിന്റെ കല്യണവും അതിന് ശേഷം നടന്ന കഥകളും പുറത്ത് വന്നതോടെ, അവന്റെ ഒരു ആരാധകനാണ് ആ പെണ്‍കുട്ടി നേരത്തെ വിവാഹിതയായിരുന്നുവെന്ന കാര്യം ഞങ്ങളെ അറിയിച്ചത്. അതൊരു രജിസ്റ്റര്‍ വിവാഹമായിരുന്നു. ആ രജിസ്റ്റര്‍ ഓഫീസില്‍ നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോള്‍ അത് ഞങ്ങള്‍ക്ക് ബോധ്യമാവുകയും ചെയ്തു. പക്ഷെ, തങ്ങളുടെ തെറ്റ് മറച്ച് വച്ച് ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രശാന്തിന് എതിരെ കേസ് കൊടുക്കുകയും ഭീകരമായ തുക ജീവനാംശമായി ആവശ്യപ്പെടുകയും ആയിരുന്നു.

അവരുടെ കുടുംബത്തില്‍ നിറയെ ഡോക്ടര്‍മാരും വക്കീലന്മാരും എല്ലാമാണ്. ഞങ്ങള്‍ കേസ് കൊടുക്കുന്നതിന് മുന്‍പേ തന്നെ അവര്‍ കേസ് കൊടുത്തു. പക്ഷെ ഞങ്ങളെ ചതിച്ച് ആ പെണ്ണ് മറ്റൊരു വിവാഹം ചെയ്തതിന്റെ രജിസ്റ്റര്‍ ഓഫീസിലെ തെളിവുകള്‍ എല്ലാം ഹാജരാക്കിയപ്പോഴാണ് വിധി പ്രശാന്തിന് അനുകൂലമായി വന്നത്. അന്ന് അത് മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. മകന് അങ്ങനെ ഒരു കല്യാണം ചെയ്തു കൊടുത്തതില്‍ ഞാന്‍ ഇന്നും സങ്കടപ്പെടുന്നു. വിവാഹ ജീവിതത്തിലെ ടോര്‍ച്ചറിങ് ആണ് പ്രശാന്തിന്റെ കരിയറില്‍ വീഴ്ച വരാനും കാരണമായത്.

shortlink

Post Your Comments


Back to top button