InterviewsNEWSTV Shows

പരിമിതികളെക്കുറിച്ച് പറഞ്ഞ് വിഷമിക്കാറില്ല, ഇപ്പോഴത്തെ ആഗ്രഹം കുടുംബത്തെ നന്നായി കൊണ്ടു പോവുക എന്നതാണ്: സൂരജ്

ഒരു കലാ കുടുംബത്തിൽ ജനിച്ച്‌ വളര്‍ന്ന താരമാണ് നടൻ സൂരജ്. പിതാവ് നാടക നടനും മിമിക്രി ആര്‍ടിസ്റ്റുമാണ്. പിതാവിന്റെ പ്രചോദനം ഉൾക്കൊണ്ട് അഞ്ച് ക്ലാസ് മുതലാണ് സൂരജ് നാച്ചുറല്‍ ശബ്ദങ്ങള്‍ അനുകരിച്ച്‌ തുടങ്ങുന്നത്. മികച്ച പിന്തുണയായിരുന്നു സൂരജിന് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമൊക്കെ ലഭിക്കുന്നത്. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും സജീവമാണ് സൂരജ്. ഇപ്പോഴിതാ, തനിക്കും സഹോദരിക്കും ഉയരം വയ്ക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സൂരജ് മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന പടം തരും പണം എന്ന ഷോയില്‍ പങ്കെടുക്കാൻ എത്തിയപ്പോൾ.

സൂരജിന്റെ വാക്കുകൾ :

സ്‌കൂളില്‍ പോവുന്ന സമയത്താണ് ഞങ്ങളുടെ പ്രശ്നം എന്താണെന്ന് അറിയുന്നത്. ഗ്രോത്ത് ഹോര്‍മോണിന്റെ കുഴപ്പമാണ്. അച്ഛനും അമ്മയും ബ്ലഡ് റിലേഷനിലുള്ളവരാണ്. എന്നാല്‍ ലവ് മാര്യേജായിരുന്നില്ല. വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു.

അച്ഛനാണ് തങ്ങള്‍ ഇനി വലുതാവില്ലെന്ന് ആദ്യമായി പറയുന്നത്. കലാരംഗത്ത് എന്തെങ്കിലും ചെയ്തിട്ട് വലുതാവണം എന്നായിരുന്നു അന്ന് പറഞ്ഞത്. അച്ഛന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായി മനസിലായിരുന്നു. കാര്യങ്ങള്‍ മനസ്സിലായെങ്കിലും ഉയരം വയ്ക്കാത്തതില്‍ സങ്കടമൊക്കെ ഉണ്ടായിരുന്നു. ഒരിക്കല്‍ ഒരു കൂട്ടുകാരന്‍ ഉയരം കുറഞ്ഞതിന്റെ പേരില്‍ കളിയാക്കിയിരുന്നു. അത് ഏറെ വേദനിപ്പിച്ചിരുന്നു. എല്‍പി സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു. ഒരു കൂട്ടുകാരന്‍ ഹൈയ്റ്റില്ലല്ലോ എന്ന് പറഞ്ഞ് കളിയാക്കി.അത് കുറച്ച് വര്‍ഷം മനസ്സില്‍ തന്നെ കിടന്നു. ഒരിക്കല്‍ അച്ഛന്‍ സ്‌കൂളിലേയ്ക്ക് വന്നപ്പോള്‍ ഇതിനെ കുറിച്ച് പറഞ്ഞു. ഇത് കേട്ടപ്പോള്‍ അച്ഛന്റെ കണ്ണ് നിഞ്ഞു. പിന്നീട് ഇതിന്റെ പേരില്‍ തനിക്ക് പ്രശ്‌നമൊന്നും തോന്നിയില്ല

പിന്നീട് തങ്ങള്‍ ഇങ്ങനെയാണ് എന്ന് ഉള്‍ക്കൊള്ളുകയായിരുന്നു. പരിമിതികളെക്കുറിച്ച് പറഞ്ഞ് വിഷമിക്കാറില്ല. ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം കുടുംബത്തെ നന്നായി കൊണ്ടു പോവുക എന്നതാണ്. സിനിമ എനിക്ക് പുതിയൊരു ലോകമായിരുന്നു. ആഗ്രഹിച്ച് എത്തിപ്പെട്ടതാണ്. പഠിക്കുന്ന കാലത്ത് ചോദിച്ചാല്‍ തന്നെ നടനാവണം എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. കലാകാരനെന്ന നിലയില്‍ കുടുംബവും നാട്ടുകാരുമെല്ലാം മികച്ച പിന്തുണയാണ് തരുന്നത്. ഈ ഭാഗ്യം എല്ലാവര്‍ക്കും കിട്ടണമെന്നില്ല.

ചേച്ചി നൃത്തം പഠിക്കുന്നത് നോക്കി നില്‍ക്കാറുണ്ടായിരുന്നു. അങ്ങനെ ഇവനേയും നമുക്ക് ഡാന്‍സ് പഠിപ്പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും നൃത്തം പഠിപ്പിച്ചു. അരങ്ങേറ്റവും നടത്തി. അതുപോലെ ഡ്രൈവിംഗ് പഠിക്കണമെന്നും കാറോടിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. അത് ഞാന്‍ സഫലീകരിച്ചു. ബൈക്ക് എനിക്കിഷ്ടമാണ്. ഓട്ടോമാറ്റിക് കാറെടുത്താല്‍ അതില്‍ മോഡിഫിക്കേഷന്‍ നടത്താമെന്ന് പറഞ്ഞു. വീട് വെക്കണമെന്നുമുണ്ടായിരുന്നു. ലോണെടുത്താണെങ്കിലും അതും നടത്തി. അങ്ങനെ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button