ഒരു സംവിധായകന്റെ ഏറ്റവും നല്ല ടൂള്‍ ആണ് മനോജ് കെ ജയന്‍ എന്ന നടനെന്നും , അദ്ദേഹത്തെക്കുറിച്ചു പറയുമ്പോള്‍ മനസില്‍ വരുന്ന വാക്ക് സ്‌നേഹം ആണെന്നും റോഷന്‍ ആന്‍ഡ്രൂസ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയിലെ കഴിവുറ്റ നടന്മാരില്‍ ഒരാളാണ് മനോജ് കെ ജയനെന്നും അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാന്‍ രസമാണെന്നും സംവിധായകന്‍ പറയുന്നത്.
റോഷന്റെ വാക്കുകൾ :
മനോജേട്ടന്‍ എന്നു പറയുമ്പോള്‍ സ്നേഹമാണ്. ഒരു സംവിധായകന്റെ ഏറ്റവും നല്ല ടൂള്‍ ആണ് മനോജ് കെ ജയന്‍ എന്ന നടന്‍. അദ്ദേഹത്തെക്കുറിച്ചു പറയുമ്പോള്‍ മനസില്‍ വരുന്ന വാക്ക് സ്‌നേഹം ആണ്. അജിത് കരുണാകരന്‍ ഗംഭീരമായതിന്റെ മുഴുവന്‍ ക്രെഡിറ്റും മനോജേട്ടനു തന്നെയാണ്. കാരണം, അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണമാണ് ആ കഥാപാത്രത്തെ മനോഹരമാക്കിയത്.
ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തിലെ ആദ്യ ടേക്ക് ചില സാങ്കേതിക കാരണങ്ങളാല്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതൊരു നടനും ഏറ്റവും നല്ല ടേക്ക് തരുന്നത് ആദ്യ ടേക്ക് ആണെന്ന് വിശ്വസിക്കുന്ന സംവിധായകനാണ് ഞാന്‍. ലാലേട്ടന്റെയൊക്കെ ഏറ്റവും ബെസ്റ്റ് വരാറുള്ളത് ആദ്യ ടേക്കിലാണ്. ആദ്യം ചെയ്ത സംഭവം പിന്നീട് എടുക്കുമ്പോള്‍ വരില്ല. സിനിമയിലെ പെര്‍ഫോമന്‍സ് ഒരു നിമിഷത്തിലല്ലേ സംഭവിക്കുന്നത്. രണ്ടാമത്തെ ടേക്കിലേക്ക് പോകുമ്പോള്‍ അടുത്ത മാനസികാവസ്ഥയിലേക്ക് പോകും. ആദ്യത്തെ നിമിഷം സംഭവിക്കണമെന്നില്ല. സല്യൂട്ടിന്റെ ക്ലൈമാക്‌സില്‍ മനോജേട്ടന്റെ ആ ടേക്ക് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്. ലൈറ്റിന്റെ ഒരു പ്രശ്‌നം വന്നു. ഒരു തരത്തിലും അത് ഉപയോഗിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ ആയിരുന്നില്ല. പക്ഷേ, രണ്ടാമത്തെ ടേക്കും അദ്ദേഹം ഗംഭീരമായി തന്നെയാണ് ചെയ്തത്.
Post Your Comments