InterviewsLatest NewsNEWS

‘ഒരു കാലത്തും ഞാന്‍ നായകനോ സൂപ്പര്‍സ്റ്റാറോ ആവണമെന്ന് തീരുമാനിച്ചിരുന്നില്ല’: മനോജ് കെ ജയൻ

ഒരു കാലത്തും നായകനോ സൂപ്പർസ്റ്റാറോ ആകാൻ ആഗ്രഹിച്ചില്ലെന്നും, അതിനു വേണ്ട തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ലെന്നും നടൻ മനോജ് കെ ജയൻ. സാമ്പത്തികമായി കുറച്ച് അത്യാവശ്യം വന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കുറച്ച് സിനിമകള്‍ ചെയ്‌തെന്നും, അതൊക്കെ പരാജയപ്പെട്ടപ്പോഴാണ് നായക വേഷം വേണ്ടെന്നും നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും ബിഹൈൻഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

താരത്തിന്റെ വാക്കുകൾ :

ഒരു കാലത്തും ഞാന്‍ നായകനോ സൂപ്പര്‍സ്റ്റാറോ ആവണമെന്ന് തീരുമാനിച്ചിരുന്നില്ല. അതിന് വേണ്ടി ഒരു തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല. പെരുന്തച്ചന്‍, സര്‍ഗം, വളയം എന്നീ സിനിമകളില്‍ ചെയ്ത പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്ന ഒരു നടനായി മാത്രം നിന്നാല്‍ മതി എന്ന് ആഗ്രഹിച്ച് സിനിമയിലേക്ക് വന്നയാളാണ് ഞാന്‍. അതാണ് എന്റെ എക്കാലത്തെയും ആഗ്രഹം. ഇപ്പോഴും അങ്ങനെ തന്നെ തുടരുന്ന ഒരാളാണ് ഞാന്‍.

ഇടയ്ക്ക് വച്ച് കുടുബസമേതം എന്ന ചിത്രത്തിലെ നായകന്റെ വേഷം എനിക്ക് വന്നു. ആ ചിത്രം ഹിറ്റായി. നായകനായ ഒരു സിനിമ ഒരിക്കല്‍ ഹിറ്റായാല്‍ പിന്നെ അയാള്‍ നായകനായിട്ട് അവരോധിക്കപ്പെടുമല്ലോ. അങ്ങനെ ഞാനും മലയാള സിനിമയില്‍ നായകനായി. ഒരുപാട് സിനിമകളില്‍ നായക വേഷങ്ങള്‍ ചെയ്തു. ചിലത് ഹിറ്റായി, പലതും പരാജയപ്പെട്ടിട്ടുമുണ്ട്.

ഭരതേട്ടന്‍ സംവിധാനം ചെയ്ത എന്റെ സിനിമകള്‍ പോലും പരാജയപ്പെടുക എന്ന് പറഞ്ഞാല്‍ അത് എന്റെ സമയദോഷമാണെന്ന് എനിക്ക് തോന്നി. കാരണം, ഭരതേട്ടന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ച സുപ്പര്‍ ഹിറ്റായ ചമയം എന്ന ചിത്രവും വെങ്കലം എന്ന ചിത്രവും എനിക്ക് ഗുണം ചെയ്തിരുന്നു.

എന്റെ കൊച്ചിയിലുള്ള വീട് പണി കാരണം എനിക്ക് സാമ്പത്തികമായി കുറച്ച് അത്യാവശ്യം വന്നപ്പോള്‍ ഞാന്‍ ചെയ്യാന്‍ പാടില്ലാത്ത കുറച്ച് സിനിമകള്‍ ചെയ്തു. എന്റെ ഭാഗത്തും തെറ്റുണ്ട്. ആ ചെയ്ത പടങ്ങളെല്ലാം വലിയ പരാജയമായിരുന്നു. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു. ഇനി കുറച്ച് നാള്‍ വെറുതെ ഇരുന്നാലും കുഴപ്പമില്ല, നായക വേഷം വേണ്ട. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യാമെന്ന് ഞാന്‍ തീരുമാനിച്ചു. പിന്നീട് നായകന്റെ വേഷത്തിന് എന്നെ വിളിച്ചിട്ടും ഞാന്‍ പോയില്ല. അതിന് ശേഷം, എനിക്ക് തമിഴില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ എനിക്ക് കിട്ടി. തമിഴില്‍ അഭിനയിച്ചതിന് ശേഷം മലയാളത്തില്‍ മമ്മൂക്കയുടെ കൂടെയുള്ള വല്ല്യേട്ടന്‍ എന്ന പടവും ഞാന്‍ ചെയ്തു

 

shortlink

Related Articles

Post Your Comments


Back to top button