CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWS

വിനായകനെ തിരുത്താൻ അനുവദിക്കണം, അതല്ലാതെ അയാളുടെ കാലിൽ പിടിച്ച് നിലത്തടിക്കാൻ പോയാൽ ചവിട്ടുകിട്ടും: സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശം വിവാദമായിരുന്നു. ഇതേത്തുടർന്ന് നിരവധിപ്പേരാണ് വിനായകൻ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നത്. വിനായകനെ അനുകൂലിച്ച് രംഗത്ത് വന്നവർക്കെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ സനൽ കുമാർ ശശിധരൻ.

തനിക്ക് വിനായകനെ നന്നായി മനസിലാവുമെന്നും നിങ്ങളും അയാളെ മനസിലാക്കണം എന്നാണ് തന്റെ അഭ്യർത്ഥനയെന്നും സനൽ കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വിനായകന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുകയും തിരുത്താൻ അനുവദിക്കുകയുമാണ് വേണ്ടതെന്നും അതല്ലാതെ, അയാളുടെ കാലിൽ പിടിച്ച് നിലത്തടിക്കാൻ പോയാൽ ചവിട്ടുകിട്ടുമെന്നും സനൽ കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വിനായകനെപ്പോലെ സമൂഹത്തിന്റെ അരികുകളിൽ നിന്നും സ്വയം കയറി വന്ന ഒരു മനുഷ്യനോട് സംസാരിക്കുമ്പോൾ അയാളുടെ തൊണ്ടയ്ക്ക് കുത്താമെന്നുള്ള ധാർഷ്ട്യം, വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നുവീണ് മണ്ണിൽ കാലുകുത്തും മുൻപ് സ്വർണരഥങ്ങളിൽ ഇരുത്തി ആനയിക്കപ്പെടുന്നവരോട് നിങ്ങൾ കാണിക്കുമോ എന്നും സനൽ കുമാർ ചോദിക്കുന്നു.

സനൽ കുമാർ ശശിധരന്റെ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ആദ്യത്തെ പ്രണയം പതിനേഴ് വയസ്സിൽ, പക്ഷെ ഇതുവരെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല: ഗായത്രി സുരേഷ്

പദവികൾ നൽകുന്ന മുൻഗണനകളെ കുറിച്ചും അത് ഉപയോഗിച്ചുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന ആധിപത്യങ്ങളെക്കുറിച്ചും ചിന്തിക്കാതെ രാഷ്ട്രീയശരികളെക്കുറിച്ചുമാത്രം വാചാലമാകുന്ന പുരോഗമനവാദം കപടമാണ്. വിനായകൻ ഒരു അഭിമുഖത്തിൽ പറയുന്നു, താൻ എവിടെനിന്നാണ് വന്നതെന്ന് നിങ്ങൾ ഓർക്കണമെന്ന്, അതിന്റെതായ എല്ലാം എന്റെ ഉള്ളിൽ ഉണ്ടാകുമെന്ന്. തനിക്ക് റോഡിൽ കിടക്കാൻ ഇഷ്ടമാണെന്നും ഈയിടെയും ഞാൻ റോഡിൽ കിടന്നിട്ടാണ് വന്നതെന്നും അയാൾ പറയുന്നുണ്ട്. ആരും ശ്രദ്ധിച്ചുകാണില്ല. അല്ലെങ്കിൽ അത് ഒരു തമാശയായി എടുത്തിട്ടുണ്ടാകും. ആരുടെ കുറ്റമാണത്? ഒരാളുടെ വാക്കുകളിൽ നിന്നും നിങ്ങൾക്ക് വേണ്ടത് മാത്രം ഗൗരവമായെടുക്കുകയും നിങ്ങൾക്ക് ചർച്ചചെയ്യാൻ ഇഷ്ടമില്ലാത്തത് അവഗണിക്കുകയും ചെയ്യുന്നത് നിങ്ങളുടെ തന്നെ കുറ്റമല്ലേ?

വിനായകനെപ്പോലെ സമൂഹത്തിന്റെ അരികുകളിൽ നിന്നും സ്വയം കയറി വന്ന ഒരു മനുഷ്യനോട് സംസാരിക്കുമ്പോൾ അയാളുടെ തൊണ്ടയ്ക്ക് കുത്താമെന്നുള്ള ധാർഷ്ട്യം വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നുവീണ് മണ്ണിൽ കാലുകുത്തും മുൻപ് സ്വർണരഥങ്ങളിൽ ഇരുത്തി ആനയിക്കപ്പെടുന്നവരോട് നിങ്ങൾ കാണിക്കുമോ? ഇല്ല! ഇല്ല! ഇല്ല! എന്ന് തന്നെയാവും നിങ്ങൾപോലും ഉത്തരം പറയുക. ഇന്നലെ ഒരു പോസ്റ്റെഴുതിയപ്പോൾ അതിനടിയിൽ ആരുടെയോ ഒരു കമെന്റ് കണ്ടു, ഇതാ മറ്റൊരു വിനായകനെന്ന്. പറഞ്ഞതിൽ നിന്നും വഴിമാറ്റിവിടാനുള്ള ശ്രമം കണ്ടപ്പോൾ “പോടാ മൈരേ” എന്ന് റിഫ്ളക്സ് പോലെ ഒരു മറുപടി എഴുതിയെങ്കിലും പിന്നീട് അത് മായ്ച്ചു കളഞ്ഞു. കമെന്റെഴുതിയ ആൾക്ക് എന്നെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും അയാൾ എഴുതിയത് ശരിതന്നെയല്ലേ എന്ന് പിന്നീട് ചിന്തിച്ചു. അതെ എനിക്ക് വിനായകനെ മനസിലാക്കുന്നത് അതുകൊണ്ട് തന്നെയാണ്.

ദൈവത്തെ പോലെ കണ്ടിട്ടും പാച്ചിക്കയെ പറ്റിച്ചു, അദ്ദേഹത്തെ ചതിക്കാന്‍ പോവുന്നത് പോലെ തോന്നി: ലാല്‍

തകർന്നുപോയ ഒരു നായർ തറവാടിലാണ് ഞാൻ ജനിച്ചത്. അപ്പൂപ്പൻമാർ ആനപ്പുറത്തേറിയതിന്റെ തഴമ്പുമായി നടക്കുന്ന ബന്ധുക്കളുടെ ഇടയിൽ ഉടുതുണിക്ക് മറുതുണിയില്ലാത്ത വീട്ടിൽ. ഒരു പറമ്പിൽ നിറഞ്ഞു നിൽക്കുന്ന ചെറിയ മൺവീട്ടിൽ. മിക്കവാറും ചീത്തവിളികളുടെയും തമ്മിലടികളുടെയും പൂരപ്പറമ്പിൽ. കക്കൂസില്ലാത്തതിനാൽ തൊട്ടപ്പുറത്തെ ബന്ധുവിന്റെ കാടുപിടിച്ച തോട്ടത്തിൽ ഞങ്ങൾ കുട്ടികൾ മലവിസർജ്ജനം നടത്തുന്നതിനെ ചൊല്ലിയോ, വാടി വീഴുന്ന ചക്കയോ തേങ്ങയോ ഞങ്ങൾ ഓടിച്ചെന്നെടുത്തതിനെ ചൊല്ലിയോ ആയിരിക്കും വഴക്കുകൾ, ബഹളങ്ങൾ. ഇല്ലായ്മയുടെ വരിഞ്ഞു മുറുക്കലുകൾക്കപ്പുറം വളരാനുള്ള മനുഷ്യന്റെ സ്വാഭാവിക ചോദനയായ സ്വപ്നങ്ങളെപ്പോലും കളിയാക്കി ഇല്ലാതാക്കിയിരുന്ന കാലം. അവഗണയുടെയും കുത്തുവാക്കുകളുടെയും സഹതാപം നിറഞ്ഞ നോട്ടങ്ങളുടെയും ആയിരം ചങ്ങലകൾ പൊട്ടിച്ചാണ് സിനിമ എന്ന സ്വപ്നവുമായി ഞാൻ നടന്നിരുന്നത്.

നടക്കില്ല നടക്കില്ല നടക്കില്ല എന്ന് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല കാക്കയും പൂച്ചയും വരെ കളിയാക്കിച്ചിരിച്ചിരുന്ന കാലം കടന്നുപോരുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന തൊലിക്കട്ടി ചിലപ്പോൾ എനിക്കു തന്നെ വിനയായി തീരുന്നതും അറിഞ്ഞിട്ടുണ്ട്.
നടക്കില്ല നടക്കില്ല എന്ന പിടിച്ചു താഴ്ത്തലുകളിൽ നിന്നും തെന്നിയുയർന്ന് ജീവനും ശ്വാസവും പണയംവെച്ച് ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ചെറുസിനിമകൾ ചെയ്ത്, നടക്കും നടക്കുമെന്ന് കാണിച്ചിട്ടും ചിരിക്കുന്ന ചുണ്ടുകളുടെ കോണിൽപ്പോലും പുച്ഛത്തിന്റെ തുപ്പൽ ഞാൻ കണ്ടിട്ടുണ്ട്. അർഹമായതെന്ന് നൂറുശതമാനം ഉറപ്പുള്ള അംഗീകാരങ്ങളിൽ നിന്നും പദവികളുടെ സ്വാധീനമുള്ളവർക്കായി മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. ആദ്യസിനിമയ്ക്ക് മികച്ച സംവിധായകനുള്ള അവാർഡ് കിട്ടിയിട്ടും രണ്ടാമത്തെ സിനിമയ്ക്ക് മികച്ച സിനിമയ്ക്കുള്ള അവാർഡ് കിട്ടിയിട്ടും മൂന്നാമത്തെ സിനിമയ്ക്ക് മികച്ച സിനിമയ്ക്കുള്ള എണ്ണം പറഞ്ഞ അന്തർദേശീയ അവാർഡുകൾ കിട്ടിയിട്ടും ഇനിയില്ല ഇനിയില്ല എന്ന് എന്നെ പിടിച്ചു താഴ്ത്തുന്ന നീരാളിക്കൈകളെ ഞാൻ കണ്ടിട്ടുണ്ട്.

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി: സുവര്‍ണ ചകോരം ‘ക്ലാര സോള’യ്ക്ക്

നാലാമത്തെ സിനിമയ്ക്ക് അർഹമായ സർക്കാർ സബ്‌സിഡി നിഷേധിച്ചപ്പോൾ പരാതിപറയാൻ അന്നത്തെ സിനിമാമന്ത്രിയായ എകെ ബാലനെ കാണാൻ അയാളുടെ ഔദ്യോഗിക വസതിയിൽ പോയ എന്നെ വരാന്തയിൽ പോലും കയറ്റാതെ ഇറക്കിവിട്ടിട്ടുണ്ട്. നടക്കില്ല നടക്കില്ല എന്ന നീരാളിപ്പിടുത്തം വരുന്നത് കുലമഹിമകളുടെയും പണക്കൊഴുപ്പിന്റെയും അധികാരമത്തിന്റെയും അന്തപ്പുരങ്ങളിൽ നിന്നാണെന്ന് എനിക്കറിയാം. അപ്പോഴൊക്കെയും കക്കൂസില്ലാത്തതിനാൽ അടുത്തപറമ്പിൽ തൂറാൻ പോയിരുന്ന ചെറിയ കുട്ടിയായിട്ടുണ്ട് ഞാൻ. വഴക്കുണ്ടാക്കിയിട്ടുണ്ട് ചീത്തപറഞ്ഞിട്ടുണ്ട് എന്നെ നോക്കാത്തവനെ ഞാനും നോക്കില്ല എന്ന് ശപഥമെടുത്തിട്ടുണ്ട്. അതൊക്കെ എനിക്കെതിരെയുള്ള ആയുധമാക്കി തിരിച്ചുവിടുന്ന അധികാരപ്രമത്തതയുടെ ബുദ്ധികൂർമത ഞാൻ കണ്ടിട്ടുമുണ്ട്.

നടക്കില്ല നടക്കില്ല എന്ന നീരാളിപ്പിടുത്തങ്ങളിൽ നിന്നും കുതറാനുള്ള എൻറെ ഒരേ ഒരായുധം അഹങ്കാരവും താൻപോരിമയുമായിരുന്നതിനാൽ അഹങ്കാരിയെന്നും സ്വാർത്ഥനെന്നും അപക്വനെന്നുമൊക്കെയുള്ള ഒളിയമ്പുകളെ നെഞ്ചുകൊണ്ട് തടുത്തുമാത്രമേ നടത്തിയിട്ടുള്ളു എന്ന അഭിമാനബോധം കൊണ്ടുതരുന്ന ഒരു തലക്കനം ചിലപ്പോഴെങ്കിലും എന്നിൽ തലപൊക്കുന്നതും കണ്ടിട്ടുണ്ട്. അപ്പനപ്പൂപ്പന്മാരുടെ സമ്പാദ്യം കൊണ്ടല്ല ഞാൻ ഞാനായത് എന്ന ബോധ്യം, ആരെയെങ്കിലും ചതിയിൽ പെടുത്തി അവരെ വിറ്റുജീവിക്കുന്ന ശവംതീനിപ്പക്ഷിയല്ല ഞാനെന്ന ബോധ്യം, ഉള്ളിൽ അഴുകുന്ന പൊട്ടക്കുളങ്ങൾക്ക് മേലെ പൗഡറിട്ട് മിനുക്കിയ മുഖമല്ല ഞാനെന്ന ബോധ്യം എനിക്ക് നൽകുന്ന ഒരു സിംഹാസനമുണ്ട്. അതിൽ ഞാനിരിക്കുമ്പോൾ വളിച്ച ചിരിയുമായി വന്ന് കുത്തിച്ചാടിക്കാൻ നോക്കിയാൽ ഞാനും മിക്കവാറും വിനായകനെപ്പോലെ തന്നെയാവും പ്രതികരിക്കുക.

ഒരു പടം 25ാം വര്‍ഷം ആഘോഷിക്കപ്പെടുക എന്നു പറയുന്നത് ഒരു വലിയ നേട്ടമാണ്: ഫാസിൽ

താനാരാണെന്ന് തിരിച്ചറിയാതെ അപ്പൂപ്പന്മാരുടെ ആനപ്പുറത്തഴമ്പിൽ കയറിയിരുന്ന് അനാവശ്യമായി പ്രകോപിപ്പിച്ച പത്രക്കാരനോട് വിനായകൻ അസ്വസ്ഥനായപ്പോൾ അയാൾ പറയുന്നത് ഞങ്ങൾ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഹിറ്റാവില്ലായിരുന്നു എന്നാണ്. ഇതാണ് സമൂഹത്തിന്റെ പൊതുമാനസികാവസ്ഥ. വെള്ളിക്കരണ്ടിയുമായി ജനിക്കാതെ സ്വന്തം വഴിവെട്ടിക്കയറിയ എല്ലാവരോടും അത് പറയും “നിന്നെ വളർത്തിയത് ഞങ്ങളാണ്”. ക്രൗഡ് ഫണ്ട് ചെയ്ത് സിനിമകൾ ഉണ്ടാക്കി വന്ന എന്നോടും പണമായി സഹായം ചെയ്ത ചിലർ ഇത് പറഞ്ഞിട്ടുണ്ട്. അതിൽ ഒളിച്ചിരിക്കുന്ന നടക്കില്ല നടക്കില്ല എന്ന കോറസ് കേട്ട് അസ്തമിച്ച് നിന്നിട്ടുണ്ട്. അതെ എനിക്ക് വിനായകനെ നന്നായി മനസിലാവും. നിങ്ങളും അയാളെ മനസിലാക്കണം എന്നാണ് അഭ്യർത്ഥന. അയാൾക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം, തിരുത്താൻ അനുവദിക്കണം. അതല്ലാതെ അയാളുടെ കാലിൽ പിടിച്ച് നിലത്തടിക്കാൻ പോയാൽ ചവിട്ടുകിട്ടും.

shortlink

Related Articles

Post Your Comments


Back to top button