ചെറുപ്പത്തിൽ വളരെ മെലിഞ്ഞിരുന്ന താൻ ഇരുപതുകളിൽ എത്തിയപ്പോളാണ് വണ്ണം വച്ച് തുടങ്ങിയതെന്നും, അപ്പോളേയ്ക്കും പബ്ലിക് ഫിഗര്‍ ആയത് കൊണ്ട് താങ്ങാവുന്നതിലും അധികമായ ബോഡി ഷെയിമിങ് അനുഭവിച്ചിരുന്നെന്നും ഗായിക ജ്യോത്സ്‌ന. ഇപ്പോൾ ശരീരഭാരം കുറച്ചതിനെപ്പറ്റി വെളിപ്പെടുത്തുകയാണ് ജ്യേത്സ്‌ന വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിൽ.
ജ്യേത്സ്‌നയുടെ വാക്കുകൾ :
ഞാന്‍ ചെറുപ്പത്തില്‍ വളരെ മെലിഞ്ഞ കുട്ടിയായിരുന്നു. ഏതാണ്ടൊരു പ്ലസ്ടു കാലം വരെ. സ്‌കിന്നി എന്നൊക്കെ നമ്മള്‍ പറയില്ലേ? അതുപോലൊരു കുട്ടി. നമ്മള്‍ എന്ന സിനിമയിലെ പാട്ടിനുശേഷം കുറേ അവസരങ്ങള്‍ ലഭിച്ചിരുന്നു. സിനിമയായും സ്റ്റേജ് പ്രോഗാം ആയും. അന്നു ഞാന്‍ ടീനേജറാണ്. യാത്രയും പ്രോഗ്രാമും ആയി ഒരുപാട് ബിസിയായിരുന്നു ദിവസങ്ങള്‍. കൃത്യനേരത്ത് ഭക്ഷണം കഴിക്കാന്‍ പറ്റിയെന്നു വരില്ല. വൈകി കഴിക്കുന്നതുകൊണ്ട് ചിലപ്പോള്‍ ഹെല്‍തി ഫൂഡ് ഒന്നും കിട്ടണമെന്നില്ല. അങ്ങനെ 20 കളുടെ തുടക്കത്തില്‍ ഞാന്‍ വണ്ണം വച്ചുതുടങ്ങി.
അതുവരെ ‘എന്താ, ഈ കുട്ടി ഇങ്ങനെ മെലിഞ്ഞിരിക്കുന്നത്’ എന്നു ചോദിച്ചിരുന്നവര്‍ നേരേ തിരിഞ്ഞു. ‘എന്താ ഇങ്ങനെ തടിവയ്ക്കുന്നേ’ എന്നായി. പബ്ലിക് ഫിഗര്‍ കൂടി ആയതുകൊണ്ടാകാം ബോഡി ഷെയിമിങ് താങ്ങാവുന്നതിലും ഭീകരമായിരുന്നു. ഭാഗ്യത്തിന് സോഷ്യല്‍ മീഡിയ ഇത്ര വ്യാപകമല്ല. എന്നിട്ടുപോലും ചില കമന്റുകള്‍ നമ്മുടെ കാതിലെത്തും. അതു കേള്‍ക്കുമ്പോള്‍ സ്വയം മതിപ്പൊക്കെ അങ്ങ് പൊയ്‌പ്പോകും. ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കാന്‍ പോലും മടി തോന്നും. കുറേ വര്‍ഷങ്ങളിലൂടെ ജീവിതം പാകപ്പെട്ടപ്പോള്‍ ഈ പേടിയുടെയും സ്വയം സഹതാപത്തിന്റെയൊന്നും ആവശ്യമില്ല എന്ന് തോന്നിത്തുടങ്ങി. ഞാന്‍ നന്നായി ഇരിക്കേണ്ടത് എന്റെ ആവശ്യമാണ് എന്നു ബോധ്യമായി. അപ്പോഴേക്കും ഭാരം കൂടുന്നതിന്റെ ചില്ലറ പ്രയാസങ്ങള്‍ ക്ഷീണമായും ഊര്‍ജമില്ലായ്മ ആയും അലട്ടിത്തുടങ്ങിയിരുന്നു. എത്ര കഷ്ടപ്പെട്ടായാലും ഒരു മാറ്റം വരുത്തണമെന്നു തീരുമാനിച്ചു.
വിവാഹത്തിന് ശേഷമാണ് ജീവിതരീതി കുറച്ചുകൂടി ആരോഗ്യകരമാക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. യോഗ എന്ന ജീവിതരീതി. 2014ല്‍ തിരുവനന്തപുരത്ത് താമസിച്ചിരുന്നപ്പോഴാണ് താരാ സുദര്‍ശന്‍ എന്ന യോഗ ടീച്ചറെ പരിചയപ്പെട്ടത്. യോഗ പരിശീലനം തുടങ്ങി വൈകാതെ. യോഗ ജീവിതചര്യയായി എന്നു തന്നെ പറയാം. എത്ര തിരക്കുള്ള ഷെഡ്യൂള്‍ ആണെങ്കിലും, യാത്രകളില്‍ ഒരു യോഗ മാറ്റ് കൂടി ഞാന്‍ കയ്യില്‍ കരുതി തുടങ്ങി. ഒരു ദിവസം പോലും മുടങ്ങാതെ യോഗ ചെയ്ത ആ സമയത്ത് 13 കിലോയോളം ഭാരം കുറഞ്ഞിരുന്നു.
2020ല്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ വീട്ടില്‍ ഇരിക്കാന്‍ ധാരാളം സമയം കിട്ടി. അപ്പോള്‍ യോഗ കുറച്ചുകൂടി സീരിയസ് ആയി പരിശീലിച്ചുതുടങ്ങി. അതിരാവിലെ എഴുന്നേറ്റ് യോഗ ചെയ്തുകൊണ്ടാണ് ഇപ്പോള്‍ ഓരോ ദിവസവും തുടങ്ങുന്നതു തന്നെ. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്നര മണിക്കൂര്‍ നല്ല കടുപ്പമേറിയ ആസനങ്ങളാണ് ചെയ്യുന്നത്. യോഗ പോസുകള്‍ സാവധാനം ആയി ചെയ്തു കാണുമ്പോള്‍ യോഗ വളരെ ലളിതമായ വ്യായാമമാണെന്നു തോന്നും.
Post Your Comments