ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചപ്പോൾ മേളയിലെ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം പുരസ്ക്കാരം നതാലി മെസെന്റ് സംവിധാനം ചെയ്ത കോസ്റ്റാറിക്കന്‍ ചിത്രമായ ‘ക്ലാര സോള’യ്ക്ക് ലഭിച്ചു. 20 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് ഈ പുരസ്‌കാരം.
മികച്ച സംവിധായികയ്ക്കുള്ള രജത ചകോരം ‘കാമില കംസ് ഔട്ട് ടുനൈറ്റ്’ ഒരുക്കിയ ഐനസ് മരിയ മാറിനോവ നേടി. തമിഴ് ചലച്ചിത്രമായ ‘കൂഴങ്കല്‍’ മികച്ച ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ഓഡിയന്‍സ് പോള്‍ അവാര്‍ഡിനൊപ്പം ജൂറി പുരസ്കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഈ ചിത്രത്തിനാണ്. മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം ഡിന ആമെര്‍ സംവിധാനം ചെയ്ത യു റിസെംബിള്‍ മി എന്ന ചിത്രത്തിനാണ്.
മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ആര്‍ കെ ക്രിഷാന്തിന്‍റെ ആവാസവ്യൂഹത്തിനാണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്‌എഫ്‌എസ്‌ഐ കെ ആര്‍ മോഹനന്‍ അവാര്‍ഡ് ഐ ആം നോട്ട് ദ് റിവര്‍ ഝലം എന്ന ചിത്രം ഒരുക്കിയ പ്രഭാഷ് ചന്ദ്രയും നിഷിധോ ഒരുക്കിയ താര രാമാനുജനും പങ്കിട്ടു.
നിശാഗന്ധിയില്‍ നടന്ന സമാപനച്ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം സമ്മാനിച്ചത്. സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ബോളിവുഡ് അഭിനേതാവ് നവാസുദ്ദീന്‍ സിദ്ദിഖി വിശിഷ്ടാതിഥിയായിരുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ടി പത്മനാഭന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മന്ത്രി വി എന്‍ വാസവന്‍, വി കെ പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി സുരേഷ് കുമാര്‍, ജൂറി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments