ഒരു പടം 25ാം വര്‍ഷം ആഘോഷിക്കപ്പെടുക എന്നു പറയുന്നത് ഒരു വലിയ നേട്ടമാണെന്നും, അങ്ങനെയൊരു നേട്ടമുണ്ടായതിൽ അതിയായ സന്തോഷമുണ്ടെന്നും സംവിധായകൻ ഫാസിൽ. അനിയത്തിപ്രാവിലൂടെ താൻ കൊണ്ട് വന്ന കുഞ്ചാക്കോ ബോബൻ ഇന്നും സിനിമയിൽ സജീവമായിരിക്കുന്നതിന്റെ സന്തോഷം തുറന്നു പറഞ്ഞ അദ്ദേഹം, ചിത്രത്തിൽ തങ്ങളുടെ റോൾ ഏറ്റവും ഭംഗിയായി അവതരിപ്പിച്ച മണ്മറഞ്ഞു പോയ താരങ്ങളായ ശ്രീവിദ്യ, തിലകൻ, കെപിഎസി ലളിത, കൊച്ചിൻ ഹനീഫ, ശങ്കരാടി, പറവൂർ ഭരതൻ എന്നിവരെയും അനുസ്മരിച്ചു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അനിയത്തിപ്രാവ് 25ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചത്.
ഫാസിലിന്റെ വാക്കുകൾ :
25ാം വര്‍ഷം ഒരു പടം ആഘോഷിക്കപ്പെടുക എന്നു പറയുന്നത് ഒരു വലിയ നേട്ടമാണ്. അങ്ങനെയൊരു നേട്ടമുണ്ടായതിൽ അതിയായ സന്തോഷമുണ്ട്.ആ ചിത്രത്തിലൂടെ ഞാൻ കൊണ്ടുവന്ന കുഞ്ചാക്കോ ബോബൻ ഇന്നും സിനിമയിൽ സജീവമായിരിക്കുന്നതിൽ അതിലേറെ സന്തോഷമുണ്ട്.പക്ഷേ അതിനൊപ്പം ഒരു വേദനയുമുണ്ട്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട 3 കഥാപാത്രങ്ങൾ ചെയ്ത ശ്രീവിദ്യയും തിലകനും കെപിഎസി ലളിതയും ഇന്നു നമ്മുടെ കൂടെയില്ല. അതുപോലെ തന്നെ കൊച്ചിൻ ഹനീഫ, ശങ്കരാടി, പറവൂർ ഭരതൻ എന്നിവരെയും നമുക്ക് നഷ്ടമായി. അത് വിഷമമായി നിൽക്കുമ്പോഴും ഇപ്പോഴും ചിത്രത്തിനു കിട്ടുന്ന ഈ കവറേജ് ചിത്രം അപ്ഡേറ്റ് ആയി നിൽക്കുന്നുവെന്നതിനു തെളിവാണ്. ഫ്രഷ് റിലീസ് പോലെ ആളുകൾടെ മനസിൽ നിൽക്കുന്നത് ഫിലിം മേക്കറിനു കിട്ടുന്ന സൗഭാഗ്യമാണ്.
ഒരു പ്രത്യേക കാരണങ്ങളോ സംഭവമോ ഒന്നുമല്ല കഥയ്ക്കു പിന്നിൽ, ഒരു ലവ് സ്റ്റോറി എഴുതണം എന്നു ആലോചിച്ചു. മതവിഷയങ്ങളൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല, അതൊക്കെ അണ്ടർ പ്ലേയാണ്. അവൾ ക്രിസ്ത്യാനിയാണെന്നോ അവൻ ഹിന്ദുവാണെന്നോ അതിൽ ഒരു കഥാപാത്രം പോലും എടുത്തു പറയുന്നില്ല. 25 വർഷം മുൻപ് അത്രയും ഉയർന്ന തലത്തിലാണ് ഞാനത് കണ്ടത്. ഇന്നാണെങ്കിൽ ഒരു സിനിമയിൽ അത്തരമൊരു പ്രണയം വന്നാൽ മതങ്ങളായിരിക്കും അതിൽ പ്രധാന റോളുകളിലെത്തുക. അന്നത്തെ കാലത്ത് അതു വളരെ നിസാരമായിട്ടാണ് കൈകാര്യം ചെയ്തത്.
Post Your Comments