
കെ.ജി.എഫ് ചാപ്റ്റർ 2 പ്രതീക്ഷകൾക്കെല്ലാം അപ്പുറമാണെന്ന് തെളിയിച്ചു കൊണ്ട് ‘തൂഫാൻ’ എന്ന ലിറിക്കൽ വീഡിയോ യൂടൂബിൽ തരംഗമാവുന്നു. യാഷ് അവതരിപ്പിക്കുന്ന റോക്കി എന്ന കഥാപാത്രത്തിൻ്റെ ചൂടും തീയും രവി ബസൂറിൻ്റെ മാസ്മരസംഗീതത്തിലൂടെ ആരാധക ഹൃദയങ്ങളിൽ ആളിപ്പടരുന്നു. തമിഴ് തെലുങ്ക് ഭാഷകളിലെ വാക്കുകളുടെ ഗാംഭീര്യവും ശക്തിയും മലയാളത്തിനില്ല എന്ന ധാരണയെ ഈ ഗാനം തകർത്തെറിഞ്ഞിരിക്കുന്നു. തീയുണ്ടകൾ പോലെയുള്ള വാക്കുകളും, ആലാപനത്തിൻ്റെ മികവും ഒത്തുചേർന്നപ്പോൾ നായകൻ്റെ അമാനുഷിക ശക്തി വെളിവാക്കുവാൻ ഈ ഗാനത്തിന് കഴിഞ്ഞു എന്നത് തന്നെയാണ് ഇതിൻ്റെ വിജയം.
കെ.ജി.എഫ് ചാപ്റ്റർ 1 ലെ പാട്ടുകളും തട്ടുപൊളിപ്പൻ സംഭാഷണങ്ങളും എഴുതിയ സുധാംശു തന്നെയാണ് ഇതിലെയും പാട്ടുകൾ എഴുതിയിരിക്കുന്നത്. ഇതിലെ ഗാനാലാപനത്തിന് ആര് നേതൃത്വം നൽകും എന്ന വിഷയത്തിലും വലിയ സംശയങ്ങൾ നിലനിന്നിരുന്നു. സംഗീതത്തിലെ അഗ്നി തരംഗങ്ങൾ നിലനിർത്താൻ ഒടുവിൽ അത് എത്തിച്ചേർന്നത് പവർഫുൾ പെർഫോമർ അൻവർ സാദത്തിലാണ്. ഒടുവിൽ അൻവർ സാദത്തിൻ്റെ നേതൃത്വത്തിൽ വിപിൻ സേവ്യർ ,മോഹൻ ,ശ്രുതികാന്ത് ,പ്രകാശ് മഹാദേവൻ ,ഐശ്വര്യ തുടങ്ങിയ ഗായകർ ഒത്തുചേർന്നപ്പോൾ ഈ പാട്ട് ഇടിമിന്നലിൻ്റെ പ്രകമ്പനമായി മാറുന്നു.
യൂ ടൂബിലെ ബില്യൻ ഗ്രൂപ്പിൽ ആദ്യദിവസങ്ങളിൽ തന്നെ ഇടം നേടിയ ഈ ഗാനം ഒരു സാമ്പിൾ വെടിക്കെട്ട് മാത്രമാണ്. യഥാർത്ഥ കമ്പംകെട്ട് വരാൻ പോവുന്നതേയുള്ളു എന്നാണ് കേൾക്കുന്നത്. ഏതായാലും മൂന്നുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് വിഷു ദിനത്തിൽ ചിത്രം പ്രദർശനത്തിനെത്തുമ്പോൾ തീയേറ്ററുകൾ ഇളകി മറിയും എന്നുറപ്പ്.
Post Your Comments