കൊച്ചി: ലൊക്കേഷനിൽ വരുന്നത് കളിച്ച് ചിരിച്ച് നടക്കാനല്ലെന്ന് നടൻ വിനായകൻ. കൃത്യമായ സമയത്ത് സിനിമയിൽ നിന്നും ഇടവേള എടുക്കാറുണ്ടെന്നും അത് പ്രേക്ഷകരെ വെറുപ്പിക്കാതിരിക്കാനാണെന്നും വിനായകൻ പറയുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്ത്, നവ്യ നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിനായകൻ.
‘നവ്യയോട് സംസാരിക്കാനല്ല ഞാൻ ലൊക്കേഷനിൽ വരുന്നത്. അഭിനയിക്കാനാണ്. നവ്യ എന്നല്ല ആരുമായും ഞാൻ ലൊക്കേഷനിൽ അങ്ങനെ അധികം സംസാരിക്കുന്ന ആളല്ല. രണ്ട് സിനിമകൾ ചെയ്‌താൽ കൃത്യമായി ഇടവേള എടുക്കുന്ന ആളാണ് ഞാൻ. എന്റെ മുഖം കണ്ട് കണ്ട് പ്രേക്ഷകർക്ക് ബോറടിക്കാതിരിക്കാനാണത്. നവ്യയെ കുറിച്ച് എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു കാഴ്ചപ്പാടും എനിക്കില്ല. ഇന്നാണ് നവ്യയുമായിട്ട് ഭയങ്കര കണക്ട് ആയത്. അതും ഒരു അരമണിക്കൂർ കൊണ്ട്. ഒരു വ്യക്തിയെന്ന രീതിയിൽ എനിക്ക് നവ്യയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഇപ്പോഴാണ്, പരിചയപ്പെട്ടത്’, വിനായകൻ പറയുന്നു.
Also Read:‘മതത്തെ കളിയാക്കുന്നു’: ലവ് ജിഹാദ് സിനിമയ്‌ക്കെതിരെ വിമർശനം, മുന്‍വിധി നല്ലതല്ലെന്ന് സംവിധായകൻ
താൻ പങ്കുവെയ്ക്കുന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റുകളേക്കുറിച്ചും വിനായകൻ വിശദീകരിച്ചു. മാന്യന്മാരെന്ന് നടിക്കുന്നവരെ താൻ എന്നും വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ തന്റെ സിനിമാ ജീവിതത്തിന് യാതൊന്നും തന്നെ സംഭവിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഈ ലോകത്ത് മാന്യൻ എന്ന് പറയുന്ന അമാന്യനെ ഞാൻ ചീത്ത പറയും. മാന്യൻ എന്ന് പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാൻ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും എന്റെ സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നതിന്റെ ഉദാഹരണമാണ് ഒരുത്തീ, പട എന്നീ സിനിമകൾ. കോവിഡിന്റെ മരുന്ന് ഏറ്റവും ഡേര്‍ട്ട് ആയ വിനായകൻ ആണ് ഉണ്ടാക്കുന്നത് എങ്കിൽ എല്ലാവരും എന്റെ അടുത്ത് വരും. എന്റെ പേർസണൽ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേര്‍ട്ട്. ഞാൻ അതിൽ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേർട്ട്. ഞാൻ ഭയങ്കരനാണ്’, വിനായകൻ കൂട്ടിച്ചേർത്തു.
ഫാന്‍സുകാര്‍ മണ്ടന്മാരാണെന്നും ഇവര്‍ വിചാരിച്ചാല്‍ മലയാള ചലചിത്ര മേഖലയില്‍ ഒരു സിനിമയും നന്നാകാനും ചീത്തയാകാനും പോകുന്നില്ലെന്നും വിനായകന്‍ പറഞ്ഞു. ഫാന്‍സ് ഷോ നിരോധിക്കണോ, എന്ന ചോദ്യത്തിന് ‘ഫാന്‍സിനെ തന്നെ നിരോധിക്കണം’ എന്നായിരുന്നു വിനായകന്റെ മറുപടി. ‘ആരാണ് ഈ ഫാന്‍സിനെ ചുമന്നുകൊണ്ടു നടക്കുന്നത്. ഈ ഞാനല്ലേ, എന്നെ നിങ്ങള്‍ നിരോധിക്കൂ. അപ്പോള്‍ പിന്നെ ഫാന്‍സ് ഉണ്ടാവില്ലല്ലോ’, വിനായകൻ പരിഹാസത്തോടെ പറഞ്ഞു.
Post Your Comments