കൊച്ചി: ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ലവ് ജിഹാദ്’ എന്ന സിനിമയ്ക്ക് നേരെ വിമർശനം. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിലെ ചില വാചകങ്ങൾ ഇസ്‌ലാം മതത്തെ കളിയാക്കുന്ന താരത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സൈബർ ആക്രമണവും വിമർശനവും. സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് സംവിധായകൻ.
മലയാളികള്‍ ചിന്തിക്കുന്നത് ഇപ്പോഴും നൂറുവര്‍ഷം പിറകോട്ടാണെന്ന് ബാഷ് മുഹമ്മദ് പറയുന്നു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ നെഗറ്റീവ് കമെന്റുകള്‍ വരുന്നത് സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. തനിക്കെതിരെ ഭീഷണികള്‍ വരുന്നുണ്ടെന്നും ചിന്തകളെ പിന്നോട്ട് വലിക്കാനല്ല, മുന്നോട്ട് കൊണ്ടുപോകാനാണ് കലാകാരന്മാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാനൊരു മലയാളിയാണ്. ഒരു വര്‍ഗീയ ലഹളയുണ്ടാക്കിയ ശേഷം എനിക്ക് നാളെ കേരളത്തില്‍ വന്ന് താമസിക്കാന്‍ കഴിയില്ല. ഞാന്‍ ഒരു മതത്തിനും എതിരല്ല. ലവ് ജിഹാദ് എന്ന പേരിനെതിരേയും ആക്രമണം നടക്കുന്നുണ്ട്. ജിഹാദ് എന്ന വാക്കിന് വലതുപക്ഷം നല്‍കിയ വ്യാഖ്യാനം തെറ്റാണ്. സിനിമ കാണുന്നതിന് മുമ്പ്, മുന്‍വിധിയുണ്ടാവുക എന്നത് സംവിധായകന്‍ എന്ന നിലയില്‍ അസ്വസ്ഥമാക്കുന്നതാണ്. കലാപത്തിന് ആഹ്വാനം ചെയ്യുകയല്ല ഞാന്‍ ചെയ്യുന്നത്, ഒരു സിനിമയെടുക്കുകയാണ്. സിനിമ കണ്ടതിന് ശേഷം ചർച്ചയാകാം’, സംവിധായകൻ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ലവ് ജിഹാദിന്റെ ടീസര്‍ റിലീസ് ചെയ്തത്. ലെനയും സിദ്ദിഖും തമ്മിലുള്ള ഒരു സംഭാഷണ രംഗമായിരുന്നു ടീസറില്‍ ഉള്ളത്. ‘ഇത്ര ആളുകളുടെ കണ്ണ് വെട്ടിച്ച് ഓള്‍ എങ്ങനെ മുങ്ങി’ എന്ന് സിദ്ദിഖിന്റെ കഥാപാത്രം ചോദിക്കുമ്പോള്‍, ‘പര്‍ദ്ദ ഇട്ട് അങ്ങ് പോയി’ എന്നായിരുന്നു ലെന നൽകിയ മറുപടി. ഇതാണ് വിവാദത്തിന് കാരണമായത്. ഈ രംഗം ഇസ്ലാം മതത്തെ കളിയാക്കുന്ന തരത്തിലാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Post Your Comments