ലെജന്ററി ആയിട്ടുള്ള സംവിധായകരൊന്നും അവരുടെ സിനിമകളിലേക്ക് വിളിക്കാറില്ലെന്നും, തന്നെ കൂടുതല്‍ വിളിക്കുന്നത് പുതുമുഖ സംവിധായകരാണെന്നും അനൂപ് മേനോന്‍. തന്റെ പുതിയ ചിത്രമായ 21 ഗ്രാംസിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മലയാളത്തിലെ മുന്‍നിര സംവിധായകരുടെ ചിത്രങ്ങളില്‍ തന്നെ കാണാത്തതിനെ കുറിച്ച് അനൂപ് മേനോന്‍ പറയുന്നത്.
അനൂപിന്റെ വാക്കുകൾ :
എന്നെ കൂടുതല്‍ വിളിക്കുന്നത് പുതുമുഖ സംവിധായകരാണ്. ലെജന്ററി ആയിട്ടുള്ള സംവിധായകരൊന്നും അവരുടെ സിനിമകളിലേക്ക് എന്നെ വിളിക്കാറില്ല. വളരെ കുറച്ചുപേര്‍ രഞ്ജിയേട്ടന്‍, വിനയന്‍ സാര്‍, ലാല്‍ജോസ്, പ്രിയദര്‍ശന്‍ ഇങ്ങനെ കുറച്ചുപേര്‍ മാത്രം വിളിക്കും. അല്ലാതെ മലയാളത്തിലെ മുന്‍നിര സംവിധായകരുടെ, മെയിന്‍ സ്ട്രീം എന്ന് പറയുന്ന സംവിധായകരുടെ, കൊമേഴ്‌സ്യല്‍ സംവിധായകരുടെ ഒന്നും സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല.
എന്റെ ലീഡ് റോള്‍, എന്റെ നായകവേഷം എല്ലാം പുതിയ പുതിയ കുട്ടികളുടെ കൂടെയാണ്. 1983 ചെയ്യുമ്പോള്‍ എബ്രിഡ് ഷൈനും പുതിയ ആളാണ്. വി.കെ.പി ബ്യൂട്ടിഫുള്‍ ചെയ്യുമ്പോള്‍ ആ സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യത്ത കൊമേഴ്‌സ്യല്‍ ഹിറ്റ്. വി.കെ.പിയുമായി നിരന്തരം സിനിമകളുടെ ചര്‍ച്ച നടക്കാറുണ്ടെങ്കിലും പലതും സിനിമയായി പുറത്തുവരാറില്ല. ഞാന്‍ കുറേ സിനിമകള്‍ ആലോചിട്ടുണ്ട്. അദ്ദേഹം മികച്ച ഡയരക്ടറാണ്. പദ്മ വി.കെ.പി ചെയ്യേണ്ട സിനിമയാണ്. അതുപോലെ മെഴുകുതിരി അത്താഴങ്ങളും അദ്ദേഹം ചെയ്യേണ്ടിയിരുന്ന സിനിമയാണ്. പക്ഷേ എന്തുകൊണ്ടോ അതൊക്കെ മാറിപ്പോയി.
എന്നെ തേടിവരുന്നതെല്ലാം പുതുമുഖ സംവിധായകരാണ്. ഞാന്‍ അവരില്‍ കംഫര്‍ട്ടിബിളും ആണ്. കാരണം അവര്‍ അവരുടെ ചോരയും നീരും കൊടുത്ത് ചെയ്യുന്ന സിനിമയായിരിക്കും അത്. 21 ഗ്രാംസിന്റെ തിരക്കഥ വായിച്ചപ്പോള്‍ ഇത് ഒരിക്കലും മിസ്സ് ചെയ്യരുതെന്ന് എനിക്ക് തോന്നി. അത് വിടാന്‍ പറ്റില്ലെന്ന ഉറച്ച ബോധ്യത്തിലാണ് സിനിമയുടെ ഭാഗമാകാന്‍ തീരുമാനിക്കുന്നത്.
Post Your Comments