തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തന്റെ അച്ഛന്റെ സഹോദരിമാരും വിഖ്യാത അഭിനേത്രികളും നർത്തകിമാരുമായ ലളിത-പദ്മിനി-രാഗിണിമാർക്ക് അവർ അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടിയില്ല എന്ന് നർത്തകിയും നടിയുമായ ശോഭന. ലളിത-പദ്മിനി-രാഗിണിമാരുടെ സ്മരണാർത്ഥമുള്ള എൽ പി ആർ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ശോഭന തന്റെ നൃത്ത അവതരണത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരത്ത് സൂര്യ നൃത്ത സംഗീതോത്സവത്തിന്റെ നാല്പത്തിനാലാം പതിപ്പിലാണ് നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ പ്രാവീണ്യം തെളിയിച്ച ഈ മൂവർസംഘത്തിന്റെ പ്രതിഭയ്ക്ക് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായ, പത്തു ദിവസം നീണ്ടു നിൽക്കുന്ന എൽ പി ആർ ഫെസ്റ്റിവൽ. ഇതിന്റെ ആദ്യ ദിനമായ ഇന്ന് തിരുവിതാംകൂർ സഹോദരിമാരുടെ സഹോദരന്റെ മകളായ ശോഭനയാണ് ഭരതനാട്യം അവതരിപ്പിക്കുന്നത്.
ശോഭനയുടെ വാക്കുകൾ :
പപ്പി ആന്റിയുമായിട്ടാണ് ഏറ്റവും അടുപ്പം. കുറച്ചു പദ വർണ്ണങ്ങൾ എന്നെ പഠിപ്പിക്കാം എന്ന് അവർ പറഞ്ഞിരുന്നു. പക്ഷേ അത് നടന്നില്ല. ഞാൻ പിന്നീട് അത് പഠിക്കുകയായിരുന്നു. എന്റെ ചെറുപ്പകാലത്ത് തന്നെ ഇവരിൽ രണ്ടു പേർ (ലളിത-രാഗിണി) മരിച്ചു പോവുകയും പപ്പി ആന്റി (പദ്മിനി) വിവാഹാനന്തരം അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്തതിനാൽ നൃത്തത്തിലോ അഭിനയത്തിലോ ഇവരുടെ സ്വാധീനമുണ്ട് എന്ന് പറയാനാകില്ല. പക്ഷേ വിനയം, ലാളിത്യം, സൗമ്യത തുടങ്ങിയവയെക്കുറിച്ചുള്ള പാഠങ്ങൾ ഇവരിൽ നിന്നും ഉൾക്കൊണ്ടതാണ്.
ഇവർക്ക് അവർ അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിച്ചില്ല. പദ്മശ്രീ കിട്ടാത്തതിൽ പപ്പി ആന്റിയ്ക്ക് സങ്കടമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് പദ്മശ്രീ കിട്ടിയപ്പോൾ അതിനൊരു സങ്കടത്തിന്റെ പശ്ചാത്തലവുമുണ്ടായിരുന്നു. അവർക്ക് കിട്ടാത്ത അംഗീകാരങ്ങൾ എനിക്ക് കിട്ടുമ്പോൾ അത് ഓർക്കുന്നത് സ്വാഭാവികമാണ്. സോവിയറ്റ് യൂണിയൻ പണ്ട് പപ്പി ആന്റിയുടെ മുഖമുള്ള ഒരു സ്റ്റാമ്പ് ഇറക്കിയിരുന്നു. അത് കണ്ടപ്പോൾ അവരുടെ മുഖത്ത് വലിയ സന്തോഷം കണ്ടത് ഓർക്കുന്നു. നൃത്തത്തിലെയും അഭിനയത്തിലെയും സംഭാവനകൾ കണക്കിലെടുത്തായിരുന്നു അത്. തിരുവിതാംകൂർ സഹോദരിമാരുടെ നൃത്ത – അഭിനയ ജീവിതത്തെ അടയാളപെടുത്തുന്ന ഒരു മ്യൂസിയം സജ്ജമാക്കാൻ ആഗ്രഹമുണ്ട്.
Post Your Comments