‘ഒരു ഒഴിവുദിവസം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് വന്ന പ്രതിഭയാണ് നിസ്താർ സേട്ട്. വരത്തനിലെ പാപ്പാളി കുര്യച്ചൻ എന്ന നാട്ടുപ്രമാണിയുടെ വേഷം അതിഗംഭീരമായി അവതരിപ്പിച്ച് വില്ലന്മാരുടെ ഇടയിൽ മുൻനിരയിൽ സ്ഥാനം പിടിച്ച താരം ‘അപ്പനൊരെണ്ണം കേറ്റി ഒഴിക്കെടാ’ എന്ന് പറഞ്ഞു കൊണ്ട് സ്ഥിരം വില്ലൻ വേഷങ്ങൾക്കപ്പുറത്ത് വൈവിധ്യമാർന്ന വേഷങ്ങളിലേക്ക് പകർന്നാടുകയാണ് ഭീഷ്മപർവത്തിലെ മത്തായി എന്ന കഥാപാത്രത്തിലൂടെ. ഇപ്പോൾ ഭീഷ്മയിലേക്ക് താൻ എത്തപ്പെട്ടതും, തന്റെ കഥാപാത്രങ്ങളെ കുറിച്ചും പറയുകയാണ് നിസ്താർ സേട്ട് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ.
നിസ്താർ സേട്ടിന്റെ വാക്കുകൾ :
അമൽ എന്നെ വിളിച്ചത് ഒരു നവംബറിലാണ്. അദ്ദേഹം ചോദിച്ചു ഇക്കയുടെ ഗെറ്റപ്പ് ഇപ്പോൾ എങ്ങനെയാണ്? ഞാൻ പറഞ്ഞു കോവിഡ് വളർത്തിയ മീശയും താടിയുമൊക്കെ കളഞ്ഞിട്ട് ഷേവ് ചെയ്ത് വൃത്തിയായി വീട്ടിലിരിക്കയാണ്. അമൽ പറഞ്ഞു, ഇനി ഷേവ് ചെയ്യണ്ട സിനിമ തുടങ്ങുന്നതുവരെ വളരട്ടെ ഇവിടെ വരുമ്പോ നമുക്ക് കറക്റ്റ് ചെയ്യാം. ഈ ഗെറ്റപ്പ് മാറ്റാൻ പറ്റാത്തതുകൊണ്ട് ഭീഷ്മയ്ക്ക് മുൻപേ എനിക്ക് മൂന്നുനാല് സിനിമകൾ നഷ്ടപ്പെട്ടിരുന്നു. പക്ഷേ ഞാൻ അതൊരു നഷ്ടമായി കാണുന്നില്ല. ഇത് നല്ലതിനാണെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു. കാരണം അമൽ നീരദ് വെറുതെ എന്നെപ്പോലെ ഒരാളെ വിളിക്കില്ലല്ലോ. വരത്തന് ശേഷം ഭീഷ്മപർവം എനിക്കുണ്ടാക്കിയ മൈലേജ് വളരെ വലുതാണ്. വരത്തനിലെ പാപ്പാളി കുര്യൻ അമലിന്റെ കണ്ടെത്തലാണ്. അതോടെ ഇൻഡസ്ട്രിയിൽ എനിക്ക് സ്ഥാനക്കയറ്റമുണ്ടായി. അതിനേക്കാൾ ഒരുപടി മുന്നിലാണ് മത്തായി തന്ന സ്വീകാര്യത.
ചെയ്ത കഥാപാത്രങ്ങളിൽ ഏതാണ് പ്രിയപ്പെട്ടത് എന്ന് പറയാൻ പറ്റില്ല. എന്റെ രണ്ടുമക്കളിൽ ആരോടാണ് സ്നേഹക്കൂടുതൽ എന്ന് ചോദിക്കുന്നതുപോലെയാണ് അത്. ചെയ്ത വേഷങ്ങളെല്ലാം പ്രിയപ്പെട്ടതാണ്. ഓരോന്നും ഓരോ തലത്തിൽ നിൽക്കുന്ന കഥാപാത്രങ്ങളാണ്. ഒന്ന് മാറി ചിന്തിക്കാൻ അമൽ നീരദ് കാണിച്ച ധൈര്യത്തിന് എനിക്ക് നന്ദി പ്രകടിപ്പിക്കാതെ വയ്യ. ടീസറിൽ എന്നെ കണ്ടപ്പോൾ പലരും കരുതി ഇയാൾ ആയിരിക്കും മമ്മൂക്കക്ക് എതിരെ ഡബിൾ ബാരൽ ഗണ്ണും കൊണ്ട് വരുന്നതെന്ന്. അയാളുടെ രൂപവും ഭാവവും അത്തരത്തിലായിരുന്നു. പക്ഷേ സിനിമ വന്നപ്പോൾ പ്രേക്ഷകർ വിചാരിച്ചതിലും നിന്ന് വിരുദ്ധമായ ഒരു ഫീൽ ആണ് കിട്ടിയത്. എന്നെ അറിയാവുന്നവർക്ക് എന്റെ ഈ കഥാപാത്രം ഒരു ഞെട്ടലായിരുന്നു. അടുത്ത് വരുന്ന പത്താം വളവിൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് ചെയ്തിട്ടുള്ളത്.
Post Your Comments