InterviewsLatest NewsNEWS

താൻ അഭിനയിച്ചതില്‍ ഏറ്റവും വ്യത്യസ്തമായ വില്ലൻ വേഷത്തെക്കുറിച്ച് സായ് കുമാർ

താൻ അഭിനയിച്ചതില്‍ ഏറ്റവും വ്യത്യസ്തമായ വില്ലന്‍ വേഷമായിരുന്നു കുഞ്ഞിക്കൂനനിലെ ‘ഗരുഡന്‍ വാസു’വെന്ന് നടൻ സായ് കുമാര്‍. കുഞ്ഞിക്കൂനനിലെ ഗരുഡന്‍ വാസുവായി തന്നെ മാറ്റിയെടുക്കാന്‍ മേക്കപ്പ് മാന്‍ പട്ടണം റഷീദ് നേരിട്ട വെല്ലുവിളികളെ കുറിച്ചും അതിനായി അദ്ദേഹം ഉപയോഗിച്ച മാര്‍ഗങ്ങളെ കുറിച്ചും പറയുകയാണ് സായ് കുമാര്‍ കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.

സായ് കുമാറിന്റെ വാക്കുകൾ :

ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവും വ്യത്യസ്തമായ വില്ലന്‍ വേഷമായിരുന്നു കുഞ്ഞിക്കൂനനിലെ ‘ഗരുഡന്‍ വാസു’. പട്ടണം റഷീദ് ആയിരുന്നു ചിത്രത്തില്‍ എന്റെ മേക്കപ്പ് മാന്‍. ഗരുഡന്‍ വാസുവിന്റെ രൂപത്തിലേക്ക് എന്നെ എത്തിക്കുക എന്നത് ഒരല്‍പം ശ്രമകരമായ ദൗത്യമായിരുന്നു. അതിനായി എന്റെ തല മുടി പറ്റെവെട്ടി.

അന്ന് താണ്ഡവം സിനിമയ്ക്കുവേണ്ടി തല മൊട്ട അടിച്ച ശേഷം മുടി കുറച്ചു വളര്‍ന്നു വരുന്ന സമയമായിരുന്നു. തുടര്‍ന്ന് തലയില്‍ ബ്രൗണ്‍ കളര്‍ പൂശി, അതിനുശേഷം കണ്ണ് ചുവപ്പിക്കാന്‍ കഥകളിക്കാര്‍ ഉപയോഗിക്കുന്ന ചുണ്ടപ്പൂവ് എന്ന പൊടി തേച്ചു. ചെവിയില്‍ രോമം വെച്ചു, കൂടാതെ വയറ് തോന്നിക്കാന്‍ ഒരു തുണി തയ്ച്ചുകെട്ടി.

പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും വാസു എന്ന കഥാപാത്രം പൂര്‍ണ്ണതയില്‍ എത്തിയില്ല. എന്തോ ഒരു കുറവ് തോന്നിയ പട്ടണം റഷീദ് തന്റെ കൈവശമുള്ള മീശചാക്ക് തുറന്ന്, അതിനുള്ളില്‍ കുറേനേരം പരതി ഒരു മീശ സംഘടിപ്പിച്ചു. ആ മീശ വെച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഗരുഡന്‍ വാസുവായി മാറി. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റ് സീന്‍ മഴയത്തായിരുന്നു പ്ലാന്‍ ചെയ്തത്. അതിനായി മുംബൈയില്‍നിന്നും ഇതേ മീശയുടെ കൂടുതല്‍ ക്വാളിറ്റിയുള്ള ഒന്ന് ലഭിക്കാന്‍ വേണ്ടി പട്ടണം റഷീദ് മീശ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വന്ന മീശയും ഉപയോഗിച്ചു കൊണ്ടിരുന്ന മീശയും തമ്മില്‍ യാതൊരു സാമ്യവുമില്ലായിരുന്നു. വെള്ളം നനഞ്ഞാല്‍ മീശയുടെ വലിപ്പവും ഷെയ്പ്പും മാറുമെന്നായപ്പോള്‍ ക്ലൈമാക്‌സിലെ മഴ നനഞ്ഞുള്ള ഫൈറ്റ് സീന്‍ അണിയറപ്രവര്‍ത്തകര്‍ മാറ്റുകയായിരുന്നു. പകരം നോര്‍മല്‍ ഫൈറ്റ് ആക്കി. അങ്ങനെ ആ സിനിമ ചുരുങ്ങിയ ദിവസം കൊണ്ട് ഞാന്‍ പൂര്‍ത്തിയാക്കി.

shortlink

Related Articles

Post Your Comments


Back to top button