പ്രൊഡ്യൂസറാണെന്ന ടെന്‍ഷന്‍ ഞാന്‍ അറിഞ്ഞിട്ടില്ല, അറിയിച്ചിട്ടുമില്ല: മഞ്ജു വാര്യര്‍

മലയാളത്തിന്‍റെ പ്രിയനടിയാണ് മഞ്ജു വാര്യര്‍. ആരാധകരുടെ കണ്ണിലുണ്ണിയായിരുന്ന സമയത്താണ് വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്നും ഇടവേള എടുത്ത് മഞ്ജു പോയത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഞ്ജു തിരിച്ചു വന്നപ്പോളും പ്രേക്ഷകർ താരത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോള്‍ പുതിയ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന താരം, ‘ലളിതം സുന്ദരം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ. മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ലളിതം സുന്ദരം എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം.

മഞ്ജുവിന്റെ വാക്കുകൾ :

സിനിമയുടെ പേര് പോലെ തന്നെ ലളിതവും സുന്ദരവുമായ ഒരു ചിത്രമാണിത്. ചെറിയ സിനിമയാണ്. കണ്ടാല്‍ സന്തോഷം തോന്നുന്ന ഒരു സിനിമയാണ്. ചേട്ടന് ഇഷ്ടപ്പെട്ട ഒരു കഥയില്‍ എനിക്ക് പറ്റിയ കഥാപാത്രം ഉണ്ടായിരുന്നത് കൊണ്ട് എന്നെ വിളിച്ചു. അത്രയെ ഉള്ളു. അല്ലാതെ ഞങ്ങള്‍ ഒരുമിച്ചിരുന്ന് പ്ലാന്‍ ചെയ്ത് ഉണ്ടാക്കി എടുത്ത ഒരു സിനിമയല്ലയിത്. സംഭവിച്ച് പോയ ഒരു സിനിമയാണിത്.

ഞാന്‍ ഈ സിനിമയുടെ പ്രൊഡ്യൂസറാണെന്ന് ഓര്‍ക്കാറില്ല. പ്രൊഡ്യൂസര്‍ എന്നുള്ളത് ആരും ഇങ്ങോട്ടും ഓര്‍മിപ്പിക്കാറില്ല ഞാന്‍ ഓര്‍ക്കാറുമില്ല. പ്രൊഡ്യൂസറാണെന്ന ടെന്‍ഷന്‍ ഞാന്‍ അറിഞ്ഞിട്ടില്ല, അറിയിച്ചിട്ടുമില്ല. അതിന് കാരണം സിനിമയിലുള്ള എന്റെ അണിയറ പ്രവര്‍ത്തകരാണ്. മാത്രമല്ല, ടെന്‍ഷനുള്ള ഘടകങ്ങള്‍ ഈ സിനിമയില്‍ അധികമുണ്ടായിരുന്നില്ല. സിനിമയില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഈ സിനിമ നന്നാവണം എന്നാഗ്രഹമുള്ളവരായിരുന്നു. എന്നാല്‍ കൊവിഡ് കാലത്തെ ഷൂട്ടിംഗിനെ കുറിച്ച് ടെന്‍ഷനുണ്ടായിരുന്നു.

Share
Leave a Comment