
ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു ധനുഷും ഐശ്വര്യ രജനികാന്തും. ഏറെ ഞെട്ടലോടെയായിരുന്നു ഇവരുടെ വിവാഹമോചന വാർത്ത ആരാധകർ കേട്ടത്. ഇപ്പോഴിതാ വിവാഹമോചനത്തിനു ശേഷവും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഐശ്വര്യയുടെ പുതിയ മ്യൂസിക് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ച് ധനുഷ് കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.‘പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും’, എന്ന് ഐശ്വര്യയുടെ മ്യൂസിക് വീഡിയോ പങ്കുവച്ച് ധനുഷ് കുറിച്ചു. എന്നാൽ, ‘നന്ദി ധനുഷ്’ എന്ന് മാത്രമായിരുന്നു ഐശ്വര്യ നൽകിയ മറുപടി.
അതേസമയം, ഇരുവരും സുഹൃത്തുക്കളായി മാത്രം തുടരുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്നായിരുന്നു ട്വീറ്റിനോടുള്ള ആരാധകരുടെ പ്രതികരണം. പിണക്കം മറന്ന് ധനുഷും ഐശ്വര്യയും ഒന്നിക്കണമെന്നാണ് ആഗ്രഹമെന്നും ആരാധകർ പറയുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലാണ്, പരസ്പരം വേർപിരിയുകയാണെന്ന് ധനുഷ് – ഐശ്വര്യ ദമ്പതികൾ പ്രഖ്യാപിച്ചത്. 18 വർഷം നീണ്ട ദാമ്പത്യജീവിതത്തിനാണ് അതോടെ അവസാനമായത്. തങ്ങളുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉള്ളതായുള്ള സൂചനകളൊന്നും ഇക്കാലത്തിനിടെ ഇരുവരും പ്രകടിപ്പിച്ചിരുന്നില്ല. 6മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം.
Post Your Comments