തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ കുറിച്ച് നടൻ ഇന്നസെന്റ്. ആദ്യതവണ മത്സരിച്ചപ്പോൾ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും രണ്ടാം തവണ അത് ഇല്ലായിരുന്നുവെന്നും താരം പറയുന്നു. എല്ലാവരും കൂടി നിര്‍ബന്ധിച്ചാല്‍ ഇനിയും തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകുമെന്നും അദ്ദേഹം തുറന്നു പറയുന്നു. മഴവില്‍ മനോരമയിലെ, നടന്‍ ജഗദീഷ് അവതാരകനായ ‘പടം തരും പണം’ എന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുത്തപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
പരിപാടിക്കിടെ ‘എനിക്കുള്ള ആഗ്രഹം ഒരു എം.പി ആകണം എന്ന് മാത്രമല്ല’ എന്ന് ഇന്നസെന്റ് പറയുമ്പോള്‍ കേന്ദ്ര മന്ത്രിയാകണോ? എന്ന് അവതാരകനായ ജഗദീഷ് ചോദിക്കുന്നുണ്ട്. അതോടെ, ചിരിച്ചു കൊണ്ട് ‘അതുമാത്രമല്ല, പ്രധാനമന്ത്രിയാകണം എന്നും ആഗ്രഹമുണ്ട്’ എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.
ഇതിന് ശേഷം ‘ഇയാള്‍ക്ക് ഭ്രാന്താണെന്ന് നീ വിചാരിക്കുന്നുണ്ടാകും’ എന്ന് ഇന്നസെന്റ് ജഗദീഷിനോട് ചോദിക്കുമ്പോള്‍, ‘ചേട്ടാ കലി യുഗമാണ് എന്തും സംഭവിക്കാം’ എന്നാണ് ജഗദീഷ് പറയുന്നത്.
‘എം.പിയായത്, ഒരു സമയത്ത് അങ്ങനെ സംഭവിച്ചതാണ്. ഇടക്ക് ഞാന്‍ ആലോചിക്കാറുണ്ട്, ഇനി ഞാന്‍ കോടിക്കണക്കിന് കാശ് ഉണ്ടാക്കിയതിന് ശേഷം പാര്‍ലമെന്റില്‍ പോയി ഇരിക്കണമെന്ന് ആഗ്രഹിച്ചാല്‍ എനിക്ക് സാധിക്കില്ല. ഇതൊക്കെ വല്ലപ്പോഴും വന്നുചേരുന്ന ഒന്നാണ്. ആദ്യത്തെ പ്രാവശ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ എനിക്ക് വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. രണ്ടാമത്തെ പ്രാവശ്യം ഞാന്‍ ഇല്ല എന്ന് പറഞ്ഞ് മാറിയതാണ്. പക്ഷേ, എന്നെ നിർബന്ധിച്ച് പിടിച്ച് നിർത്തിയതാണ്. വോട്ട് എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അതില്‍ എനിക്ക് ഒരു മാനസിക വിഷമവും ഉണ്ടായില്ല. അതിനുള്ള കാരണം എനിക്ക് ഇങ്ങനെയുള്ള ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്,’ ഇന്നസെന്റ് പറഞ്ഞു.
Post Your Comments