സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയും, മോഡലും, അവതാരകയുമായ പാർവതി ആർ കൃഷ്ണയ്ക്ക് 2020 ഡിസംബറിലാണ് ഒരു ആൺ കുഞ്ഞ് പിറന്നത്. സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലായിരുന്നു പാർവതിയെ വിവാഹം ചെയ്തത്. താനിപ്പോൾ സ്ത്രീകൾ പ്രസവശേഷം നേരിടുന്ന അവസ്ഥയായി പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം എന്ന അവസ്ഥയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് യുട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ പാർവതി പറയുന്നത്.
പാർവതിയുടെ വാക്കുകൾ :
‘ജീവിതത്തിലെ ഒരു വൃത്തികെട്ട ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. ഒന്നിനോടും താത്പര്യമില്ല. വെറുതേ കരച്ചിൽ വരുന്ന അവസ്ഥയാണ്. സാധാരണ നിങ്ങൾ കാണുന്ന പാർവ്വതിയെ ആയിരിക്കില്ല ഇന്ന് കാണാൻ പോകുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് മാസം കാലമായി ഞാൻ അുഭവിക്കുന്ന ജീവിതത്തിലെ ഒരു ഘട്ടത്തെ കുറിച്ചാണ് പറയാനായി പോകുന്നത്. കൊവിഡ് തുടങ്ങിയ സമയത്താണ് ഞാൻ ഗർഭിണിയായത്. ആ സമയത്ത് വീട്ടിൽ എല്ലാവരും ഉണ്ട്. നമ്മളെ കെയർ ചെയ്യാനെല്ലാം ചുറ്റിലും ആളുണ്ട്.
പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന് ഞാൻ പലയിടത്തും കേട്ടിട്ടുണ്ട്. ഗർഭകാലം മുതൽ ഉണ്ടാവും എന്നാണ് കേട്ടത്. പക്ഷെ ആ സമയത്ത് ഒന്നും ഞാനത് അനുഭവിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ജീവിതത്തിലെ ഒരു വൃത്തികെട്ട സ്‌റ്റേജിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. വെറുതേ ഇരിക്കുമ്പോൾ കരച്ചിൽ വരുന്നു. പണ്ടൊക്കെ ഒരുപാട് ആളുകൾക്കൊപ്പം ഇരിക്കാനായിരുന്നു എനിക്ക് ഇഷ്ടം. പക്ഷെ ഇപ്പോൾ കൂടുതലും തനിച്ച് ഇരിക്കാനാണ് ആഗ്രഹം. ഒന്നിനോടും എനിക്ക് താത്പര്യം ഇല്ലാതെയായി. കൊളാബുറേഷന് വിളിച്ചിട്ട് പോലും എനിക്ക് വയ്യ. അങ്ങനെയുള്ള ഒരു സ്റ്റേജിൽ എന്റെ ശരീരവും മോശപ്പെട്ട് തുടങ്ങി. വീണ്ടും ഡയറ്റ് തുടങ്ങിയത് പോലും എന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ വേണ്ടിയാണ്. എന്തെങ്കിലും കാര്യത്തിൽ എൻഗേജ്ഡ് ആയി കഴിഞ്ഞാൽ ശ്രദ്ധ മാറ്റാം എന്ന് കരുതിയാണ്. വീണ്ടും ഞാൻ ജോലിയിൽ തിരിച്ച് കയറാൻ ശ്രമിച്ചിരുന്നു. അവിടെ ഒരു ബ്രേക്ക് വന്നപ്പോൾ എനിക്ക് ഭയങ്കരമായ ഫ്രസ്‌ട്രേഷൻ ആയി. എന്താണെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. ചിലപ്പോൾ ഇതിനെ ആയിരിക്കും ആളുകൾ ഡിപ്രഷൻ എന്ന് പറയുന്നത്.
ഈ അവസ്ഥയെ എങ്ങിനെ തരണം ചെയ്യാം എന്നാണ് ഞാൻ ഇപ്പോൾ പഠിച്ച് കൊണ്ടിരിയ്ക്കുന്നത്. ഭയങ്കര സങ്കടം വരുമ്പോൾ എന്റെ മനസിനെ വഴിതിരിച്ച് വിടാൻ ശ്രമിക്കും. എന്നോട് പലരും പോസ്റ്റ്പാർട്ടം ഡിപ്രഷനെ കുറിച്ച് മെസേജ് അയച്ച് ചോദിച്ചപ്പോൾ ഞാൻ വലിയ കാര്യമായി പറഞ്ഞ് കൊടുത്തിട്ടുണ്ട്. പക്ഷെ അവനവന് വരുമ്പോഴാണ് ആ അവസ്ഥ ശരിയ്ക്കും മനസിലാവുന്നത്. ദൈവം സഹായിച്ച് സാമ്പത്തികമായി എനിക്ക് പ്രശ്‌നങ്ങളില്ല. അതൊന്നും ഇല്ലാത്ത അമ്മമാരെ കുറിച്ച് ചിന്തിക്കാൻ പോലും ഈ അവസ്ഥയിൽ നിന്ന് എനിക്ക് സാധിക്കുന്നില്ല. നമ്മളെയൊക്കെ ഇത്രയും വളർത്തി വലുതാക്കിയ എല്ലാ അമ്മാമാരെയും ഞാൻ ഇപ്പോൾ സല്യൂട്ട് ചെയ്യുന്നു. എന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ വളരെ സ്‌ട്രോങ് ആയ ആളാണ്. എനിക്ക് ഇതിനെയും മറി കടക്കാൻ കഴിയും എന്ന വിശ്വാസം എനിക്കുണ്ട്.
Leave a Comment