മനസ്സിൽ തോന്നിയത് എന്തും വെട്ടിത്തുറന്ന് പറയാൻ സീമക്ക് ഒരു മടിയുമില്ലായിരുന്നുവെന്ന് തിരക്കഥാകൃത്ത് കലൂർ ഡെന്നീസ്. അൽപം പക്വതയും പാകതയും വന്നതല്ലാതെ സീമയുടെ കുസൃതിക്കും സംസാരത്തിനുമൊന്നും ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് അദ്ദേഹം മനോരമ ഓൺലൈനിനോട് പറയുന്നത്. മലയാള സിനിമയിലെ മെക്സിക്കൻ വേവ് എന്ന് സീമയെ വിശേഷിപ്പിക്കാനാണ് താൻ ഇഷ്‍ടപ്പെടുന്നത് എന്ന് കലൂർ ഡെന്നീസ് കൂട്ടിച്ചേർത്തു.
കലൂർ ഡെന്നിസിന്റെ വാക്കുകൾ :
‘മനസ്സിൽ തോന്നിയത് എന്തും വെട്ടിത്തുറന്ന് പറയാൻ സീമക്ക് ഒരു മടിയുമില്ലായിരുന്നു. പഴയ ഡാൻസ് ഗ്രൂപ്പിലുണ്ടായിരുന്നപ്പോഴുള്ള ആ പ്രകൃതത്തിന് അൽപം പക്വതയും പാകതയും വന്നതല്ലാതെ സീമയുടെ കുസൃതിക്കും സംസാരത്തിനുമൊന്നും ഒരു മാറ്റവും വന്നിട്ടില്ല.
സീമയെ ഞാൻ ആദ്യമായി കാണുന്നത് ഐ.വി ശശി സംവിധാനം ചെയ്ത ഈ മനോഹര തീരം എന്ന സിനിമയിൽ ഒരു നൃത്തരംഗത്തിൽ ചടുല താളങ്ങൾ സൃഷ്ടിക്കാൻ എറണാകുളത്ത് വന്നപ്പോഴാണ്. അന്ന് ഞാൻ തിരക്കഥകാരനൊന്നും ആയിട്ടില്ല. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേ ദിവസം ഞാനും കിത്തോയും ശശിയുടെ മുറിയിൽ കൂടിയിരിക്കുകയാണ്. നാളത്തെ ഷൂട്ടിംഗിന്റെ തുടക്കം ഒരു നൃത്തരംഗമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ചർച്ചകൾക്കിടയിൽ ജയന്റെ ജോഡിയായി അഭിനയിക്കുന്ന രാജകോകിലയെക്കുറിച്ച് ഒരു പരാമർശമുണ്ടായി. ആ കഥാപാത്രത്തിന് അൽപം കൂടി ഗ്ലാമറുള്ള ഒരു നടിയായിരുന്നു വേണ്ടിയിരുന്നതെന്ന് ഞാൻ ശശിയോടു ഒരഭിപ്രായം പറഞ്ഞു. അങ്ങനെ ഞാൻ ഒരു സജഷൻ പറയാൻ ഒരു കാരണവുമുണ്ട്. ഞാനും കിത്തോയും കൂടി ശശിയുടെ മുറിയിലേക്കു വരുന്ന വഴി കോറിഡോറിൽ വെച്ച് ഈ ചിത്രത്തിന്റെ ലേഡീസ് ഡാൻസ് മാസ്റ്ററും അവരുടെ ഡാൻസ് ഗ്രൂപ്പിലുള്ള സീമയും കൂടി സംസാരിച്ചിരിക്കുന്നത് ഞാൻ കണ്ടു.
അവളെ കണ്ടപ്പോൾ എന്റെ കണ്ണുകൾ പെട്ടെന്ന് അവരിൽ ഉടക്കി. നല്ല ഭംഗിയുള്ള സുന്ദരിയായ പെൺകുട്ടി. ഒരു നായികയ്ക്ക് വേണ്ട രൂപലാവണ്യവും, പ്രസരിപ്പുമുള്ള ഈ നർത്തകി രാജകോകിലയുടെ വേഷത്തിൽ വന്നാൽ നന്നായിരിക്കുമെന്ന് ഞാൻ കിത്തോയോടു പറയുകയും ചെയ്തു. ഈ വിവരം ഞാൻ ശശിയുടെ മുമ്പിലും അവതരിപ്പിച്ചു. ശശിക്ക് അഭിപ്രായം ഇഷ്ടപ്പെട്ടില്ല. ശേഷം അവിടെവച്ച് തന്നെ ഞാൻ വെറുതെ ഒരു പ്രവചനവും നടത്തി. എന്തായാലും ഈ പെണ്ണ് ഭാവിയിൽ ഒരു വലിയ നടിയാകുമെന്ന് ഉറപ്പാ. കുറേനാൾ കഴിയുമ്പോൾ ഈ പെണ്ണിന്റെ ഡേറ്റിനുവേണ്ടി നിങ്ങളൊക്കെ തന്നെ പുറകെ നടക്കുന്നത് കാണാം. ഞാൻ പറഞ്ഞത് അച്ചിട്ട പോലെ സംഭവിച്ചു. സീമ വലിയ നടിയാകുക മാത്രമല്ല. ശശിയുടെ ജീവിത സഖിയായി മാറുകയും ചെയ്തു.
Post Your Comments