തന്റെ വിവാഹ ജീവിതത്തെ കുറിച്ചും കാന്‍സര്‍ വന്നതിനെ കുറിച്ചും തുറന്നു പറഞ്ഞ് മുതിര്‍ന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെയര്‍ സ്റ്റൈലിസ്റ്റുമായ അംബിക പിള്ള. നിരവധി പരസ്യ ക്യാമ്പയിനുകള്‍, ക്യാറ്റ് വാക്ക് ഷോകള്‍, ഫാഷന്‍ ഫിലിമുകള്‍, എഡിറ്റോറിയലുകള്‍ എന്നിവയിളെല്ലാം ശ്രദ്ധേയയായ അംബിക സിനിമയിലും ടെലിവിഷന്‍ ഷോ കളിലുമൊക്കെ പ്രവര്‍ത്തിച്ചിരുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ ജീവിതകഥ വെളിപ്പെടുത്തിയത്.
അംബിക പിള്ളയുടെ വാക്കുകൾ :
പതിനേഴാമത്തെ വയസിലായിരുന്നു എന്റെ വിവാഹം. ഇരുപത്തി രണ്ടാം വയസില്‍ അമ്മയായി. ഇരുപത്തിനാലാം വയസില്‍ വിവാഹമോചനവും നേടി. സ്വന്തം വീട്ടില്‍ എത്ര കാലം വേണമെങ്കിലും എനിക്ക് കഴിയാമായിരുന്നു. കൊല്ലത്തെ വ്യവസായി ഗോപിനാഥന് പിള്ളയുടെയും ശാന്ത പിള്ളയുടെയും മകളായ ഞാന്‍ പക്ഷേ സ്വന്തം കാലില്‍ നില്‍ക്കാനാണ് മോഹിച്ചത്. ബ്യൂട്ടീഷനായി ജോലി നോക്കുന്നതിന് ഡല്‍ഹിയിലെത്തുമ്പോള്‍ എന്റെ സ്വപ്നങ്ങളും രണ്ട് വയസുള്ള കുഞ്ഞുമായിരുന്നു ഊര്‍ജം.
പരിചയമില്ലാത്ത നാട്. ഭാഷ അറിയില്ല. ജോലിയില്‍ കയറിയ ആദ്യ ദിവസം തന്നെ മുടി വെട്ടാനറിയില്ല എന്ന് പറഞ്ഞ് എന്നെ പുറത്താക്കി. ഒട്ടും എളുപ്പമായിരുന്നില്ല കരിയറിന്റെ തുടക്കം. അതൊന്നും എന്നെ തളര്‍ത്തിയിട്ടില്ല. എനിക്കെന്റെ കുഞ്ഞിനെ നോക്കണമായിരുന്നു. നമ്മള് മാത്രം ആശ്രയമുള്ള ഒരാള്‍ക്ക് തണലൊരുക്കേണ്ടി വരുമ്പോഴാണ് ഏതൊരാളും ഏറ്റവും കഠിനമായി അധ്വാനിക്കുക. ഹെയര്‍ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയമായതോടെ കഷ്ടപാടുകള്‍ മാറി. എല്ലാ വെല്ലുവിളികളെയും കഠിനാധ്വാനം കൊണ്ടാണ് അതി ജീവിച്ചത്.
കുറേ പണമുണ്ടാക്കുന്നതോ വലിയ വീടുകളും കാറുകളും വാങ്ങുന്നതോ ഒന്നുമല്ല ജീവിതത്തില്‍ പ്രധാനം. മറിച്ച് ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടാകും എന്നെ എപ്പോഴും ഭയപ്പെടുത്തിയിരുന്ന രോഗമാണ് കാന്‍സര്‍. എനിക്ക് ഈ രോഗത്തോടുള്ള പേടി കൊണ്ട് സ്വയം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളൊക്കെ ഞാന്‍ പാലിച്ചിരുന്നു. സത്നാര്‍ബുധം തിരിച്ചറിയാനുള്ള സ്വയം പരിശോധന എങ്ങനെയാണെന്ന് പഠിച്ച് കൃത്യമായി ചെയ്തിരുന്നു. 40 വയസിന് ശേഷം എല്ലാ വര്‍ഷവും പാപ്സ്മിയര്‍ (ഗര്‍ഭാശയഗളത്തിലെ കാന്‍സര്‍ തിരിച്ചറിയാനുള്ള പരിശോധന) ഇവ മുടങ്ങാതെ ചെയ്തു. ഇടയ്ക്ക് ഫുള്‍ ബോഡി ചെക്കപ്പ് ചെയ്തു.
കൊവിഡ് കാലത്തും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതേ ഇല്ല. അതോടെ ആശുപത്രി പോക്കും പരിശോധനകളും മുടങ്ങി. ഒരു ദിവസം രാവിലെ തലക്കറക്കം വന്നതോടെയാണ് കാര്യങ്ങള്‍ അറിഞ്ഞത്. ബയോപ്സി ചെയ്തപ്പോള്‍ സ്താനര്‍ബുധമാണെന്ന് അറിഞ്ഞു. ആ നിമിഷം മനസില്‍ ഓടി വന്നത് മകള്‍ കവിയുടെ മുഖമാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മോള്‍ക്ക് ആരുണ്ടാവും? വലിയ കുടുംബമാണ് എന്റേത്. അമ്മ, മൂന്ന് സഹോദരിമാര്‍, കസിന്‍സ് എല്ലാവരും കൂടെയുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാലും എന്റെ അമ്മമനസ് പിടഞ്ഞു. കവി ഒറ്റക്കുട്ടിയാണ്. മാതാപിതാക്കള്‍ വിവാഹമോചിതരുമാണ്.
Post Your Comments