GeneralLatest NewsNEWS

സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതില്‍ തെറ്റൊന്നുമില്ല, സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തണം : സാധിക വേണുഗോപാല്‍

കൊച്ചിയിലെ പ്രമുഖ ടാറ്റു ആര്‍ട്ടിസ്റ്റും ഇന്‍ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോ ഉടമയുമായ സുജീഷിനെതിരെ ഒരു കൂട്ടം യുവതികള്‍ മിടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ടാറ്റു ചെയ്യാന്‍ എത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികള്‍ ആരോപിച്ചത്. പിന്നാലെ പൊലീസില്‍ യുവതികള്‍ പരാതി നല്‍കിയതോടെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സിനിമ മേഖലയിലെ നിരവധി പേര്‍ക്ക് ടാറ്റ് ചെയ്ത കലാകാരന്‍ കൂടിയാണ് സുജീഷ്. ഇയാളുടെ സോഷ്യല്‍ മീഡിയ പേജില്‍ താരങ്ങള്‍ക്ക് ടാറ്റു ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും കാണാം.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാല്‍. ടാറ്റുകളോട് ഏറെ താല്‍പര്യമുള്ള താരം കൂടിയാണ് സാധിക. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് എല്ലാവരോടും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് സാധിക ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ പറയുന്നത്.

സാധികയുടെ വാക്കുകൾ :

ടാറ്റൂ ചെയ്യുന്നതിനെക്കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ അവബോധം ആവശ്യമാണെന്ന് താന്‍ കരുതുന്നു. എന്താണ് നിങ്ങളുടെ ഡിസൈന്‍, നിങ്ങളുടെ ശരീരത്തില്‍ അത് എവിടെയാണ് വേണ്ടത്, ആരാണ് ഇത് ചെയ്യുന്നത് എന്നീ മൂന്ന് കാര്യങ്ങള്‍ക്ക് വളരെ പ്രധാന്യം നൽകണം. ഡിസൈന്‍ നിങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുക, നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് അറിഞ്ഞിരിക്കുക, എല്ലാറ്റിനുമുപരിയായി, കലാകാരനെ നന്നായി അറിയുക. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് സ്റ്റുഡിയോ സന്ദര്‍ശിക്കുക, ഇതിലൂടെ നിങ്ങള്‍ക്ക് സ്ഥലത്തിന്റെ ഗുണനിലവാരവും കലാകാരനും അറിയാനാകും.

നിങ്ങളുടെ സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ ആ സ്ഥലത്തേക്ക് നിങ്ങളെ അനുഗമിക്കാന്‍ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ ഇരയെ കുറ്റപ്പെടുത്തിയും വേട്ടക്കാരനെ ന്യായീകരിക്കുന്നതുമായ പ്രവണത അവസാനിപ്പിക്കണം.

സ്ത്രീകള്‍ നേരിട്ട ചൂഷണങ്ങള്‍ തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ട്. അത്തരം മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിൽ അത് തുറന്നു പറയാന്‍ ഞാന്‍ സ്ത്രീകളോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളെ മോശം രീതിയില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല. ദയവായി പ്രതികരിക്കാന്‍ മടിക്കരുത്. ഒരുപക്ഷേ നിങ്ങളുടെ ഒരു പ്രതികരണത്തില്‍ കൂടെ കൂടുതല്‍ ഇരകളെ രക്ഷിക്കാന്‍ കഴിയും.

shortlink

Related Articles

Post Your Comments


Back to top button