Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWS

പറക്കമുറ്റാത്ത 2 കുഞ്ഞുങ്ങളും ഭര്‍ത്താവ് വരുത്തി വച്ച 85 ലക്ഷം രൂപയുടെ കട ബാധ്യതയും: ലളിതാമ്മയെക്കുറിച്ച് ലക്ഷ്മിപ്രിയ

ദിവസങ്ങളോളം എന്നെ ചീത്ത പറഞ്ഞതിന്റെ പേരില്‍ ഞങ്ങള്‍ പിണങ്ങി

നാളുകൾക്ക് മുൻപ് നമ്മെ വിട്ടുപിരിഞ്ഞ നടി കെപിഎസി ലളിതയ്‌ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ചു നടി ലക്ഷ്മിപ്രിയ പങ്കുവച്ച കുറിപ്പ് വൈറൽ. കെപിഎസി ലളിതയുമായി ഒന്നിച്ച്‌ ചിലവിട്ട സമയവും ഒരുമിച്ചാഘോഷിച്ച പിറന്നാളും ഓര്‍ത്തെടുക്കുകയാണ് താരം. കഥ തുടരുന്നു എന്ന സിനിമയുടെ സെറ്റില്‍ വച്ചാഘോഷിച്ച പിറന്നാളിന് ലളിതാമ്മ മുണ്ടും നേര്യതും സമ്മാനിച്ചതും അമ്ബലത്തില്‍ വഴിപാട് കഴിച്ച്‌ പ്രദക്ഷിണം വച്ചതുമെല്ലാം ഓര്‍ത്താണ് ലക്ഷ്മിപ്രിയയുടെ കുറിപ്പ്.

‘കെപിഎസി ലളിത എന്ന വ്യക്തി അവരുടെ ജീവിതം കൊണ്ടും എന്നെ വിസ്മയിപ്പിച്ച മഹാനടിയാണ്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഭര്‍ത്താവ് വരുത്തി വച്ച 85 ലക്ഷം രൂപയുടെ കട ബാധ്യതയും പേറി ഇരുട്ടിലേക്ക് നോക്കി നിന്ന ഇടത്തില്‍ നിന്നും തിരിച്ചു നടന്ന് ഇതുവരെ എത്തി അടയാളം പതിപ്പിച്ചരങ്ങൊഴിഞ്ഞതില്‍!!’, ലക്ഷ്മിപ്രിയ കുറിച്ചു.

read also: ‘ദുൽഖർ സൽമാന്റെ ഒരു ചിത്രവും ഇനി മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല’: വിലക്കേർപ്പെടുത്തി ഫിയോക്ക്

കുറിപ്പ് പൂർണ്ണ രൂപം

ഇന്ന് ലളിതാമ്മയുടെ, കെ പി എ സി ലളിതയുടെ പിറന്നാള്‍ ആണ്. ഞങ്ങളുടെ പിറന്നാളുകള്‍ തമ്മില്‍ ഒരു ദിവസത്തെ അകലമേ ഉളളൂ. മാര്‍ച്ച്‌ 11 ന് സത്യന്‍ അങ്കിളിന്റെ സിനിമയുടെ സെറ്റില്‍ എന്റെ രണ്ട് പിറന്നാളുകള്‍ക്ക് കേക്ക് കട്ട്‌ ചെയ്തിട്ടുണ്ട്. കഥ തുടരുന്നു എന്ന സിനിമ കോഴിക്കോട് നടക്കുമ്ബോള്‍ വെളുപ്പിന് ലളിതാമ്മ എന്റെ വാതിലില്‍ മുട്ടുന്നു. ‘ഹാപ്പി ബര്‍ത്ത് ഡേ ഡാ. ഇത് ഒരു മുണ്ടും നേര്യതുമാണ്‌ , ഞാന്‍ ഒറ്റത്തവണ ഉടുത്തത്. അതെങ്ങനാ ഇന്നലെ രാത്രീലല്യോ നീ പറഞ്ഞത് നിന്റെ പൊറന്നാള്‍ ആണെന്ന്. ഞാമ്പിന്നെ എന്തോ ചെയ്യും? പിറന്നാള്‍ നേരത്തേ അറിയിക്കാഞ്ഞതിനാലും സമ്മാനം പുതിയതല്ലാത്തതിനാലുമുള്ള പരിഭവം.

ഓറഞ്ചു കരയും കസവുമുള്ള മുണ്ടും നേര്യതും കയ്യില്‍ വാങ്ങി കാല്‍തൊട്ട് നമസ്ക്കരിച്ചു ഞാന്‍. നെറുകയില്‍ ചുംബിച്ച്‌ എണീപ്പിച്ചനുഗ്രഹിച്ചു. ‘നീ വേഗം കുളിച്ച്‌ ഇതുടുത്തു വാ നമുക്ക് തളീലമ്ബലത്തില്‍ പോകാം. അനുസരിച്ചു മാത്രേ ശീലമുള്ളു. പോയി. ആ വയ്യാത്ത കാലും വച്ച്‌ എന്റെ പേരില്‍ വഴിപാട് കഴിച്ച്‌ പ്രദക്ഷിണം വച്ചിറങ്ങുമ്ബോഴാണ് പറയുന്നത് നീ മാര്‍ച്ചു 11. ഞാന്‍ 10. ഇന്നലെ ആയിരുന്നു എന്റെ… അപ്പൊ മാത്രമാണ് ഞാന്‍ ആരുമറിയാതെ കഴിഞ്ഞു പോയ പിറന്നാള്‍ അറിയുന്നത്. ഒരു അര്‍ച്ചന പോലും നടത്തിയില്ല…. വൈകിട്ട് കേക്ക് രണ്ടാളും ചേര്‍ന്നു മുറിച്ചു..

പേരോര്‍മ്മ ഇല്ലാത്ത ഒരു സീരിയലിന്റെ സെറ്റില്‍ മറ്റൊരു കസേരയില്‍ കാല്‍ നീട്ടിയിരുന്നു സാറാ ജോസഫിന്റെ പുസ്തകം വായിക്കുന്നതാണ് എന്റെ ആദ്യ ലളിതാമ്മ കാഴ്ച. ജീവിച്ച്‌ മതിയാവാത്ത തറവാട്ടിലേക്ക് തിരിച്ചു വരുന്നതുപോലെയാണ് സത്യന്‍ അങ്കിളിന്റെ സെറ്റ്. ആ ഇട നെഞ്ചിലേക്ക് എന്നെ ചേര്‍ത്തു മുറുക്കിയ മാതൃഭാവം!അവിടെ തുടങ്ങി, പിന്നെ എത്ര എത്ര ഓര്‍മ്മകള്‍? ലളിതാമ്മ കാരണം ആണ് ഞാന്‍ തിരുവനന്തപുരത്ത് നിന്നും തൃശൂര്‍ക്ക് ഷിഫ്റ്റ്‌ ചെയ്യുന്നത്. തിരുവമ്ബാടി അമ്ബലത്തിനു മുന്നിലെ അപ്പാര്‍ട് മെന്റ് നു അഡ്വാന്‍സ് കൊടുത്തത് ആ കൈകള്‍ക്കൊണ്ടാണ്. ആ അനുഗ്രഹം ആവണം നാല് മാസം കൊണ്ട് പുത്തന്‍ വീട്ടിലേക്ക് ഞങ്ങള്‍ മാറി. പൂജ മുറിയില്‍ ഭഗവതി ഇരിക്കുന്ന മന്ദിരം അമ്മയുടെ സമ്മാനം. അവിടുത്തെ പൂജാമുറിയില്‍ വയ്ക്കാന്‍ ഞാന്‍ അനന്ത പദ്മനാഭനെക്കൊണ്ട് കൊടുത്തു.

ഒരുമിച്ച്‌ സിനിമയ്ക്ക് പോകുന്നത്, ഷോപ്പിംഗിന് പോകുന്നത് അമ്മയ്ക്ക് ഹോസ്പിറ്റലില്‍ കൂട്ട് പോകുന്നത്, വടക്കാഞ്ചേരി വീട്ടില്‍ ഇരുന്ന് തേങ്ങ അരച്ച അയലയും മാങ്ങയും വിളമ്ബുന്നത് എന്റെ മൂക്ക് കുത്തിച്ചത് അങ്ങനെ എത്ര എത്ര ഓര്‍മ്മകള്‍……

കുറച്ചു നാള്‍ മുന്‍പ് അകാരണമായി ദിവസങ്ങളോളം എന്നെ ചീത്ത പറഞ്ഞതിന്റെ പേരില്‍ ഞങ്ങള്‍ പിണങ്ങി. മോളി ആന്റി റോക്ക്സ് ഒക്കെ അഭിനയിക്കുമ്ബോ ഞങ്ങള്‍ തമ്മില്‍ മിണ്ടുകയില്ല. ഷോട്ട് ആവുമ്ബോ മുഖത്ത് നോക്കി ചിരിച്ചഭിനയിക്കും. ഷോട്ട് കഴിഞ്ഞാല്‍ മുഖം വീര്‍പ്പിക്കും. പിന്നെ പിണക്കം മറന്നു ചിരിച്ചു.

കെ പി എ സി ലളിത എന്ന വ്യക്തി അവരുടെ ജീവിതം കൊണ്ടും എന്നെ വിസ്മയിപ്പിച്ച മഹാനടിയാണ്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഭര്‍ത്താവ് വരുത്തി വച്ച 85 ലക്ഷം രൂപയുടെ കട ബാധ്യതയും പേറി ഇരുട്ടിലേക്ക് നോക്കി നിന്ന ഇടത്തില്‍ നിന്നും തിരിച്ചു നടന്ന് ഇതുവരെ എത്തി അടയാളം പതിപ്പിച്ചരങ്ങൊഴിഞ്ഞതില്‍!! ഒരു മനുഷ്യായുസ്സിന് താങ്ങാവുന്നതിലധികം ഭാരം വീട്ടി തൊടിയില്‍ അങ്ങേ അറ്റത്ത് മതിലിനോട് ചേര്‍ന്ന് ഇത്തിരി മണ്ണിലെചിതയില്‍ എരിഞ്ഞടങ്ങിയതില്‍!!
പിറന്നാള്‍ ആശംസകള്‍ ലളിതാമ്മേ
പ്രണാമം
ലക്ഷ്മി പ്രിയ

shortlink

Related Articles

Post Your Comments


Back to top button