മഹാമാരിയിൽ നിന്നുള്ള അതിജീവനക്കാഴ്ച്ചകളുമായി 26ാമത് രാജ്യാന്തര ചലച്ചിത്രമേള. ഈ മാസം 18 നു തിരുവനന്തപുരത്ത് നടക്കുന്ന എട്ടു ദിവസത്തെ മേളയില്‍ 15 തിയേറ്ററുകളിലായി 173 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയെറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ ഏഴ് പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തമ്പ് , ആരവം, അപ്പുണ്ണി തുടങ്ങിയ ഏഴു ചിത്രങ്ങളാണ് നടൻ നെടുമുടി വേണുവിന് ആദരമായി മേളയിൽ പ്രദർശിപ്പിക്കുന്നത്. കെ പി എ സി ലളിത, പി ബാലചന്ദ്രൻ, മാടമ്പ് കുഞ്ഞുകുട്ടൻ, ഡെന്നിസ് ജോസഫ് എന്നീ പ്രതിഭകളോടുള്ള ആദരമായി ഓരോ മലയാള ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇക്കുറി 26 മലയാള ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട്, ഉദ്ധരണി, അവനോവിലോന, ബനേർ ഘട്ട, പ്രാപ്പേട, ചവിട്ട്, സണ്ണി, എന്നിവർ, നിറയെ തത്തകളുള്ള മരം, ആർക്കറിയാം, വുമൺ വിത്ത് എ മൂവി ക്യാമറ എന്നീ ചിത്രങ്ങളാണ് മലയാള സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. അനശ്വര പ്രതിഭ ജി അരവിന്ദന്റെ കുമ്മാട്ടി റീഡിസ്‌കവറിങ് ദി ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ആറു വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ മത്സര വിഭാഗത്തിലെ നിഷിദ്ധോ, ആവാസ വ്യൂഹം എന്നീ ചിത്രങ്ങളും ഉൾപ്പെടുന്നു. 2020ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കള്ള നോട്ടം എന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനവും മേളയിലുണ്ട്. രാഹുൽ റിജി നായരാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
Post Your Comments