സൈബര്‍ തട്ടിപ്പിന് ഇരയായി ബോളിവുഡ് താരം സോനം കപൂറിന്റെ കുടുംബം. താരത്തിന്റെ ഭര്‍ത്തൃപിതാവ് ഹരീഷ് അഹൂജയാണ് 27 കോടി രൂപയുടെ സൈബര്‍ തട്ടിപ്പിന് ഇരയായത്. ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹരീഷ് അഹൂജയുടെ ഷാഹി എക്സ്പോര്‍ട്ട് ഫാക്ടറിയില്‍ നിന്ന് തട്ടിപ്പ് നടത്തിയ സംഘത്തെ ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 23നാണ് കേസുമായി ബന്ധപ്പെട്ട അവസാന അറസ്റ്റ് നടന്നതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സ്ഥാപനത്തിന് വേണ്ടിയുള്ള റിബേറ്റ് ഓഫ് സ്റ്റേറ്റ്, സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് ലെവീസ് ലൈസന്‍സുകള്‍ ദുരുപയോഗം ചെയ്തുകൊണ്ട് തട്ടിപ്പുകാര്‍ കബളിപ്പിച്ചതായും, ഡിജിറ്റല്‍ സിഗ്നേച്ചര്‍ സർട്ടിഫിക്കറ്റ് ഇവര്‍ വ്യാജമായി ഉണ്ടാക്കിയെന്നും പോലീസ് വെളിപ്പെടുത്തി.
ഡല്‍ഹി, മുംബൈ, ചെന്നൈ, കര്‍ണാടക എന്നിവയുള്‍പ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് മൊത്തം ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി സ്വദേശികളായ മനോജ് റാണ, മനീഷ് കുമാര്‍, പ്രവീണ്‍ കുമാര്‍, ലളിത് കുമാര്‍ ജെയ്ന്‍ എന്നിവരും മുംബൈ സ്വദേശി ഭൂഷണ്‍ കിഷന്‍ താക്കൂര്‍, ചെന്നൈ സ്വദേശി സുരേഷ് കുമാര്‍ ജെയ്ന്‍, കര്‍ണാടക സ്വദേശി ഗണേശ് പരശുറാം, മഹാരാഷ്ട്ര സ്വദേശി രാഹുല്‍ രഘുനാഥ്, പൂനെ സ്വദേശി സന്തോഷ് സീതാറാം എന്നിവരാണ് അറസ്റ്റിലായത്.
Post Your Comments