InterviewsLatest NewsNEWS

സംവിധായകര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ക്രെഡിറ്റ് കൊടുക്കുകയില്ല: ഭാഗ്യലക്ഷ്മി

ഡബ്ബിംഗിന് ആർട്ടിസ്റ്റായും, നടിയായും, സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ മിക്ക നടിമാര്‍ക്കും ശബ്ദം നൽകിയിട്ടുള്ള ഭാഗ്യലക്ഷ്മിക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന അവഗണനകളെക്കുറിച്ച് തുറന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയിൽ. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അര്‍ഹമായ അംഗീകരം ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ :

അറിയപ്പെടണം എന്നത് എന്റെ ഒരു വാശിയായിരുന്നു. സംവിധായകര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ക്രെഡിറ്റ് കൊടുക്കുകയില്ല. ഇപ്പോഴും അതങ്ങനെ തന്നെയാണ്. ചിലപ്പോള്‍ എനിക്ക് കിട്ടുന്നുണ്ടാകാം. അത് പക്ഷെ ഞാന്‍ ഈ ബഹളമുണ്ടാക്കി ബഹളമുണ്ടാക്കി പിടിച്ച് വാങ്ങുന്നതാണ്. അതല്ലാതെ എത്രയോ പേരുണ്ട്. പണ്ടൊക്കെ ഒരു സിനിമ നൂറ് ദിവസം ഓടിയില്‍ ഫങ്ഷന്‍ നിര്‍ബന്ധമായിരുന്നു. എല്ലാവര്‍ക്കും മൊമന്റോ കൊടുക്കും. അപ്പോഴും ഹീറോയ്ക്കും ഹീറോയിനും ഡബ്ബ് ചെയ്തവര്‍ക്ക് മാത്രം മൊമന്റോ കൊടുക്കും. എത്ര പേരുണ്ട് ബാക്കി. എനിക്കോര്‍മ്മയുണ്ട്. താളം തെറ്റിയ ഒരു താരാട്ട് എന്നൊരു സിനിമയുണ്ടായിരുന്നു. ചിത്രത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തത് സത്യകല എന്നൊരു നടിക്കായിരുന്നു. ഈ ചിത്രത്തിന്റെ നൂറാം ദിന പരിപാടിയ്ക്ക് നമ്മളോടൊക്കെ വരാന്‍ പറഞ്ഞിരുന്നു

എനിക്കന്ന് പതിനേഴ് വയസേയുള്ളൂ. എല്ലാവരും വരുന്നുണ്ടെന്നൊക്കെ പറഞ്ഞപ്പോള്‍ മഞ്ഞ നിറമുള്ള നേവി ബ്ലൂ ബോര്‍ഡറുള്ളൊരു പട്ടുപാവാടയൊക്കെ ഇട്ടാണ് ഞാന്‍ പോകുന്നത്. തലയില്‍ മുല്ലപ്പൂവൊക്കെ വച്ച് വളരെ സന്തോഷത്തിലാണ് പോകുന്നത്. അവിടെ ചെന്നപ്പോള്‍ എല്ലാവര്‍ക്കും കൊടുത്തു. പക്ഷെ എനിക്ക് തന്നില്ല. എനിക്ക് സങ്കടം വന്നു. അപമാനിക്കപ്പെട്ടത് പോലെ തോന്നി. കുറേ കഴിഞ്ഞ് പേര് വിളിച്ചിട്ട് കാശ് തന്നു. പക്ഷെ ഞാന്‍ ആ കാശ് അവിടെ തന്നെ കൊടുത്തു. എനിക്ക് വേണ്ട എന്ന് പറഞ്ഞ് വീട്ടിലേക്ക് പോന്നു. വീട്ടില്‍ വന്ന ശേഷം ഞാന്‍ ഒരുപാട് കരഞ്ഞു.

പിറ്റേ ദിവസം, ആ സിനിമയുടെ സംവിധായകന്‍ കൊച്ചിന്‍ ഹനീഫിക്ക വീട്ടില്‍ വന്നു. മൊമന്റുമായാണ് വന്നത്. ഞാന്‍ പറഞ്ഞു വേണ്ടാ, ഇങ്ങനെ രഹസ്യമായിട്ട് തരാനുള്ളതല്ലല്ലോ പരസ്യമായി തരുന്നതല്ലേ സന്തോഷം എന്ന്. അത് എന്നെ ഒരുപാട് വേദനിപ്പിച്ച ഓര്‍മ്മയാണ്. പറഞ്ഞാല്‍ വിശ്വസിക്കില്ല, അഞ്ച് വര്‍ഷം മുമ്പൊരു പരിപാടിയ്ക്കും എനിക്ക് മൊമന്റോയില്ലായിരുന്നു. ഭാഗ്യത്തിന് ഞാന്‍ പരിപാടിയ്ക്ക് പോയില്ല. ഞാന്‍ അവരെ വിളിച്ചു, നിങ്ങളൊരു പരിപാടി വച്ചല്ലോ പക്ഷെ ഡബ്ബ് ചെയ്ത എന്നെ എന്താ വിളിക്കാത്തതെന്ന് ചോദിച്ചു. അവര്‍ സോറി പറഞ്ഞു. പിറ്റേദിവസം സംവിധായകന്‍ മൊമന്റോയുമായി വീട്ടില്‍ വന്നു. അതൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്. ഒരു മാറ്റവുമില്ല. നമുക്ക് അവാര്‍ഡുണ്ട്, ഐഡി കാര്‍ഡുണ്ട്, ടൈറ്റിലുണ്ട് എന്ന് മാത്രം.

 

 

shortlink

Related Articles

Post Your Comments


Back to top button