Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNEWSSocial Media

അദ്ദേഹത്തിന്റെ ജീവനും ജീവിതവും ക്രിക്കറ്റ് ആയിരുന്നു: ശ്രീശാന്തിനെ കുറിച്ചുള്ള കുറിപ്പുമായി നടന്‍ വിവേക് ഗോപന്‍

മോശം പ്രകടനത്തെ ഓര്‍ത്ത് കരയുന്ന, നല്ല പ്രകടനങ്ങളില്‍ ആവേശത്തോടെ ആസ്വദിക്കുന്ന ശ്രീശാന്ത് ചിലരുടെ എങ്കിലും മനസ്സില്‍ അഹങ്കാരിയായിരുന്നെങ്കിലും അയാള്‍ക്ക് ക്രിക്കറ്റ് കേവലം ഒരു ഗെയിം ആയിരുന്നില്ല, പകരം പ്രാണവായു ആയിരുന്നുവെന്ന് നടന്‍ വിവേക് ഗോപന്‍.

വിവേക് ഗോപന്റെ വാക്കുകൾ :

അവന്‍ അഹങ്കാരിയാണ്, നിഷേധിയാണ്,ഓവര്‍ ആക്ടിങ് ആണ്…. അതെ ശ്രീശാന്തിന് ചിലരെങ്കിലും ഈ വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുക്കാന്‍ ശ്രെമിച്ചിട്ടുണ്ട്… പക്ഷേ ഒരു കാര്യം വ്യക്തമാണ് അവര്‍ക്കാര്‍ക്കും ശ്രീശാന്ത് എന്ന ക്രിക്കറ്ററെയോ ശ്രീശാന്ത് എന്ന വ്യക്തിയേയോ തെല്ലും അറിയില്ല എന്നുള്ളത്.. ഒരിക്കല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്റെ സ്വതസിദ്ധമായ ശൈലി വിട്ട് ശാന്തനായി കാണപ്പെട്ട ശ്രീശാന്തിനോട് സാക്ഷാല്‍ ക്രിക്കറ്റ് ദൈവം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ശ്രീശാന്തിന്റെ സ്ഥിരം ശൈലിയിലേക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടത് വെറുതെയല്ല…. കാരണം ശ്രീശാന്തിന്റെ ക്രിക്കറ്റിനോടുള്ള അര്‍പ്പണബോധത്തെ സച്ചിനും സുപരിചിതമാണ്..

ഇതേ അനുഭവങ്ങള്‍ വ്യക്തിപരമായി എനിക്കും ഉണ്ടായിട്ടുള്ളത് ഈ അവസരത്തില്‍ സ്മരിക്കുന്നു.. ഞാന്‍ ആദ്യമായി ശ്രീശാന്തിനെ പരിചയപ്പെടുന്നത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് തന്നെ.. തിരുവനന്തപുരം ജില്ലാ ടീമിനായി ഞാനും എറണാകുളത്തിനായി ശ്രീശാന്തും…തുടര്‍ന്നു കേരള ക്രിക്കറ്റിന്റെ സ്റ്റേറ്റ് ക്യാമ്പിലും സ്റ്റേറ്റ് ടീമിലുമായി ഈ സൗഹൃദം വളര്‍ന്നു.. അദ്ദേഹത്തിന്റെ ജീവനും ജീവിതവും ക്രിക്കറ്റ് ആയിരുന്നു.. ഇപ്പോഴും അങ്ങനെ തന്നെ…

നീണ്ട സൗഹൃദത്തിന് ഇടയില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സംഭവം ഉള്ളത്, കേരളവും തമിഴ്‌നാടും തമ്മില്‍ നടന്ന ഒരു മത്സരവേള.. തമിഴ്‌നാടിന്റെ 5 വിക്കറ്റ് പിഴുതെടുക്കാന്‍ എനിക്ക് കഴിഞ്ഞു.. എന്റെ ഓരോ വിക്കറ്റ് നേട്ടത്തെയും മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹത്തിന് നിര്‍ഭാഗ്യവശാല്‍ മുന്‍വര്‍ഷത്തെ ലീഡിങ് വിക്കറ്റ് ടേക്കര്‍ ആയിരുന്നിട്ടും പ്രതീക്ഷിച്ച പെര്‍ഫോമന്‍സ് കാഴ്ച വയ്ക്കാന്‍ സാധിച്ചില്ല… തിരികെ റൂമില്‍ എത്തിയ ശേഷം കുളിക്കാന്‍ തയ്യാറെടുത്ത എന്നോട് ആദ്യം അദ്ദേഹം കുളിക്കാം എന്ന് പറഞ്ഞുകൊണ്ട് കയ്യിലുള്ള ടേപ്പ് റെക്കോര്‍ഡര്‍ ഹൈ വോളിയത്തില്‍ വച്ച് തിരികെ കുളി കഴിഞ്ഞ് ഇറങ്ങുന്നത് വരെ സൗണ്ട് കുറയ്ക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കയറിപ്പോയി.. ഏറെ നേരമായിട്ടും കാണാതെ ബാത്റൂമിന്റെ ഡോറിന് സമീപം ചെന്ന ഞാന്‍ കേട്ടത് ടേപ്പ് റെക്കോര്‍ഡറില്‍ മുഴങ്ങി കേട്ട പാട്ടിന്റെ താളം ഏറ്റുപാടുന്ന ശ്രീശാന്തിന്റെ സ്വരം ആയിരുന്നില്ല.. മറിച്ച് മോശം പ്രകടനത്തെ ഓര്‍ത്തു ഉറക്കെ കരയുന്ന ശ്രീശാന്തിന്റെ സ്വരം.. എത്രത്തോളം അയാള്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു എന്ന് നേരിട്ട് ബോധ്യം വന്ന നിമിഷം.. ഈ കമ്മിറ്റ്‌റ്‌മെന്റ് ആണ് ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ എത്തിച്ചത്.. ഉയരങ്ങള്‍ കീഴടക്കാന്‍ പ്രാപ്തമാക്കിയത്..ട്വന്റി ട്വന്റി ലോകക്കപ്പില്‍ മുത്തമിട്ട ടീമില്‍ നിര്‍ണായക സ്ഥാനം വഹിക്കാന്‍ കഴിഞ്ഞത്..

മോശം പ്രകടനത്തെ ഓര്‍ത്ത് കരയുന്ന ശ്രീശാന്ത്, നല്ല പ്രകടനങ്ങളില്‍ ആവേശത്തോടെ ആസ്വദിക്കുന്ന ശ്രീശാന്ത് ചിലരുടെ എങ്കിലും മനസ്സില്‍ അഹങ്കാരിയായി തുടര്‍ന്നോട്ടെ.. പക്ഷേ അയാള്‍ക്ക് ക്രിക്കറ്റ് കേവലം ഒരു ഗെയിം ആയിരുന്നില്ല പകരം അയാളുടെ പ്രാണവായു ആയിരുന്നു… റിട്ടയേര്‍മെന്റ് കേവലം സാങ്കേതികം മാത്രമാണ്… കേരളത്തിന്റെ അഭിമാനമായ, ഓടിയടുത്തുകൊണ്ട് ഉള്ളം കയ്യില്‍ പന്തിനെ സുരക്ഷിതമായി കുടിയിരുത്തി ഇന്ത്യയ്ക്ക് 20-20ലോക കപ്പ് ഉള്‍പ്പെടെ സമ്മാനിച്ച ഇന്ത്യയുടെ ‘മുഖശ്രീ ‘ക്കു ആയുരാരോഗ്യ സൗഖ്യം നേരുന്നു…

shortlink

Related Articles

Post Your Comments


Back to top button