അമ്മ താര സംഘടനയുടെ വനിതാ ദിന പരിപാടിയില്‍ വച്ച് കെ. കെ. ശൈലജ എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.കെ രമ എം.എല്‍.എ. ശൈലജ ടീച്ചറുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും, നിരാശാജനകവുമാണെന്നാണ് രമ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
‘എന്തിനാണ് വര്‍ഷങ്ങളോളം സഹിച്ചിരിക്കുന്നത് ? ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പര്‍ശമോ ഉണ്ടായാല്‍ അപ്പോ പറയണം ഇവിടെ നിര്‍ത്തണമെന്ന്. ആ ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കണം.’ എന്നാണ് കെ.കെ. ശൈലജ പറഞ്ഞത്.
കെ.കെ. രമയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ യുടെ വേദിയില്‍ കെ.കെ.ശൈലജ ടീച്ചര്‍ എം എല്‍ എ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും, നിരാശ ജനകവുമാണ്. ‘എന്തിനാണ് വര്‍ഷങ്ങളോളം സഹിച്ചിരിക്കുന്നത് ? ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പര്‍ശമോ ഉണ്ടായാല്‍ അപ്പോ പറയണം ഇവിടെ നിര്‍ത്തണമെന്ന്. ആ ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കണം. ‘
ഞെട്ടലോടെയല്ലാതെ സാമൂഹ്യനീതിയെപ്പറ്റി സാമാന്യ ബോധമുള്ള ഒരാള്‍ക്കും ഈ വാചകങ്ങള്‍ കേട്ടു നില്‍ക്കാനാവില്ല. തങ്ങള്‍ക്ക് നേരെ നടക്കുന്ന നീതി നിഷേധങ്ങളും കടന്നാക്രമണങ്ങളും ഇങ്ങനെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും പറ്റുമായിരുന്നെങ്കില്‍ എന്തിനാണ് മനുഷ്യര്‍ സംഘടിക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്യുന്നത് ?എന്തിനാണ് നമുക്ക് നിയമങ്ങളും നീതി നിര്‍വ്വഹണ സംവിധാനങ്ങളും ?
കടന്നാക്രമണങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകള്‍ തന്നെയാണ് തങ്ങളനുഭവിക്കുന്ന ദുരന്തങ്ങളുടെയും ദുരിതങ്ങളുടേയും ഉത്തരവാദികള്‍ എന്നതാണ് ഈ വാക്കുകളുടെ ശരിയായ അര്‍ത്ഥം. എത്രയോ കാലമായി ആണധികാര പൊതുബോധം ഇതുതന്നെ ഇവിടെ പലതരത്തില്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് എം സി ജോസഫൈന്‍ തന്നെ വിളിച്ച സ്ത്രീയോട് പരുഷമായി പറഞ്ഞ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങള്‍ തന്നെയാണ് ഫലിതമെന്ന ഭാവേന ശൈലജ ടീച്ചറും ഉന്നയിച്ചത്.
നമ്മുടെ സ്ത്രീകള്‍ ഭൂരിഭാഗവും നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളേറെയും തങ്ങളുടെ ഏറ്റവും സമീപസ്ഥ പരിസരങ്ങളില്‍ നിന്നാണ് എന്ന് കാണാം. തങ്ങളേറ്റവും സുരക്ഷിതരായിരിക്കുമെന്ന് കരുതിയ, സ്‌നേഹവും വിശ്വാസവുമുള്ള ഇടങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന കടന്നാക്രമണങ്ങളില്‍ തകര്‍ന്നു പോകുമ്പോള്‍ എതിര്‍ക്കാനോ പിന്നീട് പരാതിപ്പെടാനോ ഉള്ള മനസാന്നിദ്ധ്യം പോലും പലര്‍ക്കുമുണ്ടാവില്ല. ഓരോരുത്തരുടെയും മനോബലമനുസരിച്ച് മിനിമം മന: സ്വാസ്ഥ്യത്തിലേക്ക് തിരിച്ചു വരാന്‍ തന്നെ ഏറെ സമയമെടുക്കും. ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലായാലും വാളയാര്‍ സംഭവത്തിലായാലും ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിലായാലും ഇങ്ങനെയൊരു സമയമുണ്ട്. സൂര്യനെല്ലി മുതല്‍ ചലച്ചിത്രനടി വരെയുളള പരാതി നല്‍കാനും നീതി തേടാനും തയ്യാറായ സ്ത്രീകളോട് നീതിപീഠങ്ങളും പൊതുബോധവും പെരുമാറിയതെങ്ങനെയാണ് ? എത്ര നിരാശജനകമായാണ് ഫ്രാങ്കോ കേസിന് പര്യവസാനമായത് ? രാഷ്ട്രീയ പാര്‍ട്ടികള്‍ക്കകത്ത് നേതാക്കന്മാരുടെ ഭാഗത്തു നിന്നുള്ള കടന്നാക്രമണങ്ങളെപ്പറ്റി പരാതി പറഞ്ഞ എത്ര പൊതുപ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് നീതി കിട്ടിയിട്ടുണ്ട് ?
പരാതി ഉന്നയിക്കാനും നിയമ പോരാട്ടം നടത്താനുമുള്ള സാമ്പത്തിക, സാമൂഹ്യ പിന്‍ബലവും അവബോധവും ആര്‍ജ്ജിക്കാന്‍ സാധിച്ചിട്ടില്ലാത്തവരുടെ എണ്ണം തന്നെയാണ് ലോകത്താകെയും കൂടുതല്‍. നമ്മുടെതു പോലെ വര്‍ഗ്ഗ / ജാതി / മതാത്മക വിഭജനവും നാടുവാഴിത്ത മൂല്യങ്ങള്‍ നടമാടുന്നതുമായ ഒരു സമൂഹത്തില്‍ താന്‍ അനുഭവിക്കുന്നതു ഒരു ചൂഷണമെന്ന് പോലും തിരിച്ചറിയാത്ത നിരവധി നിശ്ശബ്ദ ജീവിതങ്ങളുള്ള ഒരു സാമൂഹ്യഘടനയെ ഫലിതവിഷയമായി തോന്നിക്കുന്നത് ഏത് മാര്‍ക്‌സിസ്റ്റ് പാഠശാലയാണ് ?
സ്ത്രീ പീഡകരെ കമ്മറ്റികളില്‍ അരിയിട്ടു വാഴിക്കുന്ന, പരാതി ഉന്നയിച്ച വനിതാ സഖാക്കളെ നിശ്ശബ്ദരാക്കി പുറം തള്ളുന്ന, കൂടുതല്‍ സ്ത്രീകള്‍ കമ്മറ്റിയില്‍ വന്നാല്‍ സംഘടന പൊളിയുമെന്ന് ഫലിതം പറയുന്ന ഒരു സംഘടനാ സംവിധാനത്തില്‍ തിരുത്തല്‍ ശക്തിയാവാന്‍ കഴിയില്ല എന്ന് മാത്രമല്ല, ആ ആണഹന്തയെ പിന്തുണക്കുന്നവര്‍ക്കേ നിലനില്പുളളൂ എന്നാണ് ഇത്തരം പ്രസ്താവനകള്‍ തെളിയിക്കുന്നത്.
Post Your Comments